- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കുംഭാവുരുട്ടി തുറന്നത് അഞ്ച് വർഷത്തെ കാത്തിരിപ്പിനൊടുവിൽ; തുറന്നതിന്റെ ഇരുപതാം ദിവസം ഒരാളുടെ ജീവനെടുത്തത് അപ്രതീക്ഷിതമായി എത്തിയ മലവെള്ളപ്പാച്ചിൽ; രണ്ട് പേരുടെ നില ഗുരുതരം: ചാറ്റൽ മഴയ്‌ക്കൊപ്പം പെട്ടെന്ന് വെള്ളം ഇരച്ചെത്തിയപ്പോൾ പകച്ച് വിനോദ സഞ്ചാരികളും
കൊല്ലം: അഞ്ച് വർഷത്തെ കാത്തിരിപ്പിനൊടുവിലാണ് കുംഭാവുരുട്ടി വെള്ളച്ചാട്ടം വിനോദസഞ്ചാരികൾക്കായി തുറന്ന് കൊടുത്തത്. എന്നാൽ തുറന്നതിന്റെ ഇരുപതാം ദിവസം ദുരന്തമായി മാറുകയായിരുന്നു. അപ്രതീക്ഷിതമായി ഇരച്ചെത്തിയ മലവെള്ളപ്പാച്ചിൽ ഒരാളുടെ ജീവൻ എടുക്കുക ആയിരുന്നു. തമിഴ്‌നാട്ടുകാരായ രണ്ടു പേർ മുങ്ങി മരിച്ചതിനെ തുടർന്ന് അഞ്ച് വർഷം മുൻപ് അടച്ചിട്ട കുംഭാവുരുട്ടി തുറന്ന് പ്രവർത്തിക്കാൻ തുടങ്ങിയത് ജൂലൈ പതിനൊന്നിനായിരുന്നു,
എന്നാൽ വീണ്ടും തുറന്നപ്പോഴും അപ്രതീക്ഷിതമായി അപകടം ഉണ്ടാവുകയായിരുന്നു. കുംഭാവുരുട്ടി വെള്ളച്ചാട്ടത്തിൽ അപ്രതീക്ഷിതമായി ഉണ്ടായ മലവെള്ളപ്പാച്ചിലിൽ മധുര സ്വദേശി കുമരൻ(55) ആണ് ഞായറാഴ്ച മരിച്ചത്. ഗുരുതര പരുക്കുകളോടെ രണ്ടു പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വൈകിട്ട് നാലോടെയായിരുന്നു അപകടം. ഈറോഡ് സ്വദേശി കിഷോർ(27) പുനലൂർ താലൂക്ക് ആശുപത്രിയിലും മറ്റൊരാൾ തിരുനെൽവേലി ജില്ല ആശുപത്രിയിലും ചികിത്സയിലാണ്. കൂടുതൽ സഞ്ചാരികൾ അപകടത്തിൽപ്പെട്ടിട്ടുണ്ടോയെന്നറിയാൽ പൊലീസ്, വനംവകുപ്പ്, അഗ്‌നിരക്ഷാസേന എന്നിവയുടെ നേതൃത്വത്തിൽ തിരച്ചിൽ നടത്തുന്നുണ്ട്.
കുളിക്കാൻ സുരക്ഷ ക്രമീകരണങ്ങൾ ഒരുക്കിയ ശേഷമാണ് തുറന്നതെങ്കിലും മലവെള്ളപ്പാച്ചിൽ പ്രവചിക്കാൻ സാധിക്കില്ല. കുംഭാവുരുട്ടിയിൽ ചെറിയ തോതിൽ മഴ പെയ്യുന്ന സമയത്ത് വനത്തിനുള്ളിൽ ശക്തമായ മഴ ലഭിച്ചിട്ടുണ്ടാകാം. ഉരുൾപൊട്ടലിനുള്ള സാധ്യതയും തള്ളിക്കളയുന്നില്ല. ഇതാണ് അപ്രതീക്ഷിത മലവെള്ളപ്പാച്ചിലിന് ഇടയാക്കിയത്. ആദ്യത്തെ അപകടം നടന്നത് വെള്ളച്ചാട്ടത്തിലെ ആഴമുള്ള ഭാഗത്ത് കുളിക്കുന്നതിനിടയിൽ മുങ്ങി താഴ്ന്നാണ്. തമിഴ്‌നാട്ടുകാരായ രണ്ടു സഞ്ചാരികളാണ് അന്നു മരിച്ചത്. സഞ്ചാരികൾ അപകടത്തിൽ മരിച്ചതോടെ കുംഭാവരുട്ടി ജലപാതം വനംവകുപ്പ് അടച്ചുപൂട്ടി. അതിനു ശേഷം അഞ്ചു വർഷത്തെ കാത്തിരിപ്പിനൊടുവിലാണ് ഇപ്പോൾ തുറന്നത്.
തെളിഞ്ഞൊഴുകിയ വെള്ളം കലങ്ങാൻ തുടങ്ങിയപ്പോൾത്തന്നെ സഞ്ചാരികളെ വെള്ളച്ചാട്ടത്തിൽ നിന്നും കരയ്ക്കു കയറ്റാൻ വനംവകുപ്പ് ഉദ്യോഗസ്ഥർ ശ്രമം ആരംഭിച്ചിരുന്നു. സ്ത്രീകളെ എല്ലാവരേയും സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയ ശേഷമാണ് ശക്തമായ വെള്ളം ഇരച്ചെത്തിയത്. ഈ സമയത്ത് മറുകരയിൽ ഉണ്ടായിരുന്നവരാണ് അപകടത്തിൽപ്പെട്ടത്. ചാറ്റൽ മഴയ്‌ക്കൊപ്പം ജലപാതത്തിൽ പെട്ടെന്ന് വെള്ളം പാഞ്ഞെത്തുകയായിരുന്നു.
മൊബൈൽ ഫോണിന് കവറേജ് ഇല്ലാത്തത് അപകടത്തിന്റെ ആക്കംകൂട്ടി. കുംഭാവുരുട്ടിയിൽ അപകടം നടന്നത് പുറംലോകം അറിയുന്നത് അര മണിക്കൂറിന് ശേഷമാണ്. ഇത്രയും സമയം അപകടത്തിൽപ്പെട്ടയാളെ ആശുപത്രിയിൽ എത്തിക്കാൻ സാധിച്ചില്ല. ഈ ഭാഗത്തു വിനോദസഞ്ചാര കേന്ദ്രങ്ങളിൽ മൊബൈൽ ഫോണിന് കവറേജ് ഉറപ്പുവരുത്തണമെന്ന ആവശ്യവും ഉയരുന്നു.
ജലപാതങ്ങളിൽ കൂടുതൽ സുരക്ഷ ഒരുക്കാൻ വനംവകുപ്പ് തയാറാകണമെന്ന ആവശ്യം ശക്തമാകുന്നു. ജില്ലയിൽ കുംഭാവരുട്ടി, പാലരുവി എന്നീ ജലപാതങ്ങളാണ് വനംവകുപ്പിന്റെ അധീനതയിൽ പ്രവർത്തിക്കുന്നത്. ഇവിടങ്ങളിൽ വേണ്ടത്ര സുരക്ഷ ഒരുക്കാൻ വനംവകുപ്പ് തയാറാകുന്നില്ലെന്ന ആക്ഷേപമാണ് ഉയരുന്നത്. കുംഭാവുരുട്ടിയിൽ തമിഴ്‌നാട്ടിൽ നിന്നുള്ള സഞ്ചാരികളാണ് ഏറെയും എത്തുന്നത്. ശനി, ഞായർ തുടങ്ങി അവധി ദിവസങ്ങളിൽ ആയിരക്കണക്കിന് സഞ്ചാരികളാണ് എത്തുന്നത്.
ഇത്രയും സഞ്ചാരികളെ നിയന്ത്രിക്കാൻ നിലവിലുള്ള വനംവകുപ്പ് ഉദ്യോഗസ്ഥരും ഗൈഡുകളും പോരായെന്നാണ് പറയുന്നത്. വെള്ളച്ചാട്ടത്തിൽ നിൽക്കുന്ന ഗൈഡുകൾക്ക് പ്രത്യേക പരിശീലനമൊന്നും ലഭ്യമാക്കിയിട്ടില്ല. വെള്ളത്തിൽ വീണ് പരുക്കേൽക്കുന്നവർക്കുള്ള പ്രഥമ ശുശ്രൂഷപോലും നൽകാൽ ജലപാതങ്ങളിൽ ആളില്ലാത്ത അവസ്ഥയാണ്.
മറുനാടന് മലയാളി ബ്യൂറോ