- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ശ്രീലക്ഷ്മിയുടെ മരണ കാരണം തലച്ചോറിലേക്ക് ഉയർന്ന തോതിൽ വൈറസ് സാന്നിധ്യമെത്തിയത്; വൈറസ് അതിവേഗം തലച്ചോറിൽ എത്താൻ കാരണം നായയുടെ കടി കൈ വിരലിൽ ഏറ്റത്: സ്രവ സാംപിൾ പരിശോധനാ ഫലം ഇന്നു ലഭിക്കും
തൃശൂർ: പേ വിഷബാധയ്ക്കുള്ള വാക്സീൻ എടുത്തിട്ടും പേ വിഷബാധയേറ്റു മരിച്ച പാലക്കാട് സ്വദേശി ശ്രീലക്ഷ്മിയുടെ മരണ കാരണം തലച്ചോറിലേക്ക് ഉയർന്ന തോതിൽ വൈറസ് സാന്നിധ്യം എത്തിയതെന്നു വിലയിരുത്തൽ. അതിവേഗം വൈറസ് ശ്രീലക്ഷ്മിയുടെ തലച്ചോറിലെത്തിയതായാണ് റിപ്പോർട്ട്. മെഡിക്കൽ കോളേജ് ആശുപത്രിയിലെ ജനറൽ മെഡിസിൻ, കമ്മ്യൂണിറ്റി മെഡിസിന, ന്യൂറോളജി, മൈക്രോ ബയോളജി ചികിത്സാ വിഭാഗം മേധാവികൾ ചേർന്ന യോഗത്തിലാണ് ഈ വിലയിരുത്തൽ.
നായയുടെ കടി കൈ വിരലിൽ ഏറ്റതാണ് വൈറസ് അതിവേഗം തലച്ചോറിൽ എത്താൻ കാരണമായതെന്നു വിലയിരുത്തി. തിരുവനന്തപുരം പാലോടുള്ള റാബിസ് ടെസ്റ്റിങ് ലാബിൽ ശ്രീലക്ഷ്മിയിൽനിന്നു ശേഖരിച്ച സ്രവ സാംപിൾ പരിശോധന നടത്തിയ ഫലം ഇന്നു ലഭിക്കും. കോയമ്പത്തൂരിൽ ഒന്നാം വർഷ ബിസിഎ വിദ്യാർത്ഥിനിയായ പാലക്കാട് മങ്കര മഞ്ഞക്കര പടിഞ്ഞാർക്കര സുഗുണന്റെ മകൾ ശ്രീലക്ഷ്മിയാണ് (19) പേവിഷ ബാധയേറ്റു തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ വ്യാഴാഴ്ച പുലർച്ചെയാണ് മരിച്ചത്.
ശ്രീലക്ഷ്മിയെ കടിച്ച നായയെ നാട്ടുകാർ ഇടപെട്ട് തല്ലിക്കൊന്നെങ്കിലും നായയ്ക്ക് പേ ബാധിച്ചിരുന്നോ എന്ന് ശാസ്ത്രീയമായി സ്ഥിരീകരിച്ചിട്ടില്ല. ശ്രീലക്ഷ്മിയുടെ ശരീരത്തിൽ പേവിഷത്തിന്റെ സാന്നിദ്ധ്യം കണ്ടെത്തിയെന്നാണ് തൃശൂർ മെഡിക്കൽ കോളേജിലെ ഡോക്ടർമാർ പറഞ്ഞത്. അതിനാൽ നായയ്ക്ക് പേവിഷ ബാധ ഉണ്ടായിരിക്കണം എന്നാണ് നിഗമനം. എന്നാൽ ശ്രീലക്ഷ്മിയെ കടിച്ച ദിവസം തന്നെ നായ ഉടമയായ വൃദ്ധയെയും കടിച്ചിരുന്നു. വാക്സിൻ എടുത്ത അവർക്ക് ആരോഗ്യപ്രശ്‌നങ്ങളൊന്നും ഇല്ല. അതോടെയാണ് ശ്രീലക്ഷ്മിക്ക് നൽകിയ വാക്‌സിന്റെ ഗുണത്തിൽ ആശങ്ക ഉയരുന്നത്.
ആറുമാസത്തിനിടെ പേവിഷബാധയേറ്റ് 14പേരാണ് സംസ്ഥാനത്ത് മരിച്ചത്. ഇവരിൽ പലരും പേവിഷ പ്രതിരോധ വാക്സിൻ നാലുഡോസും എടുത്തിരുന്നു. സംസ്ഥാനത്ത് മെയ്, ജൂൺ മാസങ്ങളിലാണ് പേവിഷ ബാധയേറ്റുള്ള മരണങ്ങൾ ഭൂരിഭാഗവും. ഈ വർഷം ഏപ്രിൽ 10 വരെ മൂന്നു പേർക്കാണ് പേവിഷബാധ സ്ഥിരീകരിച്ചത്. മൂന്നു പേരും മരിച്ചു. മറ്റു മരുന്നുകൾ കുത്തിവയ്ക്കുന്നത് പോലെയല്ല ആന്റിറാബിസ് വാക്‌സിൻ അതിന് പരിശീലനവും അനിവാര്യമാണ്. കൃത്യമായ അളവിൽ വാക്സിൻ കുത്തിവയ്ക്കാതിരുന്നാലും ഗുണം ലഭിക്കില്ല. ലോകാരോഗ്യസംഘടനയുടെ മാനദണ്ഡപ്രകാരം 2.5 മി.ല്ലി ഡോസാണ് കുത്തിവയ്‌ക്കേണ്ടത്.
ഇതിന്റെ അളവ് കുറഞ്ഞാൽ ശരീരത്തിൽ ആന്റിബോഡി രൂപപ്പെടില്ല. കൂടാതെ മുറിവുള്ളവർക്ക് വാക്സിനൊപ്പം ഇമ്യൂണോ ഗ്ലോബുലിൻ നൽകണം. എന്നാൽ പല ആശുപത്രികളിലും ആന്റിറാബിസ് ഉണ്ടെങ്കിലും ഇമ്മ്യൂണോ ഗ്ലോബുമിൻ കാണാറില്ല. അതിനാൽ രോഗിക്ക് അത് യഥാസമയം നൽകാൻ കഴിയാതെ വരുന്നതും അപകടകരമാണ്. സംശയാസ്പദമായ രീതിയിൽ നായ,പൂച്ച എന്നിവയിൽ നിന്നും പരിക്കേറ്റാൽ എത്രയും വേഗം ഡോക്ടറെ കാണണം. റേബിസ് വൈറസ് തലച്ചോറിലെത്തുന്നതിന് മുമ്പ് വാക്സിൻ എടുക്കണം. ഞരമ്പിലൂടെയാണ് പേവിഷം തലച്ചോറിലെത്തുന്നത്.
മറുനാടന് മലയാളി ബ്യൂറോ