ന്ത്യയിലെ എന്നല്ല ലോകത്തിലെ തന്നെ ഏറ്റവും വലിയ കോടീശ്വരന്മാരിൽ ഒരാളാണ് മുകേഷ് അംബാനി. ലോകമെമ്പാടും ബിസിനസ് ശൃംഖലയുള്ളയാളാണ് അദ്ദേഹം. അതുകൊണ്ട് തന്നെ അദ്ദേഹവുമായി ബന്ധപ്പെട്ടിട്ടുള്ള ഓരോരുത്തരും അതുപോലെ യോഗ്യതയുള്ളവരാണ്. അംബാനിയുടെ കാറിന്റെ ഡ്രൈവറാകണമെങ്കിൽ പോലും അതിനും വേണം ഒരു യോഗം. അംബാനിക്കുള്ളതെല്ലാം അത്യാഡംബര വാഹനങ്ങളാണ്. ചില പ്രമുഖ കമ്പനികൾ അംബാനിക്ക് വേണ്ടി മാത്രമായും വാഹനങ്ങൾ നിർമ്മിച്ചിട്ടുണ്ട്. ലോകത്തെ തന്നെ മികച്ച ഡ്രൈവർമാരാണ് അംബാനിയുടെ വാഹനം ഓടിക്കുന്നത്.

നൂറോളം ആഡംബര വാഹനങ്ങളാണ് അംബാനിക്കുള്ളത്. ഈ വാഹനങ്ങൾക്കെല്ലാം വേണ്ടി മികച്ച ഡ്രൈവർമാരെ നൽകുന്നത് ഒരു സ്വകാര്യ കമ്പനിയാണ്. ഏതാണ്ട് രണ്ട് ലക്ഷത്തോളം രൂപയാണ് അംബാനിയുടെ ഡ്രൈവർമാരുടെ പ്രതിമാസ ശമ്പളം. മാത്രമല്ല ശമ്പളത്തിനു പുറമേ സൗജന്യ താമസവും ഭക്ഷണവും ഇവർക്ക് ലഭിക്കും. ഇവിടെയും തീരുന്നില്ല, അംബാനിയുടെ ഡ്രൈവർമാർക്ക് ലഭിക്കുന്ന ആനുകൂല്യ്ങ്ങൾ. മുകേഷ് അംബാനിയുടെ ജോലിക്കാരിൽ ഭൂരിപക്ഷം പേരുടെ മക്കളും പഠിക്കുന്നത് വിദേശ സർവകലാശാലകളിലാണ്. ഇവരുടെ എല്ലാം വിദ്യാഭ്യാസ ചെലവുകൾ നോക്കുന്നതും റിലയൻസാണെന്നതാണ് മറ്റൊരു വസ്തുത. അതായത് അംബാനിയുടെ ചിറകിനടിയിലെത്തിയാൽ ജീവിത കാലം മുഴുവനും സുരക്ഷിതരാണെന്നർത്ഥം. ആഞ്ഞൊന്ന് പരിശ്രമിച്ചാൽ ഇവർക്കും അംബാനിയുടെ തണലിൽ ചെറിയ കോടീശ്വരന്മാരായി ജീവിക്കാം.

എന്നാൽ മുകേഷ് അംബാനിയുടെ വാഹനത്തിന്റെ ഡ്രൈവറാവുക അത്ര നിസാരമല്ല. കഠിനമായ പ്രോസസിലൂടെയാണ് ഓരോ ഡ്രൈവർമാരെയും തിരഞ്ഞെടുക്കുന്നത്. ലോക പ്രശസ്തനായതൊകൊണ്ട് തന്നെ അദ്ദേഹത്തിന് ലോകത്തെവിടെ പോയാലും അതുകൊണ്ട് തന്നെ ഭീഷണികൾ നേരിടാം. അതുകൊണ്ട് അത്രമാത്രം ശ്രദ്ധിച്ചാണ് അംബാനിയുടെ ഡ്രൈവറെ തിരഞ്ഞെടുക്കുന്നത്. പല ഘട്ടങ്ങളിലായി അഭിമുഖം നടത്തിയാണ് ഡ്രൈവർമാരെ തിരഞ്ഞെടുക്കുന്നത്.

കാർ ഡ്രൈവിങ് പശ്ചാത്തലം, കാർ ഡ്രൈവ് ചെയ്യുന്നതിലുള്ള പരിചയം, പ്രത്യേകിച്ചും വിലകൂടിയ കാറുകൾ ഓടിക്കുന്നതിലെ പരിചയം എന്നിവ കണക്കിലെടുത്താണ് മികച്ച ഡ്രൈവർമാരെ തിരഞ്ഞെടുക്കുന്നത്. വിവിധ ഭാഷകളിലുള്ള വൈദഗ്ദ്ധ്യം, കാർ റിപ്പയറിംഗിലുള്ള പരിചയം തുടങ്ങിയവ പുലർത്തുന്നവർ മാത്രമേ ആദ്യഘട്ട അഭിമുഖത്തിൽ പാസാവൂ. ഇവിടെയും തീരുന്നില്ല കാര്യങ്ങൾ.അഭിമുഖത്തിൽ നിന്നും തിരഞ്ഞെടുക്കുന്നവരെ ഒരു നിശ്ചിത സമയത്തേക്ക് കാറുകൾ ഓടിക്കുന്ന രീതി പരിശോധിക്കും. ഇതിൽ നിന്നും മികച്ചയാളുകളെ തിരഞ്ഞെടുത്ത് പ്രത്യേക പരിശീലനം നൽകുകയാണ് അടുത്ത ഘട്ടം.

അടിയന്തര ഘട്ടങ്ങൾ നേരിടേണ്ടത് എങ്ങനെയാണ്, അത്യാഡംബര വാഹനങ്ങൾ ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ടത് എങ്ങനെയാണ്, ഭാഷ കൈകാര്യം ചെയ്യേണ്ടതെങ്ങനെ തുടങ്ങിയ സങ്കീർണമായ പരിശീലനമാണ് ഇവർക്ക് നൽകുന്നത്.തുടർന്ന് മുകേഷ് അംബാനിയുടെ വാഹനവ്യൂഹത്തിലുണ്ടാകുന്ന മറ്റ് കാറുകൾ ഓടിക്കാൻ നിയോഗിക്കും. എല്ലായ്‌പ്പോഴും ഇവർ നിരീക്ഷണത്തിലായിരിക്കുമെന്ന് പറയേണ്ടതില്ലല്ലോ. പിന്നെയും വർഷങ്ങളെടുക്കും മുകേഷ് അംബാനി സഞ്ചരിക്കുന്ന വാഹനത്തെ നിയന്ത്രിക്കാൻ.

വെളിപ്പെടുത്താത്ത സുരക്ഷാ ഫീച്ചറുകൾ അടങ്ങിയ ബി.എം.ഡബ്ല്യൂ സെവൻ സീരിസിലെ വാഹനമാണ് ഇപ്പോൾ അംബാനി ഉപയോഗിക്കുന്നത്. വൻ കോടീശ്വരൻ ആയതിനാൽ തന്നെ ശത്രുക്കളിൽ നിന്നും തീവ്രവാദസംഘങ്ങളിൽ നിന്നും നിരന്തരം ഭീഷണി നേരിടുന്നയാളാണ് അംബാനി. അതുകൊണ്ട് തന്നെ എന്തെങ്കിലും തരത്തിലുള്ള ആക്രമണങ്ങൾ ഉണ്ടായാൽ അതിനെ നേരിടാൻ അടിയന്തരസാഹചര്യങ്ങളിൽ എങ്ങനെ പ്രവർത്തിക്കണമെന്നതിനെ സംബന്ധിച്ച് വിദേശരാജ്യങ്ങളിലെ പരിശീലനത്തിനും ഡ്രൈവർമാരെ നിയോഗിക്കാറുണ്ട്.