പട്ടാമ്പി: ഫാക്ടറി ഉടമകളുമായി നല്ല ബന്ധം സ്ഥാപിച്ച് ബിസിനസിൽ പങ്കാളികളായി കയറിപ്പറ്റി കോടികളുടെ തട്ടിപ്പ് നടത്തുന്ന സംഘത്തിനെതിരായ പരാതിയിൽ അന്വേഷണം തുടങ്ങി. സ്ഥാപനം ഉടമയെ തട്ടിക്കൊണ്ടു പോയി ഭീഷണിപ്പെടുത്തി രേഖകളിൽ ഒപ്പിട്ടുവാങ്ങി ഇരുമ്പുരുക്ക് ഫാക്ടറി സ്വന്തമാക്കാൻ ശ്രമിച്ചതോടെയാണ്  ഉടമകളായ ഉമറുൾ ഫറൂഖും പിതാവ് ഇസ്‌മെയിലും പരാതി നൽകിയത്. കേസിൽ അന്വേഷണം തുടങ്ങിയതോടെ പ്രതികൾ ഒളിവിൽ പോയി. ഇവർ സമാനമായ തട്ടിപ്പുകൾ മുമ്പും നടത്തിയതായാണ് വിവരം.

പട്ടാമ്പി ഞാങ്ങാട്ടിരി സ്വദേശി ചുളിയിൽ മൊയ്തുവിന്റെ മകൻ ബിൽഡൊൺ മുസ്തഫ എന്നറിയപ്പടുന്ന മുഹമ്മദ് മുസ്തഫ, തൃശൂർ ചാലിശ്ശേരി സ്വദേശി രായിമരക്കാർ ഹൗസിൽ മൊയ്തുട്ടി, മകൻ റംഷാദ്, തൃശൂർ ചേരനല്ലൂർ സ്വദേശി പുതുവീട്ടിൽ ഇസ്മായിൽ മകൻ റിയാസ് എന്നിവരുടെ പേരിലാണ് പാലക്കാട് സൗത്ത് പൊലീസ് എഫ് ഐ ആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചത്.

തമിഴനാട്ടിലെ കരൂരിലുള്ള ഒരു ഇരുമ്പുരുക്ക് ഫാക്ടറിയിൽ പങ്കാളികളായി കടന്നു കൂടുകയായിരുന്നു തട്ടിപ്പ് സംഘം. ഫാക്ടറി ഉടമ തന്റെ ഡിഗ്രിക്ക് പഠിക്കുന്ന മകന്റെ പേരിലാണ് ഇവരുടെ കൂടെ പാട്ണർഷിപ്പ് ഉണ്ടാക്കിയത്, എന്നാൽ ഫാക്ടറി ഉടമയായ പിതാവ് അറിയാതെ  പഠിക്കാൻ നിൽകുന്ന സ്ഥലത്ത് നിന്നും മകനെ തട്ടി കൊണ്ടു പോയി ഭീഷണിപ്പെടുത്തി എഴുതിയതും എഴുതാത്തതുമായ മുദ്ര പേപ്പറുകളിലും വൈറ്റ് പേപ്പറുകളിലും ഒപ്പ് വാങ്ങിച്ചു. പതിനഞ്ച് കോടി മതിപ്പുള്ള ഫാക്ടറി തട്ടിയെടുക്കാൻ ശ്രമിച്ചപ്പോളാണ് തട്ടിപ്പിന്റെ വിവരം പുറത്ത് വന്നത്.

തുടർന്ന് ഫാക്ടറി ഉടമയും മകനും കേസ് കൊടുക്കുകയായിരുന്നു. പാലക്കാട് സൗത്ത് പൊലീസ് എഫ് ഐ ആർ രജിസറ്റർ ചെയ്ത കേസിൽ അന്വേഷണം തുടങ്ങിയതോടെയാണ് ഈ പ്രതികളാൽ സമാനമായ രീതിയിൽ ഒട്ടേറെപ്പേർ തട്ടിപ്പിനിരയായ വിവരം പുറത്തുവന്നത്. തട്ടിപ്പിനിരയായ മറ്റു ഫാക്ടറി ഉടമകൾ തെളിവുകൾ സഹിതം പുറത്ത് പറയാൻ തയ്യാറായതോടെയാണ് നിയമ നടപടിക്ക് വഴി ഒരുങ്ങിയത്.

വർഷങ്ങൾക്ക് മുമ്പ് നടന്ന റെയിൽവേയുടെ സ്‌ക്രാപ്പ് മോഷണ കേസിലെ പ്രതിയാണ് മൊയ്തുട്ടി, ഇപ്പോൾ മകനെയും മകന്റെ കൂട്ടാളികളെയും ചേർത്ത് പുതിയ രീതിലുള്ള തട്ടിപ്പുകളാണ് ഇവർ നടത്തുന്നത്.

പ്രതികൾക്ക് ഇരുമ്പുരുക്ക് ഫാക്ടറികളിലേക്ക് സ്‌ക്രാപ്പ് സപ്ലൈ ചെയ്യുന്ന ജോലിയാണ് , അതു വഴി ഫാക്ടറി ഉടമകളുമായി നല്ല ബന്ധം സ്ഥാപിക്കുകയും തുടർന്ന് ഫാക്ടറിയുടെ നടത്തിപ്പിനെ കുറിച്ചും മറ്റും മനസ്സിലാക്കി അതിലെ വീഴ്ചകളും പോരായ്മകളും മനസ്സിലാക്കി ഉടമയെ ബോധിപ്പിച്ച് നടത്തിപ്പിനായി ലീസ് എഗ്രിമെന്റ് അല്ലെങ്കിൽ പാട്ണറായി ഫാക്ടറികളിൽ കയറി കൂടിയാണ് ഇവരുടെ രീതി.

ബിസിനസിൽ പങ്കാളികളായാണ് ഇവർ തട്ടിപ്പിന് കളമൊരുക്കുന്നത്. മണ്ണാറക്കാട് സ്വദേശിയുടെ കോയമ്പത്തൂരിലെ അണ്ണൂരിൽ സ്ഥിതി ചെയ്യുന്ന സ്റ്റീൽ ഫാക്ടറി ലീസിന് എടുക്കുകയും കരണ്ട് ബിൽ അടക്കാതെയും ജി എസ് ടി കെട്ടാതെയും മറ്റു ബാധ്യതകൾ വരുത്തിവെച്ചും ഉടമസ്ഥനെ ട്രാപ്പിലാക്കി കബളിപ്പിച്ചു മുങ്ങിയിരുന്നു..

പ്രതികൾ ഇതിന് മുമ്പും സമാനമായ കേസുകളിൽ ഉൾപ്പെട്ടിട്ടുള്ളവരാണ്. കോടികളുടെ തട്ടിപ്പുകളാണ് പ്രതികൾ നടത്തുന്നത്. എറണാകുളം കിഴക്കമ്പലം സ്വദേശിയായ സ്റ്റീൽ ഫാക്ടറി ഉടമയെയും ഈ പ്രതികൾ നേരത്തെ കബളിപ്പിച്ചിരുന്നു. എറണാകുളത്തെ മറ്റൊരു സ്റ്റീൽ വ്യാപാരിയും ഇവരുടെ കെണിയിലകപ്പട്ടതായാണ് വിവരം.