കോഴിക്കോട്: പൊലീസ് കസ്റ്റഡിയിലെടുത്ത വ്യക്തി സ്റ്റേഷൻ കോമ്പൗണ്ടിൽ കുഴഞ്ഞുവീണ് മരിച്ച സംഭവത്തിന്റെ പേരിൽ വടകര സ്റ്റേഷനിലെ ഉദ്യോഗസ്ഥരെ ഒന്നടങ്കം സ്ഥലം മാറ്റിയ നടപടിയിൽ സേനയിൽ കടുത്ത അതൃപ്തി. കല്ലേരി സ്വദേശി സജീവന്റെ മരണവുമായി ബന്ധപ്പെട്ടാണ് 66 പേരെയും സ്ഥലം മാറ്റി ഉത്തരവ് പുറപ്പെടുവിച്ചത്.

സംഭവവുമായി യാതൊരു ബന്ധവുമില്ലാത്തവരെ പോലും സ്ഥലം മാറ്റിയെന്നാണ് ആക്ഷേപം. സംഭവം സമയം കുറച്ച് പൊലീസുകാർ മാത്രമായിരുന്നു വടകര സ്റ്റേഷനിൽ ഡ്യൂട്ടിക്കുണ്ടായിരുന്നത്. ഇവർക്കെതിരെ നടപടിയെടുത്തതിനൊപ്പം ഡ്യൂട്ടിയിൽ ഇല്ലാത്തവരെയും മെഡിക്കൽ ലീവിലുള്ളവരെപ്പോലം സ്ഥലം മാറ്റുകയാണ് ഉണ്ടായിട്ടുള്ളത്.

വടകര സ്റ്റേഷനിൽ നിന്ന് 66 പേരെയാണ് റൂറൽ ജില്ലയിലെ വിവിധ സ്റ്റേഷനുകളിലേക്ക് മാറ്റിയിരിക്കുന്നത്. ഇത്രയും പേർക്ക് പകരമായി മറ്റ് സ്റ്റേഷനുകളിൽ നിന്നുള്ളവരെ വടകരക്ക് മാറ്റുകയും ചെയ്തിട്ടുണ്ട്. ഫലത്തിൽ നൂറിലേറെ പൊലീസുദ്യോഗസ്ഥരെയാണ് നടപടി ബാധിച്ചിരിക്കുന്നത്. അപ്രതീക്ഷിതമായ സ്ഥലം മാറ്റമാണ് പലരെയും പ്രയാസപ്പെടുത്തിയിരിക്കുന്നത്. മറ്റ് സ്റ്റേഷനുകളിൽ നിന്ന് വടകരയിലേക്ക് സ്ഥലം മാറ്റപ്പെട്ടവർക്കും ഇക്കാര്യത്തിൽ വലിയ നീരസമുണ്ട്.

കോഴിക്കോട് റൂറൽ സ്റ്റേഷൻ പരിധിയിൽ കാപ്പാട് ടുറിസം പൊലീസ് അടക്കം 23 പൊലീസ് സ്റ്റേഷനുകളാണുള്ളത്. ഇവിടെ നിന്നൊക്കെ പൊലീസുകാരെ വടകരയിലേക്ക് മാറ്റിയിട്ടുണ്ട്. മുഖ്യമന്ത്രിയുടെ പ്രത്യേക നിർദ്ദേശപ്രകാരമായിരുന്നു നടപടി. എഴുപത് പേരായിരുന്നു വടകരയിൽ ജോലി ചെയ്തിരുന്നത്. എസ്‌ഐ അടക്കം നാല് പേരെ സസ്‌പെന്റ് ചെയ്തിരുന്നു. ബാക്കിയുള്ള 66 പേരെയാണ് സ്ഥലം മാറ്റിയത്.

വടകരയിൽ പൊലീസ് സ്റ്റേഷൻ വളപ്പിൽ മരിച്ച സജീവന് പ്രാഥമിക ചികിത്സ നൽകുന്നതിൽ ഗുരുതര വീഴ്ച പൊലീസ് ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്ന് ഉണ്ടായെന്നാണ് ഉത്തരമേഖല ഐജിയുടെ കണ്ടെത്തൽ. നെഞ്ചുവേദന അനുഭവപ്പെട്ട കാര്യം പലതവണ പറഞ്ഞിട്ടും പൊലീസ് കാര്യമായെടുത്തില്ല. സഹായിക്കാൻ ശ്രമിച്ചവരെ പിന്തിരിപ്പിച്ചു. ഇതെല്ലാം ഗുരുതര വീഴ്ചയാണെന്ന് റിപ്പോർട്ടിലുണ്ട്.

കഴിഞ്ഞ വ്യാഴാഴ്ച രാത്രി 11.30ഓടെയാണ് വടകര ടൗണിലെ അടയ്ക്കാതെരുവിൽ വച്ച് വടകര കല്ലേരി സ്വദേശിയായ സജീവനും രണ്ട് സുഹൃത്തുക്കളും സഞ്ചരിച്ചിരുന്ന കാർ മറ്റൊരു കാറുമായി കൂട്ടിയിടിച്ചത്. ഇരുകൂട്ടരും തമ്മിൽ വാക്കുതർക്കമായി. ഒടുവിൽ പൊലീസെത്തി, സജീവൻ സഞ്ചരിച്ചിരുന്ന കാർ സ്റ്റേഷനിലേക്ക് മാറ്റി.

അപകട സമയം സജീവന്റെ സുഹൃത്തായിരുന്നു കാർ ഓടിച്ചത്. എങ്കിലും മദ്യപിച്ചെന്ന പേരിൽ സജീവനെ സബ്ബ് ഇൻസ്‌പെക്ടർ നിജേഷ് മർദ്ദിക്കുകയായിരുന്നെന്ന് സജീവനൊപ്പം ഉണ്ടായിരുന്നവർ പറഞ്ഞു. കസ്റ്റഡി മരണം സംബന്ധിച്ച് ക്രൈംബ്രാഞ്ചിന്റെ അന്വേഷണം പുരോഗമിക്കുകയാണ്.