സേലം: തമിഴ്‌നാട് ധർമപുരിയിൽ ഇറിഡിയം ഇടപാടിനെ ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്ന് മലയാളികളെ കൊലപ്പെടുത്തി ക്വാറിയിൽ തള്ളിയ കേസിൽ രണ്ടുപേർ കൂടി അറസ്റ്റിൽ. സേലം സ്വദേശികളായ പ്രഭാകരൻ, ലക്ഷ്മണൻ എന്നിവരുടെ അറസ്റ്റാണു ധർമപുരി പൊലീസ് രേഖപ്പെടുത്തിയത്. കൊച്ചി വരാപ്പുഴ സ്വദേശി ശിവകുമാർ വിശ്വനാഥൻ, തിരുവനന്തപുരം കുന്നുകുഴി സ്വദേശി നെവിൽ ഗ്രിഗറി ബ്രൂസ് എന്നിവരാണ് കൊല്ലപ്പെട്ടത്.

കൊല്ലപ്പെട്ട ഇരുവരുമായി സേലത്തെ ഹോട്ടലിൽ പ്രതികൾ കലഹിച്ചതിന്റെ സിസിടിവി ദൃശ്യങ്ങൾ കണ്ടെടുത്തതാണു കേസിൽ നിർണായകമായത്. സംഘത്തിലെ നാലുപേർ കഴിഞ്ഞദിവസം ചെങ്കോട്ടയിലെ ജില്ലാ കോടതിയിൽ കീഴടങ്ങിയിരുന്നു.

സേലം, ഗോപിചെട്ടിപാളയം സ്വദേശികളായ നാല് പേരാണ് അറസ്റ്റ് ഭയന്നു ചെങ്കോട്ട ജില്ലാ കോടതിയിൽ കീഴടങ്ങിയത്. സേലം സ്വദേശികളായ ജോസഫ്, സുരൻബാബു, വിഷ്ണുവർമ്മൻ, ഗോപിചെട്ടിപാളയം സ്വദേശി രഘു എന്നിവരാണു കീഴടങ്ങിയത്. നടപടിക്രമങ്ങൾ പൂർത്തിയാക്കി നാലുപേരെയും തിരുനൽവേലി പാളയം കോട്ടൈ സെൻട്രൽ ജയിലിലേക്ക് റിമാൻഡ് ചെയ്തിരുന്നു.

കൊല്ലപ്പെട്ട കൊച്ചി വരാപ്പുഴ സ്വദേശി ശിവകുമാർ വിശ്വനാഥനും, തിരുവനന്തപുരം കുന്നുകുഴി സ്വദേശി നെവിൽ ഗ്രിഗറി ബ്രൂസും സേലം ഇ.വി.ആർ. സർക്കിളിലെ ശരവണ ഡീലക്‌സ് എന്ന ഹോട്ടലിൽ താമസിച്ചിരുന്നു. ഇവിടെയെത്തി ഇരുവരെയും കണ്ടവരാണ് കീഴടങ്ങിയത്. ഇവർ ഹോട്ടലിന്റെ ലോബിയിലിരുന്നു ശിവകുമാറും ബ്രൂസുമായി സംസാരിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് പിടിച്ചെടുത്തിരുന്നു.

ഇതു മനസിലാക്കിയാണു മുതിർന്ന അഭിഭാഷകനൊപ്പം എത്തി കീഴടങ്ങിയത്. നാലുപേരെയും കസ്റ്റഡിയിൽ വാങ്ങാൻ അന്വേഷണസംഘം നടപടികൾ തുടങ്ങി. തിങ്കളാഴ്ച മാത്രമേ ഇതുസംബന്ധിച്ച അപേക്ഷ കോടതിയിലെത്തു.

ഇറിഡിയം വിൽപനയുമായി ബന്ധപ്പെട്ട ഇടപാടുകളാണു കൊലപാതകത്തിലേക്കു നയിച്ചതെന്നു സംശയിക്കുന്നതായി ധർമപുരി ജില്ലാ പൊലീസ് മേധാവി കലൈസെൽവൻ അറിയിച്ചു. 19നു രാവിലെ പെരിയല്ലി വനമേഖലയോടു ചേർന്ന റോഡരികിലാണ് വിശ്വനാഥനെയും നെവിലിനെയും മരിച്ച നിലയിൽ കണ്ടെത്തിയത്.

ഇറിഡിയം വിൽക്കാനോ വാങ്ങാനോ എത്തിയ സംഘം ഇരുവരെയും തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയെന്നാണ് നിഗമനം. ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ട കാറിൽ നിന്നു മൊബൈൽ ഫോണുകൾ കണ്ടെടുത്ത പൊലീസ് ഇതിൽ നിന്നു നീക്കം ചെയ്ത വിവരങ്ങൾ വീണ്ടെടുത്തിട്ടുണ്ട്. ഇറിഡിയം തട്ടിപ്പുമായി ബന്ധപ്പെട്ടു ചെന്നൈയിലും കോയമ്പത്തൂരും സമീപകാലത്ത് അറസ്റ്റിലായവരെ ചോദ്യം ചെയ്തിരുന്നു.

നെവിലും ശിവകുമാറും കൊല്ലപ്പെടുന്നതിനു 3 മണിക്കൂർ മുൻപു സേലം പുതിയ ബസ് സ്റ്റാൻഡിനു സമീപത്തെ ലോഡ്ജിൽ നിന്ന് ഇറങ്ങി കാറിൽ പോകുന്ന സിസിടിവി ദൃശ്യങ്ങൾ പൊലീസിനു കിട്ടിയിരുന്നു. കൊലപാതകവുമായി ബന്ധപ്പെട്ട് തമിഴ്‌നാട് പൊലീസ് കേരളത്തിലും അന്വേഷണം നടത്തിയിരുന്നു.

ഇറിഡിയം നൽകാമെന്നു വിശ്വസിപ്പിച്ചു പണം തട്ടുന്ന സംഘത്തിന്റെ ഇടനിലക്കാർ കേരളത്തിലുണ്ടെന്നാണ് അന്വേഷണസംഘത്തിനു ലഭിച്ച വിവരം. തൃശൂർ, കൊച്ചി എന്നിവിടങ്ങൾ കേന്ദ്രീകരിച്ചു സംഘം അന്വേഷണം തുടങ്ങി. കേരളത്തിൽ രജിസ്റ്റർ ചെയ്ത കേസുകളുടെ വിവരങ്ങൾ ശേഖരിച്ചിരുന്നു.

ഇറിഡിയം ലോഹം പ്രത്യേക രീതിയിൽ വീട്ടിൽ സൂക്ഷിച്ചാൽ ഐശ്വര്യമുണ്ടാകുമെന്നു വിശ്വസിപ്പിച്ചാണു തട്ടിപ്പ്. ലക്ഷക്കണക്കിനു രൂപയാണ് ആവശ്യപ്പെടുന്നത്. ഇറിഡിയത്തിനു വലിയ ആണവശേഷിയുണ്ടെന്നും സർക്കാരിന്റെ സഹായത്തോടെ ഇവ ആണവ നിലയങ്ങൾക്കു വിൽക്കാമെന്നും വിശ്വസിപ്പിച്ചും തട്ടിപ്പു നടക്കുന്നുണ്ട്.

കസ്റ്റഡിയിലെടുത്ത സേലം മേട്ടൂർ സ്വദേശിയിൽ നിന്നു ലഭിച്ച വിവരത്തെത്തുടർന്ന്, കൊല്ലപ്പെട്ട എറണാകുളം സ്വദേശിയുടെ വീട്ടിലെത്തി അന്വേഷണസംഘം വിവരങ്ങൾ ശേഖരിച്ചിരുന്നു. തന്നെ ചിലർ ഭീഷണിപ്പെടുത്തിയെന്നു ചൂണ്ടിക്കാട്ടി ശിവകുമാർ ഒരു മാസം മുൻപു മുഖ്യമന്ത്രിക്കു പരാതി നൽകിയിരുന്നു. സേലത്തെ ഹോട്ടലിൽ എത്തി തിരുവനന്തപുരം സ്വദേശികളായ രണ്ടു പേരാണു ഭീഷണിപ്പെടുത്തിയതെന്നു പരാതിയിൽ പറഞ്ഞിരുന്നു. ഭീഷണിപ്പെടുത്തിയവർ പൊലീസുകാരാണെന്നു പറഞ്ഞെന്നു സൂചനയുണ്ട്.

തിരുവനന്തപുരത്തെ ഒരാളിൽനിന്നു വാങ്ങിയ ഒരു കോടിയോളം രൂപ തിരികെ നൽകിയില്ലെങ്കിൽ വരാപ്പുഴയിലെ വീട്ടിൽ വന്നു കൊലപ്പെടുത്തുമെന്നായിരുന്നു ഭീഷണി. പാസ്പോർട്ട് ഇവർ പിടിച്ചുവാങ്ങിയെന്നും പരാതിയിലുണ്ട്. തുടർന്നു വരാപ്പുഴ പൊലീസ് മൊഴിയെടുത്തിരുന്നു. പുരാവസ്തുക്കൾ മലേഷ്യയിലേക്കുൾപ്പെടെ കയറ്റി അയച്ച് ഇരട്ടിലാഭം നേടാമെന്നു പറഞ്ഞു ശിവകുമാർ പലരിൽ നിന്നായി ലക്ഷങ്ങൾ വാങ്ങിയിട്ടുണ്ടെന്നാണു സൂചന.

ബിസിനസ് പങ്കാളികളായ ഇരുവരും ഞായറാഴ്ച രാവിലെ എറണാകുളത്തുനിന്നു സുഹൃത്തിന്റെ കാറിൽ സേലത്ത് വന്നതാണ്. സേലം-ബെംഗളൂരു ദേശീയപാതയിൽ ധർമപുരി എത്തുന്നതിനുമുമ്പാണ് നല്ലപ്പള്ളി. ഇവിടെനിന്ന് രണ്ടു കിലോമീറ്റർ ഉള്ളിൽ വനമേഖലയിലുള്ള ക്രഷർ യൂണിറ്റിനുസമീപത്തു നിന്നാണ് ഇരുവരുടേയും മൃതദേഹം കണ്ടെത്തിയത്. രണ്ടിടത്തായാണ് മൃതദേഹം കിടന്നിരുന്നത്. അല്പം മാറി ഇവർ വന്ന കാറുമുണ്ട്. കാറിൽനിന്ന് മൂന്ന് മൊബൈൽ ഫോണും പഴ്സും കണ്ടെത്തിയിരുന്നു. പൊലീസ് പരിശോധനയിൽ ഇരുവരുടെയും ശരീരത്തിൽ മർദനമേറ്റ പാടുകളുണ്ടെന്ന് കണ്ടെത്തി. കൊലപ്പെടുത്തിയശേഷം മൃതദേഹം ഇവിടെ കൊണ്ടുവന്നിട്ടതാണെന്നാണ് നിഗമനം.