- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ട്രംപിന്റെ ആദ്യ ഭാര്യ ഇവാനയെ വീട്ടിൽ മരിച്ച നിലയിൽ കാണപ്പെട്ടു; കമ്മ്യൂണിസത്തിന്റെ ഇരുമ്പു മറക്കുള്ളിൽ നിന്നും രക്ഷപ്പെട്ട് എത്തിയത് പ്രണയം വഴി; ആ ബന്ധം തകർന്നത് പോലും നാടകീയമായി; 13 വർഷം ഭാര്യയായിരുന്ന മുൻ മോഡലിന്റെ മരണം ലോകത്തെ അറിയിച്ചത് ഡൊണാൾഡ് ട്രംപ് തന്നെ
ന്യൂ യോർക്ക് സിറ്റി ടൗൺ ഹൗസിലെ തന്റെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ ഇവാന ട്രംപിന്റെ മരണകാരണം ഹൃദയാഘാതമാണെന്ന് സംശയിക്കുന്നതായി റിപ്പോർട്ടുകൾ പുറത്തു വരുന്നു. പ്രദേശിക സമയം ഉച്ച തിരിഞ്ഞ് 1.30 ഓടെ ക്ഷേമാന്വേഷണത്തിനെത്തിയ പൊലീസ് ഉദ്യോഗസ്ഥരാണ് വീടിനകത്തെ കോണിപ്പടികൾ ചുവടെ ഇവർ ബോധരഹിതയായി കിടക്കുന്നത് കണ്ടത്. ഏതായാലും മരണകാരണത്തെ കുറിച്ച് ഔദ്യോഗിക സ്ഥിരീകരണം ഒന്നും ഇതുവരെ ഉണ്ടായിട്ടില്ല.
തന്റെ സ്വന്തം സമൂഹമാധ്യമ പ്ലാറ്റ്‌ഫോം ആയ ട്രൂത്തിൽ ഒരു പോസ്റ്റിലൂടെ ഡൊണാൾഡ് ട്രംപ് തന്നെയാണ് ഇക്കാര്യം പുറം ലോകത്തെ അറിയിച്ചത്. അവരെ സ്‌നേഹിക്കുന്ന എല്ലാവർക്കുമായി ദുഃഖകരമായ ഒരു അറിയിപ്പ്, ഇവാനാ ട്രംപ് അവരുടെ ന്യൂയോർക്കിലെ വസതിയിൽ വെച്ച് മരിച്ചു എന്നായിരുന്നു ആ പോസ്റ്റ്. ഡൊണാൾഡ് ജൂനിയർ, എറിക്, ഇവങ്ക എന്നീ മൂന്ന് കുട്ടികളാണ് ഡൊണാൾഡ് ട്രംപിന് ഇവാനയിലുള്ളത്. അവരുടെ ഭൗതിക ശരീരം ദർശിക്കാൻ ട്രംപ് എത്തിയിരുന്നു. വളരെ സുന്ദരിയായ ഒരു സ്ത്രീ, തന്റെ മക്കളോട് വലിയൊരു ആത്മബന്ധം പുലർത്തിയിരുന്ന അമ്മ, എന്നിങ്ങനെയായിരുന്നു മുൻ ഭാര്യയെ കുറിച്ച് ട്രംപ് പറഞ്ഞത്.
നാളെ സെയിന്റ് ട്രോപെസിലേക്ക് ഒരു യാത്ര തിരിക്കാൻ ഇരിക്കുകയായിരുന്നു അവർ. അതിന്റെ തയ്യാറെടുപ്പുകളുടെ ഭാഗമായി ഹെയർ ഡ്രസ്സറുടെ അപ്പോയിന്റ്മെന്റും എടുത്തിരുന്നു ഇവർ. അതിനിടയിലാണ് ഈ ദുരന്തം സംഭവിച്ചത്. കോണിയിൽ നിന്നും താഴെ വീണുണ്ടായ അപകട മരണമാണോ എന്നും സംശയിക്കുന്നുണ്ട്.
കമ്മ്യൂണിസത്തിന്റെ ഇരുമ്പുമറക്കുള്ളിൽ നിന്നും രക്ഷപ്പെട്ട് എത്തിയത് പ്രണയം വഴി
ചെകോസ്ലോവ്യാക്യയിൽ ഒരു ഇലക്ട്രിക് എഞ്ചിനീയറുടെ മകളായി 1946 ൽ ആയിരുന്നു ഇവാനയുടെ ജനനം. അന്ന് കമ്മ്യൂണിസ്റ്റ് ഭരണം നിലനിൽക്കുന്ന് ചെക്കോസ്ലോവാക്യയിലെ ഇരുമ്പ് മറക്കുള്ളിൽ നിന്നും പുറത്തിറങ്ങാൻ ഇവാന കണ്ടെത്തിയ വഴി പ്രണയമായിരുന്നു. കൗമാരത്തിലെ സ്‌കീയിംഗിൽ വൈദഗ്ധ്യം നേടിയ ഇവാന ആസ്ട്രിയൻ സ്വദേശിയായ ഒരു സ്‌കീയിങ് പരിശീലകനുമായി പ്രണയത്തിലായി. അയാളെ വിവാഹം കഴിച്ച് ആസ്ട്രിയയിൽ എത്തുകയായിരുന്നു. ആസ്ട്രിയൻ പാസ്സ്‌പോർട്ട് ലഭിച്ച ഉടൻ തന്നെ അയാളുമായി വിവാഹമോചനം നേടി കാനഡയിൽ എത്തി. അവിടെ സ്‌കീയിങ് പ്രൊഫഷണലായി തുടർന്ന അവർ ഹ്രസ്വകാലത്തിനു ശേഷം മോഡലിംഗിൽ ഒരു കൈ നോക്കുവാൻ മാൻഹാട്ടനിൽ എത്തുകയായിരുന്നു. അവിടെ വച്ചായിരുന്നു അവർ ട്രംപിനെ കണ്ടുമുട്ടുന്നത്.
ഒരു കൂട്ടം മോഡലുകൾ പങ്കെടുത്ത ഒരു പരിപാടിക്കിടെയായിരുന്നു ഇവർ ട്രംപിനെ കണ്ടുമുട്ടുന്നത്. തുടർന്ന് ഇവർ 1977 ൽ വിവാഹിതരായി. പിന്നീട് ട്രംപിന്റെ രണ്ടാം ഭാര്യയായ മാർല മേപ്പിൾസുമായി ട്രംപിനുള്ള ബന്ധം കണ്ടു പിടിക്കുന്നതുവരെ 13 വർഷക്കാലം ഇവർ ഭാര്യാഭർത്താക്കന്മാരായി തുടർന്നു. വിവാഹമോചന സമയത്ത് 1982-ൽ 14 മില്യൺ പൗണ്ടായിരുന്നു ഇവർക്ക് നഷ്ടപരിഹാരമായി ലഭിച്ചത്. മേപ്പിൾസുമായുള്ള ട്രംപിന്റെ അവിഹിത ബന്ധം തന്നെയായിരുന്നു തങ്ങളുടെ ദാമ്പത്യം തകരാൻ കാരണമായതെന്ന് പിന്നീട് 2017-ൽ എഴുതിയ റൈസിങ് ട്രംപ് എന്ന പുസ്തകത്തിലും ഇവർ പറഞ്ഞിട്ടുണ്ട്.
ട്രംപുമായി വിവാഹമോചനം നേടിയ ശേഷം അവർ ഒരു ഇറ്റാലിയൻ ബിസിനസ്സുമാനായ റിക്കാർഡോ മാസുഷെല്ലിയുമായി പ്രണയത്തിലാവുകയും വിവാഹം കഴിക്കുകയും ചെയ്‌തെങ്കിലും അത് രണ്ട് വർഷത്തിനപ്പുറം നീണ്ടുനിന്നില്ല. പിന്നീട് ഇറ്റാലിയൻ നടൻ റൊസാനോ റൂബി കോണ്ടിയുമായി ബന്ധം തുടർന്നു. ആറു വർഷം നീണ്ട് പ്രണയത്തിനൊടുവിൽ 2008- ൽ ഇവർ വിവാഹിതരാകുമ്പോൾ ഇവാനയ്ക്ക് പ്രായം 59 ഉം റൊസാനോക്ക് പ്രായം 36 ഉം ആയിരുന്നു.
മറുനാടന് മലയാളി ബ്യൂറോ