കുതിരയുടെ പുറത്തിരുന്നുള്ള ഗോൾഫ് കളിയിൽ, പന്തിന് പകരം ആടിന്റെ ശവത്തെ വലിച്ച് ഗോൾ പോസ്റ്റിലെത്തിക്കുന്ന ബുസ്‌കാഷി എന്ന അഫ്ഗാനിസ്ഥാനിലെ മത്സരം തൊട്ട്, ഫിൻലൻഡിലെ ഭാര്യമാരെ തോളത്തിട്ട് ഓടുന്ന മത്സരം അടക്കമുള്ള വിചിത്രമായ നിരവധി 'കോമ്പറ്റീഷനുകൾ' ഉള്ള ലോകമാണിത്. ഇന്ത്യപോലെ ഒരു യാഥാസ്ഥിക സമൂഹമല്ല, യൂറോപ്പിലും, ലാറ്റിൻ അമേരിക്കയിലുമൊക്കെയുള്ളത്. അതുകൊണ്ടുതന്നെ അവിടെ നടക്കുന്ന ചില മത്സരങ്ങളും, മേളകളുമൊക്കെ നമുക്ക് വല്ലാതെ വിചിത്രമായി തോന്നാം. അത്തരത്തിൽ ഒന്നാണ് ലോക നിതംബ മത്സരം അഥവാ വേൾഡ് ബട്ടോക്ക്സ് ഫെസ്റ്റിവൽ. ലോകത്തിലെ ഏറ്റവും അഴകുള്ള പിൻഭാഗമുള്ള സുന്ദരിയെ കണ്ടെത്തുകയാണ് ഈ മത്സരത്തിൽ ചെയ്യുന്നത്.

ലോകത്തിലെ പലയിടത്തും ഇത്തരം നിതംബമത്സരങ്ങൾ നടക്കുന്നുണ്ടെങ്കിലും അതിൽ ഏറ്റവും പ്രധാനപ്പെട്ടതാണ്, ബ്രസീലിലെ സവോപോളോയിൽ കഴിഞ്ഞ പതിനഞ്ചു വർഷത്തിലേറെയായി നടക്കുന്ന പിൻഭാഗ മത്സരം. ബംബം കോമ്പറ്റീഷൻ എന്നാണ് ഇത് അറിയപ്പെടുക. വലിയ ആഘോഷമായി നടക്കുന്ന ഈ മത്സരത്തിൽ പങ്കെടുക്കാൻ ലോകത്തിന്റെ വിവിധ ഭാഗത്തുനിന്നുള്ള സെലിബ്രിറ്റികളും മോഡലുകളും ഒഴുകിയെത്താറുണ്ട്. ഇപ്പോൾ 1.2 മില്യൺ യുഎസ് ഡോളറാണ് സമ്മാനത്തുകയായി കിട്ടുക. മാത്രമല്ല അന്താരാഷ്ട്ര പ്രശസ്തിയും. ലോക സൗന്ദര്യ മത്സരത്തിന് ലഭിക്കുന്ന പ്രാധാന്യവും ഇതിന് ലഭിക്കുന്നുണ്ട്. ഈ വർഷം അവസാനം നടക്കുന്ന മിസ് ബംബം മത്സരത്തിന്റെ ആദ്യ ഓഡിഷൻ കഴിഞ്ഞതോടെ വിവാദങ്ങളും ഉയരുകയാണ്.

നിതംബം ഇൻഷൂറൻസ് വ്യാപകം

നമ്മൾ വീട്, വാഹനം തുടങ്ങി നമുക്ക് പ്രധാനപ്പെട്ട പല വസ്തുക്കളും ഇൻഷൂർ ചെയ്യാറുണ്ട്. എന്നാൽ മനുഷ്യന്റെ അവയവങ്ങൾ ഇൻഷൂർ ചെയ്യൂന്ന രീതി നമ്മുടെ നാട്ടിൽ അത്ര വ്യാപകമായിട്ടില്ല. എന്നാൽ ഫുട്ബോൾ താരങ്ങൾ അവരുടെ കാലുകൾ ഇൻഷൂർ ചെയ്യുന്നതും, സൈക്ലിങ്ങ് താരങ്ങൾ കാൽമുട്ട് ഇൻഷൂർ ചെയ്യുന്നതുമെല്ലാം വിദേശ രാജ്യങ്ങിൽ വ്യാപകമാണ്. ഇത്തരം കോമ്പറ്റീഷനുകൾ വ്യാപകമായതോടെ പാശ്ചാത്യ രാജ്യങ്ങളിലെ യുവതികൾ നിതംബം ഇൻഷൂർ ചെയ്യുന്ന രീതിയും വന്നുതുടങ്ങി.

മോഡൽ, ഗായിക, ഗാനരചയിതാവ്, ഫ്ലൈറ്റ് അറ്റൻഡന്റ് എന്നീ നിലകളിൽ പ്രശസ്തയായ ലാറിസ മാക്‌സിമാനോയ എന്ന പോർച്ചുഗീസുകാരി തന്റെ പിൻഭാഗം 74 ലക്ഷം രൂപയ്ക്കാണ് ഇൻഷൂർ ചെയ്തത്, സാമൂഹിക മാധ്യമങ്ങളിൽ വലിയ ചർച്ചയാവുകയാണ്. മിസ് ബംബം 2022 ലെ മത്സരാർഥിയാണ് അവർ. ഈ വർഷാവസാനം നടക്കുന്ന മത്സരത്തിന് മുന്നോടിയായിട്ടാണ് ഈ ഇൻഷൂറൻസ്. 105 സെന്റീമീറ്റർ വലിപ്പമുള്ള ലാറിസയുടെ പിൻഭാഗം ഇൻഷൂർ ചെയ്യാനായി അവൾ 78,000 പൗണ്ട് ചെലവഴിച്ചു എന്നാണ് പറയുന്നത്. അവളുടെ അഭിപ്രായത്തിൽ അതാണ് തന്റെ ഏറ്റവും വലിയ സ്വത്ത്.

അതിനായി താൻ ഇതിനകം തന്നെ ധാരാളം പണം ചെലവഴിച്ചു കഴിഞ്ഞുവെന്നും മോഡൽ പറഞ്ഞു. എല്ലാ ദിവസവും അവൾക്ക് അതിന്റെ സംരക്ഷണത്തിനായി കുറെ കാര്യങ്ങൾ ചെയ്യേണ്ടതുണ്ട്. അതിൽ പുരട്ടാൻ വിലകൂടിയ ക്രീമുകളും ലോഷനുകളും ഉണ്ട്. മിസ് ബംബം 2022 മത്സരത്തിൽ വിജയിക്കുകയാണെങ്കിൽ തന്റെ ഹിപ് ഇൻഷുറൻസിന്റെ വില ഇനിയും വർദ്ധിപ്പിക്കുമെന്നും അവൾ കൂട്ടിച്ചേർത്തു. പിൻവശത്തിന്റെ വലുപ്പം കൂട്ടാനായി ഹിപ് ട്രെയിനിങും ഉണ്ട് അവൾക്ക്. ഇതിനായി അവൾ ആഴ്ചയിൽ രണ്ടുതവണ ഒന്നര മണിക്കൂർ വീതം ചെലവഴിക്കുന്നു.

അതേസമയം പിൻവശം ഇൻഷൂർ ചെയ്ത ഏക വ്യക്തിയല്ല ലാറിസ. കഴിഞ്ഞ വർഷം, പ്രസവിച്ച് നാല് മാസത്തിന് ശേഷം മിസ് ബംബം 2021 കിരീടം നേടിയ ബ്രസീലിയൻ മോഡൽ നതി കിഹാരയും ഏകദേശം 13 കോടി രൂപയ്ക്ക് തന്റെ നിതംബം ഇൻഷൂർ ചെയ്തിരുന്നു. 126 സെന്റീമീറ്ററായിരുന്നു അതിന്റെ വലുപ്പം. എന്നാൽ, ഈ വലുപ്പത്തിൽ ഇപ്പോഴും താൻ തൃപ്തയല്ലെന്നും കൂടുതൽ വ്യായാമങ്ങൾ ചെയ്ത് അത് വർധിപ്പിക്കാൻ പദ്ധതിയിട്ടിട്ടുണ്ടെന്നും അവൾ അന്ന് പറഞ്ഞിരുന്നു.

മാർക്ക് നാച്വറൽ നിതംബത്തിന്

എല്ലാ വർഷവും ബ്രസീലിലെ സാവോപോളോയിലാണ് മിസ് ബംബം മത്സരം നടക്കുന്നത്. ലോകമെമ്പാടുമുള്ള ആളുകളെ ഇത് ആകർഷിക്കുന്നു. പെണ്ണുങ്ങളുടെ മദാലസമായ നിതംബ ഭംഗിയാണ് ഇവിടെ മാറ്റുരക്കുന്നത്. അരക്ക് താഴെയുള്ള പെൺശരീരത്തിന്റെ മാദകത്വത്തിനാണ് മാർക്ക്. ബംബം സുന്ദരിയായവർ പിന്നെ ദേശീയ സെലിബ്രിറ്റികളാകും. പിന്നെ പരസ്യം, സിനിമ അങ്ങനെ അങ്ങനെ പണമുണ്ടാക്കാൻ വഴികൾ പലതും തുറന്ന് കിട്ടും. പ്രശസ്തിയുടെ ഉന്നതിയിലേക്കാണ് ഇവർ ഒറ്റ ദിനം കൊണ്ട് നടന്നു കയറുക.

നമ്മുടെ ബിഗ്ബോസ് റിയാലിറ്റിഷോയാക്കെ പോലെ ഒരുമാസത്തെ മത്സരത്തിനുശേഷമാണ് ഇതിന്റെ ഫലം പുറത്തുവരിക. ഓരോവർഷവും 27 പേരാണ് ഫൈനൽ റൗണ്ടിൽ മാറ്റുരക്കുന്നത്. നിതംബ ഭംഗി മാത്രമാണ് ബംബം മത്സരത്തിൽ വിലയിരുത്തപ്പെടുന്നത്. സൗന്ദര്യമത്സരത്തിലെപ്പോലെ ബുദ്ധി അളക്കുന്ന ചോദ്യങ്ങൾ അത്രയൊന്നും ഉണ്ടാവില്ല. പ്രകൃതി ദത്തമായ നിതംബ ഭംഗി തന്നെ വേണം. വല്ല മരുന്ന് കഴിച്ചോ, ശസ്ത്രക്രിയ നടത്തിയോ വലുതാക്കിയെടുത്ത നിതംബങ്ങൾക്ക് ബംബം മത്സരങ്ങളിൽ പ്രവേശനമില്ല. മുമ്പ് ഒരിക്കൽ സിലിക്കോൺ ശസ്ത്രകിയയിലുടെ പിൻഭാഗ ഭംഗികൂട്ടിയ ഒരു മത്സരാർഥിയെ ഷോയിൽനിന്ന് പുറത്താക്കിയിരുന്നു.

ഇടക്കിടെ ബംബം മത്സരം വൻ വിവാദത്തിലാവും. 2013ൽ അങ്ങനെ സംഭവിച്ചു.
രണ്ട് സുന്ദരിമാർ വിധികർത്താക്കൾക്ക് കൈക്കൂലി നൽകി സമ്മാനം നേടാൻ ശ്രമിച്ചു എന്നാണ് ആരോപണം. മാരി സോസ എന്ന 25 കാരി പെൺകൊടിയും ഏലിയാന അമരാൾ എന്ന സുന്ദരിയുമാണ് പണം കൊടുത്ത് സമ്മാനവും പ്രശസ്തിയും സ്വന്തമാക്കാൻ ശ്രമിച്ചത്. സമ്മാനത്തുകയോളം മുടക്കിയാണ് ഈ കൈക്കൂലി ഏർപ്പാട് നടത്തിയത്.

ഒന്നാം സമ്മാനം നേടാൻ കൈക്കൂലി കൊടുക്കുന്നവരെ കുറിച്ച് കേട്ടുട്ടിട്ടുണ്ട്. എന്നാൽ രണ്ടാം സമ്മാനത്തിന് വേണ്ടി കൈക്കൂലി കൊടുക്കയാണ് ഏലിയാന ചെയ്തത്. എലിയാനയുടെ പിന്നഴക് അത്രക്ക് പ്രകൃതിദത്തമല്ല എന്നൊരു ആക്ഷേപവും ഉണ്ടായിരുന്നു. ചിലിയിലും നിതംബ ഭംഗി അളക്കുന്ന സൗന്ദര്യ മത്സരം ഉണ്ട്. ബെസ്റ്റ് ബോട്ടം മത്സരം എന്ന പേരിലാണ് ഇത് അറിയപ്പെടുന്നത് എന്ന് മാത്രം. കോവിഡുശേഷം യൂറോപ്പിന്റെ പല ഭാഗങ്ങളിലും ഇത്തരം മത്സരങ്ങൾ വ്യാപകമാവുന്നുണ്ട്.

ഇങ്ങനെയൊക്കെയാണെങ്കിലും സമൂഹത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് കടുത്ത എതിർപ്പും ബംബം മത്സരത്തിനെതിരെ ഉയരുന്നുണ്ട്. സ്ത്രീ സൗന്ദര്യത്തെ വിൽപ്പന ചരക്കാക്കുന്നു എന്ന പരാതിക്ക് പിന്നാലെ, എന്തുകൊണ്ട് പുരുഷന്മ്മാർക്ക് ഇതുപോലെ ഒരു മത്സരം ഇല്ല എന്നും ഒരു വിഭാഗം ചോദിക്കുന്നു. അതുകൊണ്ടുതന്നെ ചില ഫെമിനിസ്റ്റ് ഗ്രൂപ്പുകളുടെ നേതൃത്വത്തിൽ ഇപ്പോഴേ ബംബം മത്സരത്തിനെതിരെ കാമ്പയിൻ ഉയർത്തുന്നുണ്ട്. മോശം നിതംബമുള്ളവരുടെ മത്സരവും, പുരുഷന്മ്മാരുടെ നിതംബ മത്സരവും ഇത്തവണ ബദൽ ആയി നടത്തുമെന്നും ഈ ഗ്രൂപ്പുകൾ പറയുന്നുണ്ട്. ലോക സൗന്ദര്യ മത്സരത്തിന് ബദലായി, ലോക വിരുപ മത്സരം നടത്തിയ കോക്കോട്ടെ രാം ദാസ് വൈദ്യരെ ഇത്തരം നടപടികൾ ഓർമ്മിപ്പിക്കുന്നു.

ആശുപത്രിക്കിടക്കയിൽ ആയവരും ഒട്ടേറെ

അതേസമയം ആരോഗ്യമേഖലയിൽനിന്നും നിതംബ മത്സരങ്ങൾക്കെതിരെ എതിർപ്പ് ഉയരുന്നുണ്ട്. ഇത്തരം മത്സരങ്ങളിൽ പങ്കെടുക്കാനായി മാറിടത്തിന്റേയും നിതംബത്തിന്റേയും ഉൾപ്പെടെ ശരീരത്തിന്റെ ഭംഗി വർധിപ്പിക്കുവാനായി കൃത്രിമ മാർഗ്ഗങ്ങൾ തേടുന്നവർ പലപ്പോഴും പ്രശ്നങ്ങളിൽ പെടാറുണ്ട്. നിതംബ മത്സരത്തിൽ ഒന്നാമത് എത്തുവാനായി കുറുക്കു വഴി തേടിയ ബ്രസീലിയൻ മോഡലായ അൻഡ്രെസ യുറക്ക് എന്ന ഇരുപത്തിയേഴുകാരി ആശുപത്രിയിൽ നരകയാതന അനുഭവിച്ചത് നേരത്തെ വാർത്ത ആയിരുന്നു. അൻഡ്രെസ ശരീരത്തിൽ രാസ വസ്തുക്കൾ കുത്തി വച്ചാണ് മികച്ച നിതംബം ഉള്ള സ്ത്രീ എന്ന പട്ടം കരസ്ഥമാക്കുവാൻ തയ്യാറെടുത്തത്. മരുന്നുകൾ ഫലം കണ്ടു. ആൻഡ്രെസയുടെ തുടകളും നിതംബവും എല്ലാം വലുതായി.

2012ലെ നിതംബ സുന്ദരി മത്സരത്തിൽ രണ്ടാം സ്ഥാനം ലഭിച്ചതിനെ തുടർന്ന് മോഡലായും അവതാരകയായും എല്ലാം അവർക്ക് നിരവധി അവസരങ്ങളും കൈവന്നു. എന്നാൽ ഈ ആഹ്ലാദം അധിക കാലം നീണ്ടു നിന്നില്ല. അംഗലാവണ്യം കൈവരിക്കുവാനായി നടത്തിയ കുത്തിവെപ്പുകൾ പിന്നീട് അവരെ ആശുപത്രി കിടക്കയിലേക്കാണ് എത്തിച്ചത്. രാസ വസ്തുക്കളുടെ അമിതമായ ഉപയോഗത്താൽ ശരീര വേദനയും തൊലിക്ക് നിറ വ്യത്യാസവും പ്രത്യക്ഷപ്പെട്ടു. തുടർന്ന് നിതംബത്തിൽ പഴുപ്പും അണുബാധയും ഉണ്ടായി. ഒടുവിൽ അവ ഓപ്പറേഷനിലൂടെ നീക്കം ചെയ്യുകയാണ് ഉണ്ടായത്.

നിതംബത്തിന് നാച്ചുറൽ ബ്യൂട്ടിയാണ് വേണ്ടത് എന്ന് ബംബം കോബറ്റീഷന്റെ സംഘാടകർ പറയുമ്പോൾ മത്സരാർഥികളിൽ പലരും അതൊന്നുമല്ല ചെയ്യുന്നത്. പലപ്പോഴും അത് പരിശോധനയിൽ കണ്ടുപിടിക്കാനും കഴിയില്ല. ഈ അനുഭവങ്ങളും ഇതുപോലുള്ള മത്സരങ്ങളിൽ പോകുന്നവർക്ക് മുന്നറിയിപ്പായി സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.