- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇനി ഷോപ്പിങ് മാളുകളും സ്വിമ്മിങ് പൂളുകളും പാർക്കുകളും ആകാശത്തും; പറന്നു കൊണ്ടിരിക്കുന്ന ഹോട്ടലിൽ 5000 പേർക്ക് ഒരേസമയം ഇരിക്കാം; കടലിലെ ഒഴുകുന്ന കൊട്ടാരം മോഡലിൽ ആകാശത്തും കൊട്ടാരം പണിയാൻ ഒരുമിച്ച് ലോകം
ലോകത്ത് സാധ്യമായ ആഡംബരങ്ങൾ ഒക്കെയും പ്രദാനം ചെയ്യുന്ന ആഡംബര നൗകകൾ സമുദ്രത്തിലൂടെ ഒഴുകി നടക്കുന്ന കാഴ്‌ച്ചകൾ നമുക്ക് അന്യമല്ല. എന്നാൽ, അത്തരം ആഡംബരങ്ങൾ ഇനി മുതൽ ചിറകുവീശി പറന്നുയരുകയാണ്. ഗ്രാഫിക് ആർട്ടിസ്റ്റും യൂട്യുബറുമായ ഹഷീം അൽ ഗൈലിയുടേതാണ് ഈ പുതിയ കണ്ടുപിടുത്തം. സകൈ ക്രൂയിസ് ഹോട്ടൽ എന്ന് പേരിട്ടിരിക്കുന്ന ഇതിൽ 5000 യാത്രക്കാർക്ക് വരെ ഒരേസമയം യാത്ര ചെയ്യാൻ കഴിയും.
ഇത് പറത്താൻ പൈലറ്റ് ആവശ്യമില്ല, ഇന്ധനം നിറയ്ക്കേണ്ടതില്ല, മാത്രമല്ല, ഭാഗ്യവാന്മാരായ യാത്രക്കർക്ക് ഓരോ രാത്രിയിലും ധ്രുവദീപ്തി തൊട്ടടുത്ത് കാണാനുമാകും. ഇന്റർനെറ്റ് ഉപഭോക്താളെ മൊത്തത്തിൽ ആദർശവാദികൾ, യാഥാർത്ഥ്യവാദികൾ എന്നീ രണ്ട് തട്ടിലാക്കി സമൂഹമാധ്യമങ്ങളിൽ ഈ ആകാശ നൗകയെ കുറിച്ചുള്ള ചർച്ചകൾ സജീവമാകുകയാണ്. ഒരു വാണിജ്യ വിമാനത്തിന്റെ സവിശേഷതകളും ആഡംബരത്തിന്റെ സംക്ഷിപ്തവും സംയോജിപ്പിച്ചതാണ് തന്റെ രൂപകല്പന എന്നാണ് യമൻ ശാസ്ത്രീയ സംവാദകൻ ആയ ഹഷീം പറയുന്നത്.
വിനോദപരിപാടികൾക്കായുള്ള ഇടം, ഷോപ്പിങ് മാളുകൾ (ഒന്നിലധികം), ജിമ്മുകൾ, നീന്തൽക്കുളങ്ങൾ, റെസ്റ്റോറന്റുകൾ, സിനിമാ ഹാളുകൾ എന്നിവയ്ക്ക് പുറമേ ഒരു പ്രത്യേക ചിറകിനകത്തായി ഒരു കോൺഫറൻസ് സെന്ററും ഇതിൽ സജ്ജീകരിച്ചിട്ടുണ്ട്. മാത്രമല്ല, പ്ലെയിനിലെ മറ്റിടങ്ങളിൽ നിന്നെല്ലാം ഉയർന്നു നിൽക്കുന്ന 360 ഡിഗ്രീ നിരീക്ഷണ പ്ലാറ്റ്ഫോമിൽ നിങ്ങൾക്ക് വിവാഹച്ചടങ്ങുകൾ നടത്താനുള്ള സൗകര്യവും സജ്ജമാക്കിയിട്ടുണ്ട്.
അതിനേക്കാളേറെ അവിശ്വസനീയമായ കാര്യം ഇത് പ്രവർത്തിക്കുന്നത് ആണവോർജ്ജത്തിലാണ് എന്നതാണ്. വിമാനത്തിനകത്തു തന്നെ ഒരു ഫ്യുഷൻ റിയാക്ടർ ഘടിപ്പിച്ചിട്ടുള്ളതിനാൽ ഇതിൽ ഇന്ധനം നിറയ്ക്കുന്നതിനായി താഴേയ്ക്ക് ഇറങ്ങേണ്ടി വരില്ല. സ്ഥിരമായി ആകാശത്തു തന്നെ തുടരുന്ന ഈ ആഡംബര വ്യോമയാനത്തിലേക്ക് പ്രത്യേക വിമാനത്തിൽ ജീവനക്കാരേയും യാത്രക്കാരേയും എത്തിക്കാം. ഇരുപതിൽ അധികം ജെറ്റ് എഞ്ചിനുകളുള്ള ഈ വിമാനം ദിവസത്തിൽ 24 മണിക്കൂറും ആകാശത്തായിരിക്കും. ഭാവിയുടെ ഗതാഗത സംവിധാനം എന്നാണ് അൽ ഗൈലി ഇതിനെ വിശേഷിപ്പിക്കുന്നത്.
ഈ വിമാനം പറത്തുവാൻ എത്ര പൈലറ്റുമാർ വേണ്ടി വരും എന്ന ചോദ്യത്തിന് ഫേസ്‌ബുക്കിൽ ഗൈലി മറുപടി നൽകിയത്, സാങ്കേതിക വിദ്യയുടെ മകുടോദാഹരണമാണ് ഇത്, എന്നിട്ടും നിങ്ങൾക്ക് ഒരു പൈലറ്റ് ആവശ്യമാണോ എന്നായിരുന്നു. അനിമേഷൻ അതിമനോഹരമായി നടത്തിയിട്ടുണ്ടെങ്കിലും ഒരിക്കലും നടക്കാത്ത മനോഹരമായ സ്വപ്നമാണിതെന്നാണ് വിമർശകർ പറയുന്നത്.
ന്യുക്ലിയർ ഫ്യുഷൻ എന്നൊരു സാങ്കേതിക വിദ്യ നിലവിലില്ല. അത്തരമൊന്ന് വിമാനത്തിൽ സ്ഥാപിക്കാമോ, അതിനെ ആകാശത്തേക്ക് പറത്താമോ എന്നതൊക്കെ രണ്ടാമത്തേയും മൂന്നാമത്തേയും ചോദ്യങ്ങളാണെന്ന് വിമർശകർ ചൂണ്ടിക്കാട്ടുന്നു. രണ്ടാമതായി വിമർശകർ പറയുന്നത്, ഇത്തരമൊരു ഭീമൻ ആകാശനൗക ഇറങ്ങാനുള്ള ഒരു റൺവേ ലോകത്ത് ഒരിടത്തുമില്ല എന്നതാണ്. ഇതിന് ആവശ്യം വരുമ്പോൾ ഇറങ്ങുവാനും പറന്നുയരുവാനും ഒരു പ്രത്യേക വിമാനത്താവളം തന്നെ ആവശ്യമായി വരുമെന്ന് അവർ പറയുന്നു.
ധനികർക്ക് വിനോദോപാധി കണ്ടെത്താൻ സമയം മിനക്കെടുത്താതെ പാവപ്പെട്ടവന്റെ പട്ടിണിമാറ്റാനുള്ള വഴി കണ്ടെത്തിക്കൂടെ എന്ന് അൽ ഗൈലിയോട് ചോദിക്കുന്നവരും ഏറെയാണ്. ഒരു വിമാനാപകടം ഉണ്ടായാൽ അതിലെ 5000 യാത്രക്കാരും മരണമടയും എന്നുമാത്രമല്ല, ന്യുക്ലിയാർ റിയാക്ടർ ഭൂമിയിൽ പതിച്ച് പിന്നെയും ദുരിതങ്ങൾ ഉണ്ടാകുമെന്നും ചിലർ ചൂണ്ടിക്കാട്ടുന്നു.
മറുനാടന് മലയാളി ബ്യൂറോ