തൃശ്ശൂർ: കേരളത്തിൽ മോഷണം നടത്തി സ്വദേശമായ പശ്ചിമ ബംഗാളിലേക്ക് മുങ്ങുകയും അവിടെ നിന്നും വീണ്ടും കേരളത്തിലെത്തി മോഷണം നടത്തുകയും ചെയ്യുന്നത് പതിവാക്കിയ അതിഥി തൊഴിലാളികളെ കേരളാ പൊലീസ് സാഹസികമായി പിടികൂടി. പശ്ചിമ ബംഗാൾ വരെ നീണ്ട അന്വേഷണത്തിനൊടുവിൽ ചെന്നൈയിലെത്തി ട്രെയിൻ വളഞ്ഞാണ് പൊലീസ് പ്രതികളെ പിടികൂടിയത്. സിനിമാ ചിത്രീകരണമെന്നു തോന്നിപ്പിച്ച സംഭവത്തിൽ വലയിലായത് പൂങ്കുന്നത്തെ വീട്ടിൽ നിന്നും 38.5 പവൻ മോഷ്ടിച്ച കേസിലെ പ്രതികൾ.

ചെന്നൈ എം.ജി.ആർ. റെയിൽവേ സ്റ്റേഷനിലാണ് കേരളാ പൊലീസിന്റെ സിനിമാ സ്‌റ്റൈൽ ഓപ്പറേഷൻ അരങ്ങേറിയത്. തീവണ്ടി വളഞ്ഞുള്ള ഓപ്പറേഷനിൽ പൊലീസിന്റെ സഹായത്തിന് ചെന്നൈ റെയിൽവേ പൊലീസും കൂടി.. ഏറെനേരത്തെ തിരച്ചിലിനുശേഷമാണ് രണ്ട് ബംഗാൾ സ്വദേശികളെ പിടികൂടിയത്. മോഷ്ടാക്കളെ തേടി വെസ്റ്റ് പൊലീസ് പോയത് ആദ്യം പശ്ചിമബംഗാളിലാണ്. അവിടെനിന്ന് വളരെ പ്രയാസപ്പെട്ടാണ് പ്രതികളെ തിരിച്ചറിഞ്ഞത്. തുടർന്ന് ഇവർ ചെന്നൈയിൽ ഉണ്ടെന്നു മനസ്സിലാക്കുകയായിരുന്നു. വെസ്റ്റ് ബംഗാൾ ബൊറാംഷക്പുർ സ്വദേശി ഷെയ്ക്ക് മക് ബുൾ (31), തെങ്കന സ്വദേശി മുഹമ്മദ് കൗഷാർ ഷെയ്ക്ക് (45) എന്നിവരാണ് പിടിയിലായത്.

ജൂൺ 16നാണ് പൂങ്കുന്നത്തുള്ള പൂട്ടിക്കിടന്ന വീട് കുത്തിപ്പൊളിച്ച് സംഘം 38.5 പവൻ വരുന്ന സ്വർണാഭരണങ്ങൾ മോഷ്ടിച്ചത്. വീടിന്റെ അഞ്ചടി വലുപ്പമുള്ള ജനൽ ഇളക്കിമാറ്റി അകത്ത് കയറി അലമാരയിൽ സൂക്ഷിച്ചിരുന്ന ആഭരണങ്ങൾ മോഷ്ടിക്കുകയായിരുന്നു. മോഷ്ടാക്കളെ പിടികൂടാൻ കമ്മിഷണർ ആർ. ആദിത്യ, അസി. കമ്മിഷണർ വി.കെ. രാജു എന്നിവരുടെ നേതൃത്വത്തിൽ പ്രത്യേക സംഘം രൂപവത്കരിച്ചു. 88 സി.സി.ടി.വി. ക്യാമറകൾ പരിശോധിച്ചു.

ക്യാമറകളിൽനിന്ന് പ്രതികളുടെ അവ്യക്ത ചിത്രം ലഭിച്ചു. തൃശ്ശൂരിലെ ലോഡ്ജിൽ ഇവർ താമസിച്ചിരുന്നതായും കണ്ടെത്തി. പ്രതികൾ പശ്ചിമബംഗാൾ സ്വദേശികളാണെന്നും പൊലീസ് മനസ്സിലാക്കി. തുടർന്ന് 25-ന് വെസ്റ്റ് പൊലീസ് സംഘം ബംഗാളിലേക്ക് യാത്രതിരിച്ചു. വ്യാജ തിരിച്ചറിയൽ കാർഡും ഇതുപയോഗിച്ച് സംഘടിപ്പിക്കുന്ന സിം കാർഡുകളുമാണ് ഇവർ ഉപയോഗിച്ചിരുന്നത്. ഇത് അന്വേഷണത്തെ സാരമായി ബാധിച്ചു. തുടർന്ന് അന്വേഷണസംഘം ബംഗ്ലാദേശിന്റെ അതിർത്തിഗ്രാമങ്ങളിലൂടെ രാവും പകലും നടത്തിയ അന്വേഷണത്തിനൊടുവിൽ പ്രതികളുടെ ഒളിത്താവളം കണ്ടെത്തി. അവിടെ നടത്തിയ പരിശോധനയിൽ പ്രതികൾ വിവിധ സ്ഥലങ്ങളിൽ സഞ്ചരിച്ച് മോഷണം നടത്തിയതിന്റെ സുപ്രധാന വിവരങ്ങൾ പൊലീസിന് ലഭിക്കുകയും ചെയ്തു.

മോഷണപരമ്പരകൾക്കായി പ്രതികൾ രണ്ടുപേരും ചെന്നൈ വഴി കേരളത്തിലേക്ക് ട്രെയിൻ മാർഗം പുറപ്പെട്ടതായി വിവരം ലഭിച്ചു. ഇതോടെ കേരളാ പൊലീസ് അലേർട്ടായി. പൊലീസ് സംഘം ചെന്നൈയിലേക്ക് തിരിച്ചു. തീവണ്ടിയിൽ സഞ്ചരിച്ചുവരുന്ന രണ്ടു പ്രതികളെയും റെയിൽവേ പൊലീസിന്റെ സഹായത്താൽ എം.ജി.ആർ. റെയിൽവേ സ്റ്റേഷനിൽ വെച്ച് പിടികൂടുകയായിരുന്നു. കംപാർട്ട്‌മെന്റ് മൊത്തം വളഞ്ഞാണ് തൃശ്ശൂർ വെസ്റ്റ് പൊലീസ് സാഹസികമായി ഇവരെ പിടികൂടിയത്. തൃശ്ശൂർ സിറ്റി പൊലീസ് കമ്മിഷണറുടെ ശക്തമായ ഇടപെടൽ മൂലമാണ് റെയിൽവേ പൊലീസിന്റെ സഹായം ലഭിച്ചത്.

വെസ്റ്റ് പൊലീസ് എസ്.എച്ച്.ഒ. കെ.സി. ബൈജു, സി.പി.ഒ.മാരായ കെ.എസ്. അഖിൽവിഷ്ണു, അഭീഷ് ആന്റണി, സി.എ. വിബിൻ, പി.സി. അനിൽകുമാർ എന്നിവരാണ് അന്വേഷണസംഘത്തിലുണ്ടായിരുന്നത്.