കൊച്ചി: വളർത്തു നായകളെ കാണാതെ വന്നാൽ പലരും ആദ്യം കുറച്ച് ദിവസം അവയ്ക്കായി ഒന്നു തിരച്ചിൽ നടത്തും. പിന്നെ പോട്ടേ എന്നു വയ്ക്കും, അതാണ് പതിവ്. എന്നാൽ ഇവർക്കിടയിൽ വ്യത്യസ്തനാവുകയാണ് മൃഗസ്‌നേഹിയായ പാലാരിവട്ടം സ്വദേശി ഡോക്ടർ ആനന്ദ് ഗോപിനാഥ്. കാണാതെ പോയ കോംബായ് ഇനത്തിൽപ്പെട്ട തന്റെ നായയെ കണ്ടെത്താൻ രണ്ടര ലക്ഷം രൂപ മുടക്കി പത്രപരസ്യം നൽകിയിരിക്കുകയാണ് ഇദ്ദേഹം. കൊംബായ് ഇനത്തിൽ പെട്ട മാംഗോ എന്നു പേരുള്ള നായയെയാണു കാണാതെ പോയത്.

25,000 രൂപയിൽ താഴെ വില വരുന്ന അഞ്ചു മാസം പ്രായമുള്ള പട്ടിക്കുട്ടിയായിരുന്നു കോംബായ്. നായയെ തിരികെ എത്തിച്ചു നൽകുന്നവർക്ക് സമ്മാനമായി ഒരു ലക്ഷം രൂപയും ഈ ഡോക്ടർ പ്രഖ്യാപിച്ചിട്ടുണ്ട്. മലയാള മനോരമ പത്രത്തിലാണ് അഞ്ചു മാസം പ്രായമുള്ള നായയെ കാണാതെ പോയെന്നു പരസ്യം നൽകിയിരിക്കുന്നത്. മുഴുവൻ കേരള എഡിഷനിലും പരസ്യം നൽകിയിട്ടുണ്ട്. പാലാരിവട്ടം നേതാജി റോഡിൽനിന്നു കാണാതെ പോയ നായയ്ക്കായാണ് കേരളം മുഴുവനും പത്ര പരസ്യം ഡോക്ടർ നൽകിയത്. പരസ്യ നിരക്കു മാത്രം രണ്ടരലക്ഷം രൂപ വരും.

ഒന്നാം പേജിൽ വലിയ പരസ്യം നൽകാൻ എന്തു ചെലവു വരുമെന്നു ചോദിച്ചാണ് ഡോക്ടർ പത്ര ഓഫിസിലെത്തിയത്. എട്ടു ലക്ഷം രൂപയെങ്കിലും ആകുമെന്നു പറഞ്ഞപ്പോൾ ഡോക്ടർ അതിനും തയാർ. ഒടുവിൽ കുറച്ചു കൂടി ചെലവു ചുരുക്കി ഉൾപ്പേജിൽ മുഴുവൻ കേരള എഡിഷനിലും പരസ്യം നൽകുകയായിരുന്നു. തമിഴ്‌നാട്ടിൽ നിന്നുള്ള കൊംബായ് ഇനത്തിൽ പെട്ട രണ്ടു നായക്കുട്ടികളെ രണ്ടു മാസം മുമ്പാണ് ഡോക്ടർ പണം കൊടുത്തു വാങ്ങിയത്. ഇതിൽ ഒന്നിനെയാണ് അവിചാരിതമായി നഷ്ടമായത്. ഇടയ്‌ക്കെപ്പോഴോ വീടിന്റെ ഗേറ്റ് തുറന്നു കിടന്നപ്പോൾ പുറത്തേയ്ക്കു പോയതാകാമെന്നാണ് കരുതുന്നത്. നായക്കുട്ടിയെ കണ്ട് ഇഷ്ടപ്പെട്ട് ആരെങ്കിലും എടുത്തുകൊണ്ടു പോയതാണോ എന്നും സംശയിക്കുന്നുണ്ട്.

നായയെ കണ്ടു കിട്ടുന്നവർ തിരികെ തരണമെന്ന് ആവശ്യപ്പെട്ട് ഇതിനകം ഡോക്ടർ സമൂഹമാധ്യമങ്ങളിൽ പരസ്യം നൽകിയിരുന്നു. ഇത് ഫലം കാണാതെ വന്നതോടെയാണ് പത്രപ്പരസ്യം എന്ന ചിന്തയിലേയ്ക്കു വന്നത്. ഇളം ചാരനിറമുള്ള ചാരക്കണ്ണുള്ള സുന്ദരനാണ് മാംഗോ. നായകളോടു തനിക്കു പ്രത്യേക ഇഷ്ടമാണെന്നു ഡോക്ടർ പറയുന്നു. കുറച്ചു നാൾ മുമ്പ് കണ്ടെയ്‌നർ റോഡിൽ പരുക്കേറ്റു കിടുന്ന നാടൻ പട്ടിയെ എടുത്തു കൊണ്ടു വന്നു പരിചരിച്ച് ആരോഗ്യവാനാക്കിയിട്ടുണ്ട്. കൂടപ്പിറപ്പുകളോ കാര്യമായി സുഹൃത്തുക്കളോ ഇല്ലാത്ത ഡോക്ടർക്കു നായകളോടു പ്രത്യേക സ്‌നേഹമാണെന്നു പരിസരവാസികളും പറയുന്നു.

നായകൾ പുറത്തു പോകാനും അയൽവാസികൾക്കു ശല്യമാകാതിരിക്കാനും ഡോക്ടർ പ്രത്യേകം ശ്രദ്ധിക്കുന്നുണ്ട്. ആളുകളെ കണ്ടു കുരച്ചു ബഹളം ഒഴിവാക്കാൻ ഉയർന്ന മതിലും ഗേറ്റുമാണു പണിതിട്ടുള്ളത്. ഡോക്ടറുടെ ക്ലിനിക്കിൽ ചികിത്സ തേടി എത്തുന്ന രോഗികൾക്ക് ശല്യമുണ്ടാകാതിരിക്കാനും പ്രത്യേകം ശ്രദ്ധിക്കുന്നുണ്ട്. എന്നിട്ടും നായ ഗേറ്റിലൂടെ പുറത്തു കടക്കുകയായിരുന്നു. തമിഴ്‌നാട്ടിലെ തേനി ജില്ലയിൽ കൊംബായ് എന്ന സ്ഥലത്തു നിന്നുള്ള നായ ആയതിനാലാണ് ഈ പേരു ലഭിച്ചത്.