- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലോക കേരളസഭയിലേക്കെത്തി അനിത പുല്ലയിൽ; മാധ്യമങ്ങൾ തിരിച്ചറിഞ്ഞതോടെ നിയമസഭ സമുച്ഛയത്തിൽ നിന്നും പുറത്താക്കി വാച്ച് ആൻഡ് വാർഡ്; ക്ഷണിക്കപ്പെട്ട പ്രതിനിധികളുടെ പട്ടികയിൽ ഇല്ലെന്ന് നോർക്ക
തിരുവനന്തപുരം: ലോക കേരള സഭാ നടന്ന നിയമസഭ സമുച്ഛയത്തിലെത്തിയ വ്യാജ പുരാവസ്തു തട്ടിപ്പു കേസ് പ്രതി മോൻസൻ മാവുങ്കലിന്റെ സുഹൃത്ത് അനിത പുല്ലയിലിനെ പുറത്താക്കി. മോൺസൻ മാവുങ്കൽ കേസിലെ ഇടനിലക്കാരിയെന്ന നിലയിൽ നേരത്തെ അനിത പുല്ലയിൽ വിവാദങ്ങളിൽ ഇടം നേടിയിരുന്നു. മാധ്യമങ്ങൾ ഇവരുടെ സാന്നിദ്ധ്യം തിരിച്ചറിഞ്ഞതിന് പിന്നാലെയാണ് സഭ ടിവിയുടെ ഓഫിസ് മുറിയിലെത്തിയ അനിതയെ വാച്ച് ആൻഡ് വാർഡ് പുറത്തേക്ക് മാറ്റിയത്.
അതേസമയം ലോക കേരള സഭയിലേക്ക് ക്ഷണിക്കപ്പെട്ട പ്രതിനിധികളുടെ പട്ടികയിൽ അനിത പുല്ലയിൽ ഇല്ലെന്ന് നോർക്ക വ്യക്തമാക്കി. നിയമസഭാ സമുച്ചയത്തിൽ പ്രവർത്തിക്കുന്ന സഭാ ടിവിയുടെ ഓഫീസിലാണ് അനിത പുല്ലയിൽ ഉണ്ടായിരുന്നത്.
ഇറ്റലിയിൽ നിന്നുള്ള പ്രതിനിധിയായിട്ടാണ് നേരത്തെ അനിത ലോക കേരള സഭയിൽ അംഗമായത്. മോൻസൻ മാവുങ്കൽ കേസുമായി ബന്ധപ്പെട്ട് പിന്നീട് അവരെ പ്രതിനിധി പട്ടികയിൽ നിന്ന് ഒഴിവാക്കിയിരുന്നു. എന്നാൽ, തിരുവനന്തപുരത്ത് എത്തിയ ഇവർ കഴിഞ്ഞ ദിവസവും നിയമസഭാ സമുച്ചയത്തിൽ എത്തിയിരുന്നു.
നിയമസഭയ്ക്ക് അകത്തെ ശങ്കരൻ നാരായണൻ തമ്പി ഹാളിന് പുറത്ത് അനിത പുല്ലയിൽ സജീവമായി ഉണ്ടായിരുന്നു. ലോക കേരള സഭയ്ക്ക് എത്തിയ പ്രവാസി വ്യവസായികൾക്കും പ്രതിനിധികൾക്കും ഒപ്പം ചിത്രമെടുക്കാനും അനിത മുന്നിൽ നിന്നിരുന്നു.
ഇന്നും ഇവരുടെ സാന്നിധ്യം ശ്രദ്ധയിൽപ്പെട്ടതോടെ ഐഡി കാർഡ് കൈവശമുള്ള ക്ഷണിക്കപ്പെട്ട പ്രതിനിധികളെ മാത്രം സമ്മേളനം നടക്കുന്ന ഹാളിലേക്ക് പ്രവേശിപ്പിച്ചാൽ മതിയെന്ന ശക്തമായ തീരുമാനത്തിലേക്ക് പ്രോട്ടോക്കോൾ വിഭാഗവും നോർക്കാ അധികൃതരും മാറിയിരുന്നു.
ഐഡി കാർഡ് പരിശോധിച്ച് മാത്രമാണ് ഇന്ന് പ്രതിനിധികളെ കയറ്റി വിട്ടത്. ഇക്കാര്യത്തിൽ അധികൃതർ വേണ്ട കരുതൽ സ്വീകരിക്കുകയായിരുന്നു. സഭാ ടി.വിയുടെ ഓഫീസിൽ ഇരിക്കുമ്പോഴാണ് അനിത പുല്ലയിലിനെ ശ്രദ്ധിക്കുന്നത്. ഈ സമയം ചാനൽ ക്യാമറകൾ ഇവരുടെ ദൃശ്യങ്ങൾ ചിത്രീകരിക്കുന്നതിനിടെ വാച്ച് ആൻഡ് വാർഡ് എത്തി അനിത പുല്ലയിലിനെ പുറത്താക്കുകയായിരുന്നു.
ഔദ്യോഗിക പ്രതിനിധിയായല്ലെന്നും സ്വന്തം നിലയിൽ സന്ദർശകയായി മാത്രമാണ് ലോകകേരള സഭയ്ക്ക് വന്നതെന്നും അനിത പുല്ലയിൽ മാധ്യമപ്രവർത്തകരോട് അനൗദ്യോഗികമായി പ്രതികരിച്ചു.
വിഷയത്തിൽ ഇപ്പോൾ പ്രതികരിക്കുന്നില്ലെന്നും പിന്നീട് പ്രതികരിക്കാമെന്നും അനിത പുല്ലയിൽ മാധ്യമങ്ങളോട് പറഞ്ഞു. പ്രവാസിയായ അനിത പുല്ലയിൽ മുൻപ് ലോക കേരളസഭയിൽ പങ്കെടുത്തിട്ടുണ്ട്. എന്നാൽ ഇത്തവണ ഔദ്യോഗികമായി ക്ഷണിച്ചിരുന്നില്ല.
പുരാവസ്തു തട്ടിപ്പ് കേസിൽ ഇവരുടെ മൊഴി ക്രൈംബ്രാഞ്ച് രേഖപ്പെടുത്തിയിരുന്നു. പ്രവാസി മലയാളി ഫെഡറേഷൻ അംഗമായ അനിതാ പുല്ലയിലിന് മോൻസൺ മാവുങ്കലുമായി അടുത്ത സൗഹൃദം ഉണ്ടായിരുന്നു. ഇവർ തമ്മിൽ ഉണ്ടായിരുന്ന സാമ്പത്തിക ഇടപാടുകളെക്കുറിച്ച് ആണ് അന്വേഷണസംഘം ചോദിച്ചറിഞ്ഞത്.
തൃശൂർ മാള സ്വദേശിയായ അനിത 23 വർഷമായി ഇറ്റലിയിലാണ് താമസം. പ്രവാസി മലയാളി ഫെഡറേഷൻ (പിഎംഎഫ്) ഗ്ലോബൽ വനിത കോഓർഡിനേറ്ററാണ്. ജർമനിയിൽനിന്നാണ് അനിത ലോകകേരള സഭയിലെത്തിയത്. എന്നാൽ ജർമനിയിൽ നിന്നുള്ള അതിഥികളുടെ പട്ടികയിൽ ഇവരില്ല.
മോൻസൺ മാവുങ്കലിനെ മൂന്നു വർഷമായി പരിചയമുണ്ടെന്നും മുൻ ഡിജിപി ലോക്‌നാഥ് ബെഹ്റ തന്ന മുന്നറിയിപ്പിന് പിന്നാലെയാണ് മോൻസണെ സംശയിക്കാൻ തുടങ്ങിയതെന്നുമായിരുന്നു അനിതയുടെ വെളിപ്പെടുത്തലുകൾ.
മറുനാടന് മലയാളി ബ്യൂറോ