നെറ്റ്ഫ്ളിക്സ് ഉപയോക്താക്കളുടെ എണ്ണത്തിൽ വൻ ഇടിവ് സംഭവിക്കാൻ പോകുന്നുവെന്ന് റിപ്പോർട്ട്. ഇന്ന് രണ്ടാം പാദ സാമ്പത്തിക റിപ്പോർട്ട് പുറത്തിറക്കുന്നതോടെ ഏകദേശം രണ്ട് മില്യൺ സബ്സ്‌ക്രിപ്ഷനുകളുടെ എണ്ണത്തിൽ കുറവ് സംഭവിക്കുമെന്നാണ് വ്യക്തമാകുന്നത്. ഏപ്രിലിൽ പുറത്തിറക്കിയ അവസാന റിപ്പോർട്ടിലും ഉപയോക്താക്കളുടെ എണ്ണത്തിൽ കുറവ് സംഭവിച്ചിരുന്നു. ആഗോള തലത്തിൽ രണ്ട് ലക്ഷം ഉപഭോക്താക്കളെയാണ് ഈ സാമ്പത്തിക വർഷം ആദ്യ പാദത്തിൽ നഷ്ടമായത്. അതുവരെയുള്ള നെറ്റ്ഫ്ളിക്സിന്റെ ചരിത്രത്തിൽ തന്നെ ഏറ്റവും വലിയ ഇടിവ് ആയിരുന്നു അത്.

ഇപ്പോഴിതാ, രണ്ടാം പാദ സാമ്പത്തിക റിപ്പോർട്ടിൽ രണ്ട് മില്യൺ സബ്സ്‌ക്രിപ്ഷനുകളുടെ കുറവ് സംഭവിക്കുമെന്നാണ് കണക്കുകൾ. ലാറ്റിൻ അമേരിക്കയിൽ പരീക്ഷിക്കാൻ ഉദ്ദേശിക്കുന്ന പാസ് വേഡ് പങ്കുവെക്കുന്നത് തടയുന്നതിനുള്ള തന്ത്രങ്ങളുടെ ചുവടുപിടിച്ചാണ് ഈ റിപ്പോർട്ട്. ഇതാണ് നെറ്റ്ഫ്ലിക്സ് വരിക്കാരുടെ എണ്ണത്തിൽ വൻ ഇടിവ് സംഭവിക്കാൻ കാരണമായി ചൂണ്ടിക്കാട്ടുന്നത്.

അഞ്ച് ലാറ്റിനമേരിക്കൻ രാജ്യങ്ങളിലെ വരിക്കാരോട് വീടുകളിൽ സ്ഥിരമായി ഒരു പ്ലാറ്റ്ഫോം ഉപയോഗിക്കുന്നുണ്ടെങ്കിൽ അധിക ഫീസ് നൽകുവാനാണ് നെറ്റ്ഫ്ളിക്സ് ആവശ്യപ്പെടുന്നത്. എൽ സാൽവഡോർ, ഗ്വാട്ടിമാല, ഹോണ്ടുറാസ്, ഡൊമിനിക്കൻ റിപ്പബ്ലിക്, അർജന്റീന എന്നിവിടങ്ങളിലെ ഉപയോക്താക്കൾക്കാണ് ഇതുസംബന്ധിച്ചുള്ള അറിയിപ്പുകൾ ലഭിക്കുക. അവർ വീട് വിട്ട് മറ്റൊരിടത്തു നിന്നും രണ്ടാഴ്ചയിൽ കൂടുതൽ ഒരേ അക്കൗണ്ടും പാസ് വേഡും ഉപയോഗിച്ചിട്ടുണ്ടെങ്കിൽ അവരുടെ അക്കൗണ്ടിൽ ഒരു അറിയിപ്പ് ലഭിക്കും. ആ വ്യത്യസ്ത സ്ഥലത്ത് തുടർന്നും കാണുവാൻ പതിവ് സബ്‌സ്‌ക്രിപ്ഷൻ കൂടാതെ 2.99 ഡോളർ (അർജന്റീനയിൽ 1.70 ഡോളർ) കൂടി നൽകാൻ അവരോട് ആവശ്യപ്പെടും.

അതേസമയം, ലാപ്‌ടോപ്പുകൾ, ഫോണുകൾ, ടാബ്ലെറ്റുകൾ എന്നിവയുൾപ്പെടെയുള്ള മൊബൈൽ ഉപകരണങ്ങളിൽ കാണുന്ന ഉപയോക്താക്കൾക്ക് അധിക ഫീസ് ബാധകമല്ല. സബ്‌സ്‌ക്രിപ്ഷൻ അധിഷ്ഠിത വരുമാന പ്ലാറ്റ്‌ഫോം നിലനിർത്തിക്കൊണ്ടുതന്നെ കുത്തനെ ഇടിഞ്ഞുകൊണ്ടിരിക്കുന്ന ലാഭം ഉയർത്താനുള്ള വഴി കണ്ടെത്താൻ പാടുപെടുന്ന നെറ്റ്ഫ്ലിക്‌സിനെ തകർക്കാൻ വരെ പുതിയ നീക്കത്തിലൂടെ സാധിക്കുമെന്നാണ് വിദഗ്ദ്ധർ നൽകുന്ന റിപ്പോർട്ട്.

അതേസമയം, ഉപയോക്താക്കളെ പരസ്യങ്ങൾക്ക് വിധേയമാക്കുകയോ അവരുടെ ഡാറ്റ വിൽക്കുകയോ ചെയ്യാതിരിക്കാൻ നെറ്റ്ഫ്ലിക്സ് സാധ്യമായതെല്ലാം ചെയ്യുന്നുണ്ടെന്ന് വിശകലന വിദഗ്ദ്ധർ പറഞ്ഞു. ഏപ്രിലിൽ 200,000 വരിക്കാരുടെ നഷ്ടം പ്രഖ്യാപിച്ചതിനെത്തുടർന്ന് നെറ്റ്ഫ്ലിക്സിന്റെ ഓഹരി വില 65 ശതമാനത്തിലധികം ഇടിഞ്ഞിരുന്നു. തുടർന്നാണ് ഇത്തരമൊരു മാറ്റത്തിന് നീക്കം ഉണ്ടായത്.

നിലവിൽ ഉപഭോക്താക്കൾ പാസ്വേഡ് പങ്കിടുന്നത് തടയാൻ എല്ലാ വഴികളും തേടുകയാണ് നെറ്റ്ഫ്‌ളിക്‌സ്. ഇതിനായി പുതിയൊരു മാർഗം കണ്ടെത്തി കമ്പനി പരീക്ഷണം ആരംഭിച്ചിട്ടുണ്ട്. ചിലി, കോസ്റ്ററിക്ക, പെറു എന്നിവിടങ്ങളിലാണ് നിലവിൽ പരീക്ഷണം നടത്തുന്നത്. ആഡ് എക്‌സ്ട്ര മെമ്പർ എന്ന ഓപ്ഷനാണ് പുതിയതായി ചേർത്തിരിക്കുന്നത്. നിങ്ങൾ പാസ് വേഡ് ഷെയർ ചെയ്ത അടുത്ത വ്യക്തിക്ക് പുതിയ ഓപ്ഷൻ ഉപയോഗിച്ച് മാത്രമേ നെറ്റ്ഫ്‌ളിക്‌സ് കാണാൻ സാധിക്കൂ.

എന്നാൽ ഈ ഓപ്ഷൻ ഉപയോഗിക്കണമെങ്കിൽ പണമടക്കണമെന്ന് ആവശ്യപ്പെടും. ഇത്തരത്തിൽ സൗജന്യ പാസ്വേഡ് ഷെയറിങ് നിർത്തലാക്കാമെന്നാണ് കമ്പനി കരുതുന്നത്. ഇത് എല്ലാ രാജ്യങ്ങളിലും പ്രാവർത്തികമാക്കിയാൽ പാസ്വേഡ് പങ്കുവെച്ച് സൗജന്യമായി കാണാനുള്ള അവസരം പൂർണമായും നഷ്ടപ്പെടും.