- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കണ്ണൂർ കണ്ണവം വനത്തിനുള്ളിൽ ഉരുൾപൊട്ടി; കാഞ്ഞിരപ്പുഴയും നെല്ലാനിക്കൽ പുഴയും കരകവിഞ്ഞു; ചെക്കേരി ആദിവാസി കുടുംബങ്ങൾ ഒറ്റപ്പെട്ടു; നെടുംപൊയിൽ ടൗണിൽ മലവെള്ളപ്പാച്ചിൽ; സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു; എട്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി
കണ്ണൂർ: കനത്ത മഴയിൽ കണ്ണവം വനത്തിനുള്ളിൽ ഉരുൾപൊട്ടി. നെടുംപൊയിൽ ടൗണിൽ മലവെള്ളം ഒലിച്ചിറങ്ങി. കാഞ്ഞിരപ്പുഴയും നെല്ലാനിക്കൽ പുഴയും കരകവിഞ്ഞൊഴുകുകയാണ്. തീരപ്രദേശത്തുള്ളവരോട് ജാഗ്രത പാലിക്കാൻ അധികൃതർ നിർദേശിച്ചു.
മലവെള്ളപ്പാച്ചിലിനെ തുടർന്ന് വനാതിർത്തിയോട് ചേർന്നുള്ള ചെക്യേരി കോളനിയിലെ നാല് കുടുംബങ്ങൾ ഒറ്റപ്പെട്ട നിലയിലാണ്. ഫയർഫോഴ്‌സിന്റെ നേതൃത്വത്തിൽ ഇവരെ മാറ്റിപ്പാർപ്പിക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്.
മലവെള്ളം കുത്തിയൊലിച്ച് ഒഴുകിയെത്തിയതിനെ തുടർന്ന് നെടുംപൊയിൽ ടൗണിൽ ഗതാഗതം തടസപ്പെട്ടു. പ്രദേശത്തെ നിരവധി കടകളിൽ വെള്ളം കയറി. കൂത്തുപറമ്പ്- വയനാട് റോഡിലാണ് ഗതാഗതം തടസപ്പെട്ടത്.
ജില്ലയിലെ കോളയാട്, കണിച്ചാർ തുടങ്ങിയ പ്രദേശങ്ങളിൽ കനത്ത മഴ മൂലം ഗതാഗത തടസ്സങ്ങൾ അനുഭവപ്പെടുന്നതിനാൽ ഇരിട്ടി, തലശ്ശേരി താലൂക്കുകളിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടേയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ചൊവ്വാഴ്ച ജില്ലാകലക്ടർ അവധി പ്രഖ്യാപിച്ചു. മുൻകൂട്ടി നിശ്ചയിച്ചിട്ടുള്ള യൂണിവേഴ്സിറ്റി/ കോളേജ് പരീക്ഷകൾക്ക് മാറ്റമുണ്ടാകില്ലെന്നും കലക്ടർ വാർത്താകുറിപ്പിൽ അറിയിച്ചു.
സംസ്ഥാനത്ത് മഴ രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ എട്ട് ജില്ലകളിലെ വിദ്യാഭ്യാസസ്ഥാപനങ്ങൾക്ക് നാളെ കളക്ടർമാർ അവധി പ്രഖ്യാപിച്ചിരുന്നു. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ ജില്ലകളിലെ വിദ്യാഭ്യാസസ്ഥാപനങ്ങൾക്കാണ് അവധി പ്രഖ്യാപിച്ചത്. പ്രൊഫഷണൽ കോളേജുകൾ ഉൾപ്പടെയാണ് അവധി. കൊല്ലത്തും തിരുവനന്തപുരത്തും തൃശ്ശൂരും പൊതുപരീക്ഷകൾക്ക് മാറ്റമില്ല. എംജി, കാലടി സർവകലാശാലകൾ നാളെ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റി.
അതേസമയം, കേരളത്തിൽ മൂന്ന് ദിവസം കൂടി അതിതീവ്ര മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഗുരുതര സാഹചര്യത്തെ കരുതിയിരിക്കണം. വരും ദിവസങ്ങളിൽ ചിലയിടങ്ങളിൽ 24 മണിക്കൂറിൽ 200 മില്ലിമീറ്ററിൽ കൂടുതൽ മഴ ലഭിക്കാൻ സാധ്യതയുണ്ട്. കൂടുതൽ മഴ മേഘങ്ങൾ അറബിക്കടലിൽ നിന്ന് കേരളത്തിലേക്ക് എത്തുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഇതോടെ തെക്കൻ കേരളത്തിലും മലയോര മേഖലയിലും തീരദേശത്തും രണ്ട് ദിവസത്തേക്ക് കനത്ത മഴയ്ക്കാണ് സാധ്യതയുള്ളത്. തുടക്കത്തിൽ തെക്കൻ കേരളത്തിൽ ശക്തമാകുന്ന കാലവർഷം തുടർന്ന് വടക്കൻ കേരളത്തിലേക്കും വ്യാപിക്കും.
ബുധൻ, വ്യാഴം ദിവസങ്ങളിൽ കേരളത്തിൽ കൂടുതൽ ജാഗ്രത വേണ്ടി വരും. ഈ ദിവസങ്ങളിൽ പരക്കെ അതിശക്തമായ മഴക്കാണ് സാധ്യത. അതിതീവ്രമഴ സാധ്യതയുള്ളതിനാൽ മലയോര മേഖലയിൽ മണ്ണിടിച്ചിൽ, ഉരുൾ പൊട്ടൽ സാധ്യത വർധിക്കും. ഈ ദിവസങ്ങളിൽ യാത്രകൾ പ്രത്യേകിച്ച് മലയോര മേഖലയിലേക്കുള്ള യാത്രകൾ പരമാവധി ഒഴിവാക്കണം.
മഴക്കെടുതിയിൽ സംസ്ഥാനത്ത് ഇന്ന് ഇതുവരെ ആറ് പേരാണ് മരിച്ചത്. പത്തനംതിട്ടയിൽ കാർ തോട്ടിലേക്ക് മറിഞ്ഞ് അച്ഛനും രണ്ട് മക്കളും മരിച്ചു. വിഴിഞ്ഞത്ത് വള്ളംമറിഞ്ഞ് മത്സ്യത്തൊഴിലാളിയും മരിച്ചു. റാന്നിയിലും കൂട്ടിക്കലിലും ഒഴുക്കിൽ പെട്ട് 2 പേരെ കാണാതായി. പത്തനംതിട്ട വെണ്ണികുളത്ത് നിയന്ത്രണം വിട്ട കാർ തോട്ടിലേക്ക് മറിഞ്ഞാണ് ഇടുക്കി ചക്കുപള്ളം സ്വദേശി ചാണ്ടി മാത്യുവും മക്കളായ ഫെബയും ബ്ലെസിയും മരിച്ചത്.
15 മിനിറ്റോളം വെള്ളത്തിൽ മുങ്ങിക്കിടന്ന കാർ നാട്ടുകാരും അഗ്‌നിരക്ഷാ സേനയുമാണ് കരയ്ക്ക് എത്തിച്ചത്. അഞ്ചുപേര്‌പോയ വള്ളംമറിഞ്ഞാണ് വിഴിഞ്ഞത്ത് 27 കാരനായ മത്സ്യത്തൊഴിലാളി മരിച്ചത്. മറ്റുള്ളവർ രക്ഷപ്പെട്ടു. പത്തനംതിട്ട അത്തിക്കയത്ത് ഒഴുക്കിൽപ്പെട്ട അറുപതുകാരനെ കണ്ടെത്താനായില്ല. കൂട്ടിക്കൽ ചപ്പാത്തിൽ റിയാസ് എന്ന യുവാവാണ് ഒഴുക്കിൽപ്പെട്ടത്.
അതേസമയം, മലയോര മേഖലകളിൽ അതിശക്തമായ മഴ തുടരുകയാണ്. മലയോരത്ത് രാത്രിയാത്ര നിരോധിച്ചു. അതിരപ്പള്ളി വാഴച്ചാല്വിനോദ സഞ്ചാരകേന്ദ്രം അടച്ചു. വനത്തിലെ ട്രക്കിങും വിനോദ സഞ്ചാര കേന്ദ്രങ്ങളിലെ ബോട്ടിങ്ങും നിർത്തി. മഴക്കെടുതി രൂക്ഷമായ മേഖലകളിൽ ദുരിതാശ്വാസ ക്യാംപുകളും തുറന്നു.കോട്ടയം മൂന്നിലവിൽ ഉരുൾപൊട്ടി. ചിറ്റാർപാലത്തിൽ വെള്ളംകയറിയതിനെ തുടർന്ന് പൊന്മുടിയിലേക്കുള്ള ഗതാഗതം തടസപ്പെട്ടു. താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി. കിഴക്കൻ വെള്ളമെത്തിയതോടെ കുട്ടനാട്ടിലും അപ്പർ കുട്ടനാട്ടിലും ജലനിരപ്പ് ഉയർന്നു.
മറുനാടന് മലയാളി ബ്യൂറോ