- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിവാഹത്തിന്റെ 22-ാം നാൾ ഗൾഫിലെ ജോലി സ്ഥലത്തേക്ക് പുറപ്പെട്ടു; 14 വർഷമായി ഒരു വിവരവുമില്ല; ഹെലികോപ്റ്റർ ഉപയോഗിച്ച് തിരച്ചിൽ നടത്തിയിട്ടും അബ്ദുൽ മുനീറിനെ കണ്ടെത്താനായില്ല: ദുരൂഹം ഈ തിരോധാനം
മഞ്ചേരി: വിവാഹ നാളുകളുടെ സന്തോഷത്തിന്റെ കൊടുമുടിയിൽ നിൽക്കുമ്പോഴാണ് അബ്ദുൽ മുനീർ ഗൾഫിലെ ജോലി സ്ഥലത്തേക്ക് പുറപ്പെട്ടത്്. ഉടൻ തിരിച്ചെത്തുമെന്ന് പുത്തൻ പെണ്ണിന് വാക്കു നൽകിയായിരുന്നു 22 ദിവസത്തെ വിവാഹ ജീവിതത്തിൽ നിന്നും അബ്ദുൽ മുനീർ മണലാരണ്യത്തിലെക്ക് പറന്നത്. ഇന്ന് 14 വർഷം പിന്നിടുമ്പോഴും മുനീർ എവിടെയെന്ന് ആർക്കും അറിയില്ല. നാട്ടിൽ നിന്നും ഗൾഫിലേക്ക് പോയി എന്നതല്ലാതെ മുനീർ എവിടേക്ക് പോയെന്നോ എവിടെയാണെന്നോ യാതൊരു വിവരവും ഇല്ല. മകൻ തിരികെ വരുമെന്ന പ്രതീക്ഷയിൽ കാത്തിരിക്കുകയാണ് ഉമ്മ കദീജയും മറ്റ് കുടുംബാംഗങ്ങളും.
2008 ഡിസംബർ 3ന് ആണ് മുനീർ ഗൾഫിലേക്ക് യാത്ര തിരിച്ചത്. വിവാഹം കഴിഞ്ഞിട്ട് അപ്പോൾ 22 ദിവസം മാത്രം. പെട്ടെന്ന് തിരിച്ചുപോകേണ്ടിവരികയായിരുന്നു. ഉടൻ തിരിച്ചു വരുമെന്ന് ഭാര്യയ്ക്കും ഉമ്മയ്ക്കും വാക്കു നൽകിയായിരുന്നു റാസൽഖൈമയിലെ ജോലി സ്ഥലത്തേക്ക് യാത്രയായത്. നേരത്തേ ജോലി ചെയ്ത് സ്ഥലത്ത് എത്തിയെന്ന് പറഞ്ഞു വിളിച്ചെന്നു സഹോദരൻ സുലൈമാൻ ഫൈസി പറയുന്നു. പിന്നീട് വിവരമൊന്നുമില്ല. ഓരോ ദിവസവും വിളിക്കായി കാത്തു. ദിവസങ്ങളും മാസങ്ങളും വർഷങ്ങളും കടന്നുപോയി. എന്നാൽ മുനീറിനെ പറ്റി ആർക്കും ഒരു വിവരവും ഇല്ല. മുനീറിനെ കണ്ടവരോ കേട്ടവരോ ആയി ആരും ഇല്ല.
ജോലി സ്ഥലത്ത് മുറിയിൽ മുനീറിനൊപ്പം താമസിച്ച് കോഴിക്കോട് സ്വദേശി സുമേഷിനെ ബന്ധപ്പെട്ടെങ്കിലും കൃത്യമായ വിവരം ലഭിച്ചില്ല. പിന്നീട് അയാൾ നാട്ടിലേക്ക് പോന്നതായി അറിയാൻ കഴിഞ്ഞു. എംബസി, കെഎംസിസി മുഖേന അന്വേഷിച്ചെങ്കിലും ഫലം കണ്ടില്ല. മുൻ കേന്ദ്രമന്ത്രി ഇ. അഹമ്മദിന്റെ നേതൃത്വത്തിൽ അന്വേഷണം നടത്തി. പാസ്‌പോർട്ട്, വീസ മറ്റ് രേഖകൾ ഒന്നും തിരിച്ചു കിട്ടിയില്ല. മണലാരണ്യത്തിൽ എവിടെയെങ്കിലും കാണാതായെന്നു കരുതി ഹെലികോപ്റ്ററിലും അന്വേഷണം നടത്തി. ഏതെങ്കിലും കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്ന ആളല്ല. എങ്കിലും ജയിലുകളിൽ അന്വേഷിച്ചു. എല്ലാം വിഫലം. മുനീർ എങ്ങോട്ട് പോയി എന്നത് ഇപ്പോഴും ദുരൂഹമായി തുടരുകയാണ്.
മുനീറിന് എന്ത് സംഭവിച്ചു എന്നതിനു ഉത്തരമില്ല. മരിച്ചെന്നു കരുതാൻ തെളിവില്ല. ജീവിച്ചിരിക്കുന്നുണ്ടെന്ന് വിശ്വസിക്കുകയാണ് കുടുംബം . ജീവിച്ചിരിക്കുന്നെങ്കിൽ ഇന്ന് 40 വയസ്സുണ്ടാകും. മകന്റെ തിരിച്ചു വരവ് കാത്തിരുന്ന പിതാവ് ഏതാനും വർഷം മുൻപ് മരിച്ചു. മകനെ ഓർത്ത് ഉമ്മ കദീജ എന്നും കണ്ണ് നിറയ്ക്കും.
മറുനാടന് മലയാളി ബ്യൂറോ