ബ്രിട്ടീഷ് രാജിനെ കുറിച്ചുള്ള മറ്റൊരുചിത്രം കൂടി വിവാദത്തിലാകുന്നു. ബ്രിട്ടീഷ് ഭരണാധികാർകളെ ക്രൂരന്മാരും അക്രമത്തോട് അടങ്ങാത്ത അഭിവാഞ്ഞ്ജയുള്ള ആളുകളായി ചിത്രീകരിച്ച് അവരുടെ പ്രതിച്ഛായ തകർക്കുകയാണ് എന്നതാണ് ആരോപണം. നെറ്റ്ഫ്ളിക്സിന്റെ റൈസ്, റോർ, റിവോൾട്ട് എന്ന് ചിത്രം ചരിത്രത്തെ തന്നെ തെറ്റായി വ്യാഖ്യാനിക്കുകയാണ് എന്നാണ് വിമർശകർ പറയുന്നത്. കേവലം ഒരു കഥയെ യഥാർത്ഥ സംഭവം എന്ന രീതിയിൽ അവതരിപ്പിക്കുകയാണ് എന്നവർ ആരോപിക്കുന്നു.

1920 കളുടെ കാലഘട്ടത്തിൽ ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിന്റെ പശ്ചാത്തലത്തിൽ എടുത്ത സിനിമ പ്രധനമായും യഥാർത്ഥ വിപ്ലവകാരികളായിരുന്ന സീതാരാമ രാജു, കൊമരം ഭീം എന്നിവരുടെ കഥയാണ് പറയുന്നത്. ബ്രിട്ടീഷ് സാമ്രജ്യത്വത്തെ എതിർത്ത ഈ രണ്ട് വിപ്ലവകാരികളും പക്ഷെ ചിത്രത്തിൽ പറയുന്നതുപോലെ തമ്മിൽ കണ്ടിരുന്നു എന്നതിനും ഒരുമിച്ച് സാമ്രാജ്യത്വത്തിനെതിരെ യുദ്ധം ചെയ്തു എന്നതിനും രേഖകൾ ഒന്നുമില്ലെന്ന് ബ്രിട്ടീഷ് മാധ്യമങ്ങൾ പറയുന്നു.

എന്നാൽ, പ്രധാനമായും ഇതിലെ ബ്രിട്ടീഷ് ഗവർണറെ ഒരു അക്രമിയായി ചിത്രീകരിച്ചിരിക്കുന്നതാണ് പ്രധാനമായും ഈ ചിത്രത്തിനെതിരെ വിമർശനം ഉയരാൻ ഇടയാക്കുന്നത്. ബോളിവുഡിൽ ഇതുവരെ നിർമ്മിച്ചിട്ടുള്ളതിൽ വെച്ച് ഏറ്റവും ചെലവേറിയ ചിത്രമായ ആർ ആർ ആർ, തെലങ്കാനയിലെ അദിലാബാദിലുള്ള ഒരു വനത്തിൽ നിന്നാണ് അരംഭിക്കുന്നത്. സാങ്കല്പിക കഥാപാത്രങ്ങളായ ഗവർണർ സ്‌കോട്ട് ബക്സ്ടൺ, ഭാര്യ കാതറിൻ ബക്സ്ടൺ എന്നിവരിലൂടെ ബ്രിട്ടീഷ് കാലഘട്ടത്തിലെ ക്രൂരതകൾ വെളിപ്പെടുത്താൻ ശ്രമിക്കുന്നതാണ് ബ്രിട്ടീഷുകാരെ വിളറി പിടിപ്പിക്കുന്നത്.

കൊമരം ഭീമിനെ ക്രൂരമായി മർദ്ദിക്കുന്നതും അതുപോലെ കൂട്ടക്കൊലകൾ നടത്തുന്നതും സ്ത്രീകളെ പീഡിപ്പിക്കുന്നതും, കുട്ടികളെ വരെ പീഡിപ്പിക്കുന്നതുമൊക്കെയായി ബ്രിട്ടീഷ് ക്രൂരതകൾ ഈ ചിത്രം വെളിപ്പെടുത്തുന്നുണ്ട്. അതേസമയം ഭീമിനെ പ്രണയിക്കുന്ന, ഗവർണറുടെ അനന്തിരവളായി ബ്രിട്ടീഷ് നടി ഒളിവിയ മോറിസും ഈ ചിത്രത്തിൽ വരുന്നുണ്ട്.

ഈ ചിത്രത്തിന്റെ കഥയിൽ യാഥാർത്ഥ്യത്തിന്റെ ഒരംശം പോലുമില്ലെന്നാണ് ബ്രിട്ടീഷ് ചരിത്രകാരനായ ഡോ. സരീർ മസാനി പറയുന്നത്. ചിത്രത്തിൽ കാണിച്ചിരിക്കുന്നതുപോലെ തദ്ദേശ വാസികളെ ക്രൂരമായി അടിച്ചമർത്തുന്നതിനു പകരം അന്നത്തെ ബ്രിട്ടീഷ് അധികാരികൾ നിയമം നടപ്പിലാക്കുക മാത്രമായിരുന്നു ചെയ്തതെന്നാണ് അദ്ദേഹം പറഞ്ഞത്. സ്‌കൂളുകളും ആശുപത്രികളും ഒക്കെ സ്ഥാപിച്ചത് അവർ തന്നെയായിരുന്നു, അതിനിടയിൽ ചില ഒറ്റപ്പെട്ട അതിക്രമങ്ങൾ നടന്നിരിക്കാം എന്നും അദ്ദേഹം പറയുന്നു.

നിലവിൽ ഇംഗ്ലീഷേതര ഭാഷകളിൽ, നെറ്റ്ഫ്ളിക്സിൽ ഏറ്റവും അധികം ജനപ്രീതിയാർജ്ജിച്ച ഈ ചിത്രത്തിന്റെ ആരംഭത്തിൽ തന്നെ ഇതിലെ കഥ കേവലം ഭാവനയാണെന്ന് എഴുതിക്കാണിക്കുന്നുണ്ട്. എന്നാൽ, അത് മതിയാകില്ല എന്നാണ് ഒരു മുൻ ബി ബി സി പ്രൊഡ്യുസർ കൂടിയായ മസാനി പറയുന്നത്. ഈ ചിത്രത്തെ പലരും വേദവാക്യമാക്കി എടുക്കാൻ സാധ്യതയുണ്ട്.

നെറ്റ്ഫ്ളിക്സ് തീർത്തും നിരുത്തരവാദപരമായാണ് പെരുമാറുന്നതെന്നും അദ്ദേഹം ആരോപിക്കുന്നു. അവർ ഈ ചിത്രം അവരുടെ പ്ലറ്റ്ഫോമിൽ നിന്നും പൂർണ്ണമായും പിൻവലിക്കണമെന്നും മസാനി ആവശ്യപ്പെടുന്നു.