മംഗളൂരു: മംഗളൂരു ഭീതിയിലാണ്. അടുത്ത നിമിഷം എന്തു സംഭവിക്കുമെന്ന് ആർക്കും അറിയില്ല. അടുത്തടുത്ത ദിവസങ്ങളിലായി നടന്ന രണ്ട് കൊലപാതകങ്ങളെത്തുടർന്ന് സംഘർഷാവസ്ഥ നിലനിൽക്കുന്ന ബെൽത്തങ്ങടി, സുള്ള്യ, കഡബ എന്നിവിടങ്ങളിൽ നിരോധനാജ്ഞ ഓഗസ്റ്റ് ആറുവരെ നീട്ടി. മംഗളൂരു കമ്മിഷണറേറ്റ് പരിധിയിലുള്ള നിരോധനാജ്ഞ തിങ്കളാഴ്ച വരെയും നീട്ടി. വടക്കൻ കേരളത്തിലും ജാഗ്രതയുണ്ട്.

ഫാസിലിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് 14 പേർ പൊലീസ് കസ്റ്റഡിയിലുണ്ട്. സുള്ള്യയിൽ ദിവസങ്ങൾക്കു മുന്നെ നടന്ന മറ്റ് രണ്ട് കൊലപാതകങ്ങളുമായി ഫാസിലിന്റെ കൊലപാതകത്തിന് ബന്ധമുണ്ടോയെന്ന് ഇപ്പോൾ പറയാനാകില്ലെന്ന് പൊലീസ് അറിയിച്ചു. അതേസമയം ജൂലായ് 26-ന് സുള്ള്യ ബെല്ലാരയിൽ യുവമോർച്ച നേതാവ് പ്രവീൺ നെട്ടാരു കൊല്ലപ്പെട്ട കേസിന്റെ അന്വേഷണത്തിൽ കൂടുതൽ പുരോഗതിയൊന്നുമില്ല. ആകെ രണ്ടു പേർ മാത്രമാണ് അറസ്റ്റിലായത്. അന്വേഷണം കേരളം കേന്ദ്രീകരിച്ചാണ് നടക്കുന്നത്.

സൂറത്കലിൽ യുവാവിനെ നാലംഗ മുഖംമൂടി സംഘം തുണക്കടയിൽ കയറി വെട്ടിക്കൊന്ന കേസിൽ 11 പേർ കൂടി കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ഇന്നലെ 10 പേരെ കസ്റ്റഡിയിലെടുത്തിരുന്നു. ഇതോടെ കസ്റ്റഡിയിലുള്ളവരുടെ എണ്ണം 21 ആയിട്ടുണ്ട്. അതേസമയം കൊലപാതകം നടന്ന് ഇത്രയും സമയമായിട്ടും പ്രതികളെ പിടികൂടാൻ പൊലീസിന് കഴിഞ്ഞിട്ടില്ല. ഇപ്പോൾ കസ്റ്റഡിയിലുള്ളവർ കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്തവരല്ലയെന്നാണ് റിപ്പോർട്ട്. സൂറത് കൽ സ്വദേശി ഫാസിൽ എന്ന യുവാവിനെയാണ് നാലംഗ സംഘം വെട്ടിക്കൊലപ്പെടുത്തിയത്. ഇയാൾ മംഗളൂരുവിൽ തുണിക്കട നടത്തുന്നയാളാണ്. ഇയാളുടെ കടയുടെ മുന്നിൽ വച്ച് വ്യാഴാഴ്ച രാത്രി 9 മണിയോടെയായിരുന്നു സംഭവം.

പരിചയക്കാരനുമായി സംസാരിച്ചുകൊണ്ടിരുന്ന ഫാസിലിന്റെ പിന്നിലൂടെ എത്തിയ സംഘം ഇയാളെ പിടികൂടി ക്രൂരമായി മർദിക്കുകയും കുത്തുകയുമായിരുന്നു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ പുറത്തുവന്നിട്ടുണ്ട്. ചൊവ്വാഴ്ച രാത്രി ബെള്ളാരെയിൽ യുവമോർച്ച നേതാവ് പ്രവീൺ നെട്ടാരു കൊല്ലപ്പെട്ടതിലുള്ള സംഘർഷാവസ്ഥ നിലനിൽക്കവെയാണ് ഈ കൊലപാതകം കൂടി നടന്നിരിക്കുന്നത്. യുവമോർച്ച നേതാവ് പ്രവീൺ നെട്ടാരുവിന്റെ കൊലപാതകം എൻഐഎ പ്രാഥമിക അന്വേഷണം ഉടൻ ആരംഭിക്കും. രണ്ടുപേർ അറസ്റ്റിലായ കേസ് ഇന്നലെ കർണാടക സർക്കാർ എൻഐഎയ്ക്ക് കൈമാറിയിരുന്നു. ഫാസിലിന്റെ കൊലപാതകത്തിന് പിന്നിലെ കാരണം പോലും കണ്ടെത്താൻ പൊലീസിന് ആയിട്ടില്ല.

വെള്ളിയാഴ്ച അനിഷ്ടസംഭവങ്ങളൊന്നും റിപ്പോർട്ട് ചെയ്തില്ലെങ്കിലും ജില്ല പൊലീസ് ജാഗ്രതയിലാണ്. വ്യാഴാഴ്ച രാത്രി സൂറത്ത്കലിൽ കൊല്ലപ്പെട്ട ഫാസിലിന്റെ മൃതദേഹം വൻ ജനാവലിയുടെ സാന്നിധ്യത്തിൽ മുഹ്യിദ്ദീൻ ജുമാമസ്ജിദ് കബർസ്ഥാനിൽ കബറടക്കി. കർശന പൊലീസ് നിരീക്ഷണത്തിലായിരുന്ന ചടങ്ങ്. സൂറത്ത്കൽ മേഖലയിൽ വെള്ളിയാഴ്ച കടകളെല്ലാം അടപ്പിച്ച പൊലീസ് കടുത്ത ഗതാഗതനിയന്ത്രണവും ഏർപ്പെടുത്തി.

കൂടുതൽ അക്രമങ്ങൾ ഉണ്ടാകാനിടയുണ്ടെന്ന റിപ്പോർട്ടിനെത്തുടർന്ന് ശനിയാഴ്ച മുതലുള്ള മൂന്നുദിവസം വൈകിട്ട് ആറുമുതൽ രാവിലെ ആറുവരെ എല്ലാ സ്ഥാപനങ്ങളും അടച്ചിടാൻ ദക്ഷിണ കന്നഡ ജില്ലാ ഡെപ്യൂട്ടി കമ്മിഷണർ ഡോ. രാജേന്ദ്ര ഉത്തരവിട്ടു. ആശുപത്രികൾ, മെഡിക്കൽ ഷോപ്പുകൾ തുടങ്ങി അത്യാവശ്യ വിഭാഗങ്ങളൊഴികെ മറ്റെല്ലാം അടച്ചിടും. അനാവശ്യമായി പുറത്തിറങ്ങുന്നവരെ അറസ്റ്റ് ചെയ്യാനും നിർദ്ദേശമുണ്ട്. പുറത്തിറങ്ങുന്നവർ കൃത്യമായ വിവരം പൊലീസിനെ ബോധ്യപ്പെടുത്തണം.

ശനിയാഴ്ച രാവിലെ 11-ന് ഡെപ്യൂട്ടി കമ്മിഷണർ ഓഫീസിൽ സർവകക്ഷിയോഗം വിളിച്ചിട്ടുണ്ട്. വിവിധ മത, സംഘടന, രാഷ്ട്രീയ നേതാക്കളും ഉന്നത പൊലീസ് ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുക്കും.