- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ലവ് യു' എന്ന് പറഞ്ഞ് മമ്മൂട്ടി; 'ചാക്കോച്ചാ മോനേ, നീ പൊളിച്ചൂടാ...' എന്ന് ഔസേപ്പച്ചൻ; ചുറ്റുമുള്ളതൊന്നും നോക്കിയില്ല, അങ്ങ് ഡാൻസ് ചെയ്തെന്ന് ചാക്കോച്ചൻ: ഉത്സവപ്പറമ്പിലെ മതിമറന്നുള്ള ചാക്കോച്ചന്റെ ഡാൻസ് ഏറ്റെടുത്ത് സോഷ്യൽമീഡിയ
സോഷ്യൽ മീഡിയ കീഴടക്കിയിരിക്കുകയാണ് കുഞ്ചാക്കോ ബോബന്റെ വൈറൽ ഡാൻസ്. ദേവദൂതർ പാടി എന്ന മമ്മൂക്കയുടെ ഹിറ്റ് ഗാനം പുനരാവിഷ്‌ക്കരിച്ചപ്പോൾ ആ പാട്ടിനൊത്ത് നൃത്തം ചെയ്ത് പ്രേക്ഷകരുടെ ഇഷ്ടം ഒന്നുകൂടി ഉറപ്പിക്കുകയാണ് കുഞ്ചാക്കോ ബോബൻ. ഡാൻസ് അറിയാത്ത ആൾ നൃത്തം വയ്ക്കുന്നത് എങ്ങനെയെന്ന് അഭിനയിച്ച് ഫലിപ്പിക്കുക എന്ന വെല്ലുവിളി വിജയകരമായി ഏറ്റെടുത്ത ചാക്കോച്ചൻ അത് ഭംഗിയായി നിർവ്വഹിക്കുകയും ചെയ്തു. സോഷ്യൽ മീഡിയയിൽ ഇത് ഹിറ്റായതോടെ സന്തോഷം പങ്കുവെച്ച് ചാക്കോച്ചനും എത്തി. ചുറ്റുമുള്ളതൊന്നും നോക്കിയില്ല, അങ്ങ് ഡാൻസ് ചെയ്യുകയായിരുന്നു എന്നാണ് ചാക്കോച്ചൻ പറഞ്ഞത്.
ഡാൻസ് കണ്ട ശേഷം പലപ്രമുഖരം കുഞ്ചാക്കോ ബോബനെ അഭിനന്ദിച്ച് രംഗത്തെത്തിയിരുന്നു. 'ചാക്കോച്ചാ മോനേ, നീ പൊളിച്ചൂടാ...'എന്നാണ് ഈ പാട്ടിന്റെ സംഗീത സംവിധായകനായ ഔസേപ്പച്ചൻ അഭിപ്രായപ്പെട്ടത്. സോഷ്യൽ മീഡിയയിലൂടെ അദ്ദേഹം തന്റെ സന്തോഷം പങ്കുവെച്ച് എത്തുകയും ചെയ്തിരുന്നു. എവർഗ്രീൻ സോങ് റീക്രിയേറ്റ് ചെയ്ത് വേറൊരു തരത്തിൽ അവതരിപ്പിക്കുമ്പോൾ അത് മോശമാകരുതെന്ന് നിർബന്ധമുണ്ടായിരുന്നെന്ന് ചാക്കോച്ചൻ പറയുന്നു. ആദ്യം തന്നെ മമ്മൂക്കയെ കാണിച്ച് സമ്മതം വാങ്ങി. ഇത് കണ്ട അദ്ദേഹം വാട്‌സാപ്പിലൂടെ ഒരു തമ്പ്‌സ് അപ്പും നന്നായി ഇരിക്കുന്നു, ലവ് യൂ എന്നുമാണ് മറുപടി തന്നത്. അത് വലിയ തോതിലുള്ള ഊർജമാണ് തന്നതെന്ന് ചാക്കോച്ചൻ പറയുന്നു.
മമ്മൂക്ക തന്നെ ഇത് ഒഫീഷ്യലായി അനൗൺസ് ചെയ്തു. മാത്രമല്ല ഔസേപ്പച്ചൻ ചേട്ടൻ വിളിച്ച് സന്തോഷം അറിയിച്ചതും വലിയ ഭാഗ്യമായെന്ന് ചാക്കോച്ചൻ പറയുന്നു. . കൂടാതെ സമൂഹമാധ്യമങ്ങളിലൂടെ അദ്ദേഹം സന്തോഷം പങ്കുവച്ചു. എന്തെങ്കിലും കൈപ്പിഴ പറ്റിയിരുന്നെങ്കിൽ നാട്ടുകാർ എയറിൽ നിർത്തിയേനെ. ജനങ്ങൾ ഏറ്റെടുത്തതിൽ സന്തോഷവും സമാധാനവുമുണ്ടെന്നും ചാക്കോച്ചൻ.
സംവിധായകനായ രതീഷ് പൊതുവാളാണ് ഡാൻസിനെക്കുറിച്ച് പറഞ്ഞത്. എങ്ങനെ അവതരിപ്പിക്കണം, അയാളുടെ രൂപഭാവമൊക്കെ എങ്ങനെയായിരിക്കണം എന്നൊക്കെ തീരുമാനിച്ചത് അവരായിരുന്നു. ഷോട്ട് എടുക്കുന്ന സമയത്ത് രണ്ട് മൂന്ന് നൃത്തച്ചുവടുകൾ കാണിച്ചു. അപ്പോൾ കുഴപ്പമില്ല എന്ന് തോന്നി. പിന്നെ ചുറ്റുമുള്ളതൊന്നും ഒന്നും നോക്കിയില്ല. അങ്ങ് ഡാൻസ് ചെയ്യുകയായിരുന്നു. ഈ സിനിമയിലെ കഥാപാത്രം നൃത്തപ്രേമിയാണ്. പക്ഷേ നൃത്തം അഭ്യസിച്ചിട്ടില്ല. ആദ്യം കൊറിയോഗ്രാഫറെ വെച്ച് ചെയ്യാമെന്ന് പറഞ്ഞെങ്കിലും ആ ഉദ്യമം ചാക്കോച്ചൻ സ്വയം ഏറ്റെടുക്കുക ആയിരുന്നു. ഡാൻസ് കണ്ട് പലരും വിളിച്ചെന്നും ഇങ്ങനെ ഒരാൾ ഞങ്ങളുടെ ഗ്രാമത്തിലുണ്ടെന്ന് പലരും പേരെടുത്തു തന്നെ പറയുന്നുതു കേൾക്കുമ്പോൾ സന്തോഷം തോന്നുന്നെന്നും ചാക്കോച്ചൻ.
ഉത്സവപ്പറമ്പിൽ പാട്ടുമായി ഒരു ബന്ധവുമില്ലാതെ ഡാൻസ് ചെയ്യുന്നയാൾ കാണും. ഒടുക്കത്തെ ഡാൻസാണെങ്കിലും പാട്ടുമായി ഒട്ടും സിങ്കായിരിക്കില്ല. അത്തരത്തിലൊരു റഫറൻസ് എനിക്ക് തന്നിരുന്നു. ഇതെങ്ങനെ ചെയ്യണമെന്ന തരത്തിലുള്ള ആലോചനകൾ നടക്കുമ്പോഴാണ് കോറിയോഗ്രാഫറില്ലാതെ ചെയ്താലോ എന്ന് ചോദിച്ചത്. കൊറിയോഗ്രാഫർ വന്ന് ചെയ്താൽ അത് ആ രീതിയിലായിപ്പോവും. ആ സ്പോട്ടിൽ എങ്ങനെ ചെയ്യാൻ തോന്നുന്നുവോ അത് പോലെ ചെയ്താലോയെന്ന് ചോദിച്ചിരുന്നു. അതിനുള്ളൊരു ഫ്രീഡം അവർ തന്നിരുന്നു. ഉത്സവപ്പറമ്പിൽ ആളുകൾക്കിടയിൽ ഡാൻസ് ചെയ്യുമ്പോൾ നല്ല ചമ്മലായിരുന്നു. ആ ചമ്മൽ വെച്ച് ചെയ്താൽ ശരിയാവില്ലായിരുന്നു. ചുറ്റുമുള്ളതൊന്നും കാണുന്നില്ലെന്ന തരത്തിൽ വന്നാണ് ഡാൻസ് ചെയ്തത്. ചെയ്ത് കഴിഞ്ഞ് അത് കണ്ടപ്പോൾ എനിക്ക് തന്നെ ചിരി വന്നിരുന്നു.
ചാക്കോച്ചനെ അഴിച്ച് വിട്ടിരിക്കുകയാണെന്നായിരുന്നു സംവിധായകൻ പ്രതികരിച്ചത്. ആ ദുഷ്ടനാണ് എന്നെക്കൊണ്ട് ഇതൊക്കെ ചെയ്യിക്കുന്നതെന്നായിരുന്നു ഇത് കേട്ടപ്പോൾ കുഞ്ചാക്കോ ബോബൻ പറഞ്ഞത്. എന്റെ മോന് പോലും എന്നെ മനസിലാവാത്ത രീതിയിലേക്ക് മാറ്റി. മലയാളികളുടെ എക്കാലത്തേയും പ്രിയപ്പെട്ട പാട്ടുകളിലൊന്നായ ദേവദൂതർ റിക്രിയേറ്റ് ചെയ്യുമ്പോൾ ഒരുതരത്തിലും മോശമാവരുതെന്നുണ്ടായിരുന്നു.