- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അഗ്‌നിപഥിനെതിരെ ഉത്തരേന്ത്യയെ പൊള്ളിച്ച പ്രതിഷേധാഗ്‌നി തെക്കേ ഇന്ത്യയിലേക്കും; വിവിധ സംസ്ഥാനങ്ങളിൽ അക്രമ സംഭവങ്ങൾ; ട്രെയിനുകൾക്ക് തീയിട്ടു; ബിഹാറിൽ ശനിയാഴ്ച ബന്ദ്, 12 ജില്ലകളിൽ ഇന്റർനെറ്റ് വിച്ഛേദിച്ചു; തെലങ്കാനയിൽ ഒരു മരണം; പദ്ധതിയുമായി മുന്നോട്ടെന്ന് കേന്ദ്ര സർക്കാർ
ന്യൂഡൽഹി: സൈന്യത്തിൽ നാല് വർഷത്തെ ഹ്രസ്വനിയമനത്തിനു കേന്ദ്രസർക്കാർ പ്രഖ്യാപിച്ച പദ്ധതിയായ അഗ്‌നിപഥിനെതിരെ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ തുടങ്ങിയ പ്രതിഷേധം മൂന്നാം നാളിലേക്കെത്തിയപ്പോൾ തെക്കേ ഇന്ത്യയിലും കനക്കുന്നു. പ്രതിഷേധത്തിന്റെ മൂന്നാം നാൾ പലയിടത്തും അക്രമ സംഭവങ്ങൾ അരങ്ങേറി. ബിഹാറിലും ഉത്തർപ്രദേശിലും ആളിക്കത്തിയ പ്രതിഷേധം ഡൽഹിയിലും തെലങ്കാനയിലുമടക്കം അണയാതെ കത്തുകയാണ്.
ഉത്തർപ്രദേശ്, ബിഹാർ, തെലങ്കാന, മധ്യപ്രദേശ് എന്നിവിടങ്ങളിൽ ട്രെയിനുകൾക്ക് പ്രതിഷേധക്കാർ തീയിട്ടു. രാജ്യത്തെ മുന്നൂറിലധികം തീവണ്ടി സർവീസുകളെ ബാധിച്ചിട്ടുണ്ട് പ്രതിഷേധം. പലയിടത്തും പൊലീസിന് പ്രതിഷേധക്കാർക്ക് നേരെ വെടിയുതിർക്കേണ്ടി വന്നു. ബിഹാറിൽ ശനിയാഴ്ച വിദ്യാർത്ഥി സംഘടനകൾ ബന്ദിന് ആഹ്വാനം ചെയ്തിട്ടുണ്ട്. സംസ്ഥാനത്തെ 12 ജില്ലകളിൽ ഇന്റർനെറ്റ് കണക്ഷൻ ഞായറാഴ്ച വരെ വിച്ഛേദിച്ചിട്ടുണ്ട്. 316 ട്രെയിനുകളാണ് രാജ്യവ്യാപകമായി റദ്ദാക്കുകയോ വഴിതിരിച്ചുവിടുകയോ ചെയ്തിരുന്നു.
രാജ്യത്തെ പത്ത് സംസ്ഥാനങ്ങളിലേക്ക് അഗ്‌നിപഥ് പ്രതിഷേധാഗ്‌നി പടരുമ്പോഴും പദ്ധതിയുമായി മുന്നോട്ടെന്ന പ്രഖ്യാപനമാണ് കേന്ദ്ര സർക്കാരിന്റെ ഭാഗത്ത് നിന്ന് ഉണ്ടായത്. രണ്ട് ദിവസത്തിനുള്ളിൽ അഗ്‌നിപഥ് പദ്ധതിയിൽ റിക്രൂട്ട്‌മെന്റിനുള്ള വിജ്ഞാപനം പുറത്തിറങ്ങുമെന്ന് കരസേന മേധാവി വ്യക്തമാക്കി. ഈ വർഷം ഡിസംബറോടെ പരിശീലനം തുടങ്ങുമെന്നും ജനറൽ പാണ്ഡെ പറഞ്ഞു. 2023 പകുതിയോടെ ഇവർ സേനയിൽ പ്രവർത്തനം ആരംഭിക്കുമെന്നും അദ്ദേഹം അറിയിച്ചു.
പദ്ധതി ഇന്ത്യയിലെ യുവാക്കൾക്ക് വലിയ അവസരമാണെന്നായിരുന്നു വിദേശകാര്യ മന്ത്രി ജയശങ്കർ ട്വീറ്റ് ചെയ്തത്. പ്രധാനമന്ത്രി അഗ്‌നിവീർ അംഗങ്ങളുടെ പ്രായപരിധി ഉയർത്തിയതോടെ കോവിഡ് മഹാമാരിയിൽ ഇനി ഈ സ്വപ്നം യാഥാർത്ഥ്യമാകില്ലെന്ന് കരുതിയ പലർക്കും സൈന്യത്തിന്റെ ഭാഗമാകാമെന്നും അദ്ദേഹം ട്വീറ്റിൽ പറഞ്ഞു.
രാജ്യത്തെ യുവാക്കൾക്ക് സായുധ സേനയിൽ ചേരാനും അവരുടെ മാതൃരാജ്യത്തെ സേവിക്കാനുമുള്ള സുവർണാവസരമാണ് 'അഗ്‌നിപഥ്' പദ്ധതിയെന്നു പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് പറഞ്ഞു. കഴിഞ്ഞ രണ്ടു വർഷമായി റിക്രൂട്ട്മെന്റ് നടപടികൾ നടക്കാത്തതിനാൽ നിരവധി യുവാക്കൾക്കു സായുധ സേനയിൽ ചേരാൻ അവസരം ലഭിച്ചിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. ജമ്മു കശ്മീരിൽ രണ്ട് ദിവസത്തെ സന്ദർശനത്തിനിടെയാണ് പ്രതിരോധ മന്ത്രിയുടെ പ്രതികരണം.
'യുവാക്കളുടെ ഭാവി കണക്കിലെടുത്ത്, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിർദേശപ്രകാരം 2022 ലെ റിക്രൂട്ട്മെന്റ് പരിപാടിയിൽ 'അഗ്‌നിവീർ'കളുടെ റിക്രൂട്ട്മെന്റിനുള്ള പ്രായപരിധി 21 വയസ്സിൽ നിന്ന് 23 വയസ്സായി ഉയർത്തി. സർക്കാരിന് നമ്മുടെ യുവാക്കളുടെ മേൽ കരുതൽ ഉണ്ടെന്നാണ് പ്രായപരിധിയിലെ ഇളവ് സൂചിപ്പിക്കുന്നത്. റിക്രൂട്ട്മെന്റ് നടപടികൾ വേഗത്തിലാക്കാൻ സൈനിക കാര്യ വകുപ്പും പ്രതിരോധ സേവന മന്ത്രാലയവും പ്രതിജ്ഞാബദ്ധമാണ്.'രാജ്‌നാഥ് സിങ് പറഞ്ഞു. അഗ്‌നിപഥിലൂടെ സായുധ സേനയിൽ ചേരാനും രാജ്യത്തെ സേവിക്കാനും അദ്ദേഹം യുവാക്കളെ ക്ഷണിച്ചു.
അണയാതെ രാജ്യവ്യാപക പ്രതിഷേധം
അഗ്‌നിപഥ് റിക്രൂട്ട്മെന്റുമായി മുന്നോട്ട് പോകാനുള്ള കേന്ദ്ര സർക്കാരിന്റെ തീരുമാനത്തെ തുടർന്നാണ് പ്രതിഷേധം വ്യാപകമായത്. ഓരോ ദിവസവും പ്രതിഷേധം കൂടുതൽ കലുഷിതമാകുന്ന കാഴ്ചയാണ് ഉത്തരേന്ത്യയിൽ ദൃശ്യമാകുന്നത്. തെലങ്കാനയിലും ട്രെയിനിന് തീയിട്ടതോടെ പ്രതിഷേധം ദക്ഷിണേന്ത്യയിലേക്കും വ്യാപിച്ചു. ഇപ്പോഴത്തെ പ്രശ്നത്തിന് കാരണം കേന്ദ്രത്തിന്റെ നയമാണെന്ന് ആരോപിച്ച് പ്രതിപക്ഷ പാർട്ടികളും രംഗത്ത് വന്നു. പാർലമെന്റിൽ പോലും ചർച്ച ചെയ്യാതെ ഏകപക്ഷീയമായ തീരുമാനമാണ് സർക്കാർ കൈക്കൊണ്ടതെന്ന വിമർശനവും പ്രതിപക്ഷ കക്ഷികൾ ഉന്നയിക്കുന്നു.
യുപിയിൽ പൊലീസ് സ്റ്റേഷൻ ആക്രമിച്ച് തീയിടുന്ന നിലയിലേക്കായിരുന്നു പ്രതിഷേധം കത്തിയത്. ബിഹാറിൽ ട്രെയിനുകൾ പ്രതിഷേധക്കാർ കത്തിച്ചു. ബിഹാർ ഉപമുഖ്യമന്ത്രി രേണുദേവിയുടെയും ബിജെപി സംസ്ഥാന അധ്യക്ഷന്റെയും വീടിന് നേരെയും ആക്രമണം ഉണ്ടായി. സംസ്ഥാനത്ത് നാളെ ബന്ദിനും ആഹ്വാനമുണ്ട്. തെലങ്കാനയിലാകട്ടെ സെക്കന്തരാബാദ് റെയിൽവേ സ്റ്റേഷനിലെ പ്രതിഷേധക്കാരെ പിരിച്ചുവിടാൻ പൊലീസ് നടത്തിയ വെടിവയ്‌പ്പിൽ ഒരാൾ മരണപ്പെട്ടന്ന വാർത്തകളാണ് പുറത്തുവരുന്നത്.
രാജ്യത്ത് ഏറ്റവും ആദ്യവും ശക്തവുമായ പ്രതിഷേധമുയർന്നത് ബിഹാറിലായിരുന്നു. ഇവിടെ മൂന്നാം നാൾ അക്ഷരാർത്ഥത്തിൽ യുദ്ധക്കളമാകുന്ന സാഹചര്യമായിരുന്നു. സംസ്ഥാനത്ത് അഞ്ച് ട്രെയിനുകളാണ് പ്രതിഷേധക്കാർ കത്തിച്ചത്. ഉപമുഖ്യമന്ത്രി രേണുദേവിയുടെയും ബിജെപി സംസ്ഥാന അധ്യക്ഷന്റെയും വീടിന് നേരെയും പ്രതിഷേധക്കാർ അക്രമം അഴിച്ചുവിട്ടു. ബിഹാറിലെ മഥേപുരിയൽ ബിജെപി ഓഫീസിൽ പ്രതിഷേധക്കാർ തീയിട്ടു. പൊലീസും സമരക്കാരും പലയിടത്തും ഏറ്റുമുട്ടുകയും ചെയ്തു.
പ്രതിഷേധത്തിന്റെ മൂന്നാം നാൾ യു പിയിൽ പരക്കെ അക്രമസംഭവങ്ങളുണ്ടായി. അലിഗഡിലെ ജട്ടാരി പൊലീസ് സ്റ്റേഷൻ പ്രതിഷേധക്കാർ തീയിട്ടു. പൊലീസ് വാഹനവും ഇവർ കത്തിച്ചു. റെയിൽട്രാക്ക് ഉപരോധിച്ച് പലയിടത്തും അക്രമം നടത്തി. ട്രെയിനുകൾക്ക് നേരെ കല്ലെറിയൽ സംഭവങ്ങളും അരങ്ങേറി.
തെലങ്കാനയിൽ ഇതിനകം അതിശക്തമായ പ്രതിഷേധം ഉയർന്നുകഴിഞ്ഞു. സെക്കന്തരാബാദ് റെയിൽവേ സ്റ്റേഷനിൽ യുവാക്കളുടെ പ്രതിഷേധം അനിഷ്ട സംഭവങ്ങൾക്കും വെടിവെപ്പിനും ഒരാളുടെ ജീവൻ നഷ്ടപ്പെടുന്ന നിലയിലേക്കും എത്തി. പതിനഞ്ച് പേർക്ക് ഇവിടെ പരിക്കേറ്റിട്ടുണ്ട്. മൂന്ന് ട്രെയിനുകൾക്ക് പ്രതിഷേധക്കാർ തീയിട്ടു. ബസുകൾക്കും ട്രെയിനുകൾക്കും നേരെ കല്ലേറുണ്ടായി. സംഘടനകളുടെ പിൻബലമില്ലാതെ യുവാക്കൾ തന്നെ സംഘടിച്ച് എത്തിയാണ് പ്രതിഷേധിക്കുന്നത്. ഹൈദരാബാദിലും ആന്ധ്രയിലും വ്യാപക പ്രതിഷേധങ്ങൾക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പുണ്ട്. കൂടുതൽ പ്രതിഷേധ സാധ്യത കണക്കിലെടുത്ത് ഹൈദരാബാദിൽ ജാഗ്രത തുടരുകയാണ്. ഹൈദരാബാദ് റെയിൽവേസ്റ്റേഷനിൽ സുരക്ഷ വർധിപ്പിക്കുകയും ചെയ്തിട്ടുണ്ട്.
തെരുവിലിറങ്ങിയ പ്രതിഷേധക്കാരെ നിയന്ത്രിക്കാൻ പലയിടത്തും പൊലീസും സുരക്ഷാ സേനയും നന്നേ പാടുപെട്ടു. പത്ത് സംസ്ഥാനങ്ങളിൽ പ്രതിഷേധം തെരുവ് യുദ്ധമായി മാറി. ബസുകൾക്ക് തീയിട്ടും പൊതുമുതൽ നശിപ്പിച്ചുമാണ് പ്രതിഷേധമാണ് തുടരുന്നത്. എന്നാൽ പദ്ധതിയുമായി മുന്നോട്ട് പോകുമെന്നാണ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങും ആവർത്തിച്ച് പറയുന്നത്. സൈന്യത്തെ യുവത്വവത്കരിക്കുന്നതിന്റെ ഭാഗമാണെന്നാണ് സേനാ മേധാവികൾ അഭിപ്രായപ്പെടുന്നത്.
പദ്ധതിയുമായി മുന്നോട്ട് പോകുമെന്ന് കേന്ദ്ര സർക്കാർ തന്നെ പറയുമ്പോഴും എൻഡിഎക്ക് ഉള്ളിൽ നിന്ന് തന്നെ എതിർപ്പ് ശക്തമാണ്. ബിഹാറിൽ നാളെ നടക്കുന്ന ബന്ദിന് എൻഡിഎ സഖ്യകക്ഷിയ ഹിന്ദുസ്ഥാൻ അവാമി മോർച്ച നേതാവ് ജിതൻ റാം മാഞ്ചി പിന്തുണ പ്രഖ്യാപിച്ചു. രാജ്യത്തിനും രാജ്യതാത്പര്യത്തിനും ഒപ്പമാണെങ്കിലും യുവാക്കളുടെ വികാരം കാണാതിരിക്കാൻ കഴിയില്ലെന്നാണ് മാഞ്ചി പറയുന്നത്. അക്രമ സംഭവങ്ങളെ പിന്തുണയ്ക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രതിഷേധങ്ങൾ തുടരുന്ന സാഹചര്യത്തിൽ ഹരിയാനയിലും ഇന്റർനെറ്റ് സൗകര്യങ്ങൾ വിച്ഛേദിച്ചിട്ടുണ്ട്. ഡൽഹിയിലും പ്രതിഷേധക്കാർക്കെതിരെ കേസെടുത്തിട്ടുണ്ട്. അതേസമയം പ്രതിഷേധങ്ങൾ തുടരുന്നതിനിടെയും അഗ്‌നിപഥ് പദ്ധതി വഴി റിക്രൂട്ട്മെന്റ് നടത്താനൊരുങ്ങുകയാണ് വ്യോമസേന. ജൂൺ 24നാണ് അഗ്‌നിപഥിന്റെ ഭാഗമായുള്ള ആദ്യ റിക്രൂട്ട്മെന്റ് നടക്കുക.
അതേസമയം അഗ്‌നിപഥ് പദ്ധതിയെ കുറിച്ച് തെറ്റായ പ്രചാരണങ്ങൾ നടക്കുന്നുണ്ടെന്നും അത്തരം കാര്യങ്ങളിൽ സംസ്ഥാനങ്ങളും കേന്ദ്ര ഭരണ പ്രദേശങ്ങളും പ്രത്യേക ജാഗ്രത പുലർത്തണമെന്നും കേന്ദ്ര ഏജൻസികൾ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. തെറ്റായ പ്രചാരണങ്ങൾ നടത്തിയും പ്രതിഷേധങ്ങൾ അരങ്ങേറുന്ന സംസ്ഥാനങ്ങളുടെ ക്രമസമാധാന നില തെറ്റിക്കാനും കൂടുതൽ ശ്രമങ്ങൾ ഉണ്ടാകുമെന്നും മുന്നറിയിപ്പിൽ പറയുന്നു.
മറുനാടന് മലയാളി ബ്യൂറോ