ലണ്ടൻ: അവസാന പിടിവള്ളിയും കൈവിട്ടപ്പോൾ, സ്വന്തം കുഞ്ഞിനെ മരണത്തിനു വിട്ടുകൊടുക്കാൻ നിർബന്ധിതയായ ഒരു അമ്മയുടെ നിസ്സഹായാവസ്ഥയിൽ ബ്രിട്ടന്റെ ഹൃദയം തേങ്ങുകയാണ്. മസ്തിഷ്‌ക മരണം സംഭവിച്ച 12 കാരനായ ആർച്ചി ബാറ്റേഴ്സ്ബീയ്ക്ക് നൽകിയിരുന്ന ജീവൻ രക്ഷാ ഉപകരണങ്ങളുടെ സഹായം ഇന്ന് 11 മണിയോടെ അവസാനിപ്പിക്കാൻ സുപ്രീം കോടതിയും ഉത്തരവിട്ടതോടെയാണ് ഒരമ്മയുടെ പ്രതീക്ഷകൾ ഒക്കെയും വാടിക്കരിഞ്ഞത്. ഹോസ്പിസിലേക്ക് മാറ്റരുതെന്നും കോടതി ഉത്തരവിലുണ്ട്.

ഏതറ്റം വരെയും പോയി, എത്രകാലം കാത്തിരുന്നും മകനെ സാധാരണ ജീവിതത്തിലേക്ക് കൊണ്ടുവരുമെന്ന ഒരു പെറ്റമ്മയുടെ നിശ്ചയദാർഢ്യത്തിനു പക്ഷെ നിയമത്തിന്റെ മുൻപിൽ വിലയില്ലായിരുന്നു. നിയംങ്ങളുടെ തലനാരിഴകീറിയുള്ള വാദത്തിനൊടുവിൽ ഇന്നലെയായിരുന്നു സുപ്രീം കോടതി ഈ കേസ് എന്നന്നേക്കുമായി അവസാനിപ്പിച്ചത്. ഏതായാലും ഇന്ന് രാവിലെ യൂറോപ്യൻ കൺവെൻഷൻ ഓൺ ഹുമൻ റൈറ്റ്സിന് ഒരു അടിയന്തര അപേക്ഷ ഇന്ന് സമർപ്പിക്കുമെന്ന ആർച്ചിയുടെ കുടുംബം വ്യക്തമാക്കി. പക്ഷെ, ജീവൻ രക്ഷാ ഉപകരണങ്ങൾ നിശ്ചലമാകാൻ രാവിലെ രണ്ടു മണിക്കൂർ മത്രമേ വേണ്ടൂ എന്നിരിക്കെ ഇത് എത്രമാത്രം ഗുണം ചെയ്യും എന്നത് സംശയകരമാണ്.

എന്നിരുന്നാലും, രാവിലെ കൃത്യം 9 മണിക്ക് തന്നെ തങ്ങളുടെ സോളിസിറ്റർമാർ അപേക്ഷ ഫയൽ ചെയ്യുമെന്ന് ആർച്ചിയുടെ അമ്മ ഹോളീ ഡാൻസ് പറഞ്ഞു. ഈ ഒരു ഉദ്യമം കൂടി പരാജയപ്പെട്ടാൽ പിന്നെ ആ കുരുന്നിനെ വാരിപുണർന്നുകൊണ്ട് അന്ത്യ ചുംബനം നൽകുകമാത്രമാണ് ഏക വഴി എന്ന് ആ അമ്മക്ക് അറിയാം . അതുകൊണ്ടു തന്നെ സർവ്വ ശക്തിയും എടുത്ത് പോരാടുകയാണവർ. മരണത്തിലേക്ക് വലിച്ചിഴക്കുന്നതിനു തൊട്ടു മുൻപ് അമ്മക്കും അച്ഛനും സഹോദരങ്ങൾക്കും ഏതാനും നിമിഷം ജീവനുള്ള ആർച്ചിക്കൊപ്പം കിടക്കയിൽ കിടന്ന് വാരിപുണർന്ന് ചുംബനം നൽകാനുള്ള അനുമതി ആശുപത്രി അധികൃതർ നൽകിയിട്ടുണ്ട്.

ഇന്നലെ രാത്രി കുടുംബാംഗങ്ങൾ ആർച്ചിക്കൊപ്പമായിരുന്നു ചെലവഴിച്ചത്. ആർച്ചിയെ ഹോസ്പിസിലേക്ക് മാറ്റാൻ ആശുപത്രി അധികൃതര അനുവധിച്ചില്ല എന്ന് അമ്മ പരാതിപ്പെടുന്നു. സമാധാനത്തോടെയുള്ള ഒരു മരണം പോലും ആർച്ചിക്ക് അവർ വിധിക്കുന്നില്ല എന്നായിരുന്നു ആ അമ്മ വിലപിച്ച്ത്. നിയമവും വ്യവസ്ഥിതിയും സംവിധാനങ്ങളും എല്ലാം ചേർന്ന് തന്റെ മകന് വധശിക്ഷ വിധിച്ചിരിക്കുന്നു എന്ന് ആ അമ്മ വിലപിക്കുകയാണ്.