വത്തിക്കാൻ അംബാസിഡർമാരായ മെത്രാന്മാരെ തിരഞ്ഞെടുക്കാനുള്ള സമിതിയിലേക്ക് രണ്ട് കന്യാസ്ത്രീകൾ അടക്കം മൂന്ന് സ്ത്രീകളെ നിയമിച്ച് പോപ് ഫ്രാൻസിസ്. ഇതോടെ ഫ്രാൻസിസ് മാർപാപ്പ പടിയിറങ്ങും മുമ്പ് കത്തോലിക്ക സഭയിലെ സ്ത്രീകൾക്ക് പൗരോഹിത്യം ലഭിക്കുമോ എന്നാണ് ലോകം ഉറ്റു നോക്കുന്നത്. കന്യാസ്ത്രികളായ റഫേലാ പെട്രിനി, യോനെ റുങ്കോട്ട് എന്നിവർക്കും ലേ വുമൺ മരിയാ ലിയാ സെർവിനോ എന്നിവരാണ് സമിതിയിലേക്ക് നിയമിക്കപ്പെട്ട സ്ത്രീകൾ.

ചരിത്രത്തിലാദ്യമായാണ് ഈ സമിതിയിലേക്ക് സ്ത്രീകളെ നിയമിക്കുന്നത്. ഇതോടെയാണ് ഫ്രാൻസിസ് മാർപാപ്പയുടെ കാലത്ത് പള്ളികളിൽ സ്ത്രീകൾക്ക് കൂടുതൽ ലിംഗ സമത്വം കിട്ടുമോ എന്ന ചോദ്യം ഉയരുന്നത്. എന്നാൽ ഇത്തരം ഒരു ചുവടു വെയ്‌പ്പ് ഫ്രാൻസിസ് മാർപാപ്പ നടത്തിയെങ്കിലും കാത്തോലിക് പള്ളികളിൽ പുരോഹിതരായി പ്രവേശിക്കണമെങ്കിൽ സ്ത്രീകൾക്ക് ഇനിയും ഏറെ കടമ്പകൾ കടക്കാനുണ്ട്. ഒരു ബിഷപ്പോ പുരോഹിതയോ ഡീക്കനോ ആകണമെങ്കിൽ നിരവധി വെല്ലുവിളികളെ അതിജീവിക്കേണ്ടതായുണ്ട്.

അതേസമയം മാർപാപ്പ എടുത്ത ഏറ്റവും പുതിയ തീരുമാനത്തിന് വിശാല മനസ്‌ക്കരായ കാത്തൊലിക് ചർച്ച് അംഗങ്ങൾ സ്വാഗതം ചെയ്തിട്ടുണ്ട്. സ്ത്രീകളെയും ഡീക്കന്മാരായും പുരോഹിതരായം ബിഷപ്പുമാരായും നിയമിക്കണമെന്ന് ഇവരും ആവശ്യപ്പെടുന്നു. എന്നാൽ പഴയ ചിന്താഗതി തുടരുന്ന ആളുകൾ പുരുഷന്മാർ മാത്രം പുരോഹിതരായാൽ മതി എന്ന കടുംപിടുത്തം തുടരുകയാണ്.

അതേസമയം സ്ത്രീകളെ കൂടുതലായി വത്തിക്കാനിലെ ജോലികളിൽ നിയമിക്കണമെന്നും ലിംഗ സമത്വം വേണമെന്ന് ആവശ്യപ്പെട്ടും ഫ്രാൻസിസ് മാർപ്പാപ്പയെ പിന്തുണച്ചും നിരവധി പേർ രംഗത്തെത്തുന്നുണ്ട്. 85കാരനായ ഫ്രാൻസിസ് മാർപാപ്പ വത്തിക്കാനിലെ ഉയർന്ന പോസ്റ്റുകളിൽ സ്ത്രീകളെ നിയമിക്കുന്നതിനെ വളരെയധികം പിന്തുണയ്ക്കുന്ന ആളാണ്.