ലണ്ടൻ: കഴിഞ്ഞ രണ്ടു ദിവസമായി കേരളമെങ്ങും തിമർത്തു പെയ്യുന്ന മഴയിലും ജനങളുടെ കണ്ണീരായി മാറിയത് രണ്ടു പെൺമക്കളും അവരുടെ പിതാവും കുത്തിയൊലിച്ചെത്തിയ മഴ വെള്ളത്തിൽ മുങ്ങിയ കാറിൽ മരണത്തിലേക്ക് മുങ്ങിത്താണതാണ്. മഴ ദുരിതം വിടാതെ പിടികൂടിയിട്ടും രണ്ടു നാൾ മുൻപ് എത്തിയ ദുരന്തം സൃഷ്ടിച്ച വേദനയിൽ നിന്നും ഇനിയും മലയാളി മനസിന് വിടുതൽ ലഭിച്ചിട്ടുമില്ല. മാധ്യമങ്ങൾക്കൊപ്പം സോഷ്യൽ മീഡിയിയിലും നിറഞ്ഞു നിൽക്കുകയാണ് പാസ്റ്റർ ചാണ്ടിയും പെൺമക്കളും.

നാട്ടുകാർക്ക് ഏറെ പ്രിയപ്പെട്ടവരും ഏവരോടും സൗമ്യതയും സ്നേഹവും കാണിച്ച കുടുംബം എന്നതും മരണത്തെ തുടർന്ന് നാട്ടുകാർ കാട്ടുന്ന സ്നേഹവായ്‌പ്പിനു കാരണവുമാണ്. അപകടത്തെ തുടർന്ന് തിരിച്ചറിയലിനു വേണ്ടി ആശുപത്രിയിലും തുടർന്ന് സംസ്‌കാര ചടങ്ങുകൾക്കായി മൃതദേഹങ്ങൾ വീട്ടിൽ എത്തിച്ചപ്പോഴും ചങ്കു തകർന്നു കരഞ്ഞ ചാണ്ടിയുടെ ഭാര്യ ഷാന്റിയുടെ വാക്കുകളും കേട്ടവരുടെ ഹൃദയങ്ങളെ ഞെരിച്ചുടയ്ക്കുകയാണ്.

പഠിക്കാൻ മിടുക്കരായ രണ്ടു പെൺമക്കളിൽ സകല സ്വപ്നവും നെയ്തു കൂട്ടിയവരാണ് പാസ്റ്റർ ചാണ്ടിയും ഭാര്യ ഷാന്റിയും. മൂത്ത മകൾ ഫെബ നഴ്‌സിങ് പഠനം പൂർത്തിയാക്കി യുകെയിൽ എത്താനായി ഒഇടി പഠനത്തിന്റെ തിരക്കിലുമായിരുന്നു. പരീക്ഷയ്ക്കുള്ള തയ്യാറെടുപ്പിന്റെ ഭാഗമായാണ് തിങ്കളാഴ്ച പുലർച്ചെ മൂവരും വീട്ടിൽ നിന്നിറങ്ങിയത്.

ആദ്യം പരീക്ഷ എഴുതാൻ തയ്യാറെടുക്കുന്ന ഫെബയെ ഒഇടി സെന്ററിൽ എത്തിക്കുക, തുടർന്ന് സഹോദരി ബ്ലെസിയെ കോളേജിൽ എത്തിക്കുക. ഇതായിരുന്നു യാത്രയുടെ പ്ലാൻ. എന്നാൽ ഫെബയെ കോച്ചിങ് സെന്ററിൽ എത്തിക്കും മുൻപേ മരണം അപകടത്തിന്റെ രൂപത്തിൽ എത്തുക ആയിരുന്നു. ഒരു നിമിഷം കൊണ്ട് സംഭവിച്ച ദുരന്തം എന്നേ ഈ അപകടത്തെ വിശേഷിപ്പിക്കാനാവൂ എന്ന് ഇന്നലെ അപകട സ്ഥലത്തും ചാണ്ടിയുടെ വീട്ടിലും അവധിക്കാല യാത്രക്കിടെ എത്തിയ യുകെ മലയാളികൾ വിവരിക്കുന്നു.

ഒഇടി പരീക്ഷക്ക് വേണ്ടിയുള്ള യാത്ര ആയതിനാൽ ചാണ്ടി വളരെ ശ്രദ്ധിച്ചാണ് കാർ ഓടിച്ചിരുന്നതെന്നും ദൃക്‌സാക്ഷികൾ പറയുന്നു. മഴ മൂലം കാഴ്ച തടസപ്പെടുന്ന കാലാവസ്ഥയിൽ വേഗത കുറച്ചു നീങ്ങിയ കാറിനെ ഓവർ ടേയ്ക്ക് ചെയ്ത് എത്തിയ ബസും സാമാന്യ വേഗതയിൽ എതിർ ദിശയിൽ നിന്നെത്തിയ ടിപ്പർ ലോറിയും ചേർന്ന സാഹചര്യത്തിൽ റോഡിന്റെ വീതി കുറവ് മൂലം കാറിനോട് നന്നായി ചേർന്ന് ബസ് ദിശ തിരിച്ചതോടെ അപകടം ഒഴിവാക്കാനായി വെപ്രാളത്തോടെ ചാണ്ടി കാർ റോഡരികിലേക്ക് തെന്നിക്കുക ആയിരുന്നു. ഇതോടെ നിയന്ത്രണം വിട്ട കാർ റോഡിനു താഴെയായി മലവെള്ളം കുത്തിയൊഴുകുന്ന തോട്ടിലേക്ക് പതിക്കുക ആയിരുന്നു.

ഒരർത്ഥത്തിൽ ബസ് ഡ്രൈവറുടെയും ടിപ്പർ ലോറി ഡ്രൈവറുടെയും അനാസ്ഥയും അശ്രദ്ധയും ചേർന്നൊരുക്കിയ കൊലപാതകമായി നാട്ടുകാർ വിശ്വസിക്കുകയാണ് ചാണ്ടിയുടെയും മക്കളുടെയും മരണം. അപകടസമയത് ഒട്ടേറെ പേർ റോഡരികിൽ ഉണ്ടായിരുന്നെങ്കിലും കുത്തിയൊലിച്ചെത്തിയ മഴവെള്ളപ്പാച്ചിലിൽ സധൈര്യം കാറിന് അടുത്തെത്താൻ ആർക്കും സാധിച്ചില്ലെന്നാണ് ലഭ്യമാകുന്ന വിവരം.

വെള്ളത്തിൽ പൂർണമായും മുങ്ങിപ്പോയ കാർ 20 അടി താഴ്ചയിൽ എങ്കിലും മുങ്ങിയിരിക്കണം എന്നാണ് രക്ഷാപ്രവർത്തകർ കരുതുന്നത്. വെള്ളത്തിൽ നിന്നും കാർ പൊക്കിയെടുത്തു ചില്ലു പൊട്ടിച്ചാണ് മൂവരെയും പുറത്തെടുത്തത്. വിവരമറിഞ്ഞു രക്ഷാപ്രവർത്തകർ എത്തുമ്പോഴേക്കും ഏറെ വൈകിയിരുന്നു. തിരുവല്ലയ്ക്കടുത്തു വെണ്ണികുളത്താണ് അതി ദാരുണമായ അപകടം നടന്നത്.

പരുമല മാർ ഗ്രിഗോറിയസ് കോളേജിലെ ബിബിഎ ബാച്ചിലെ അവസാന സെമസ്റ്റർ വിദ്യാർത്ഥിനി ആയിരുന്നു ഫെബയുടെ സഹോദരി ബ്ലെസി. കൂട്ടുകാർക്കു വേണ്ടി എപ്പോൾ വേണമെകിലും പാട്ടുകൾ പാടി രസിപ്പിച്ചിരുന്ന കാമ്പസിലെ പൂങ്കിയിലായിരുന്നു ബ്ലെസി എന്നാണ് സഹപാഠികൾ ഓർമ്മിക്കുന്നത്. അതിദാരുണമായ അപകടത്തെ തുടർന്ന് മരിച്ച മൂവർക്കും അന്ത്യാഞ്ജലി അർപ്പിക്കാൻ ബ്ലെസിയുടെയും ഫെബയുടെയും സഹപാഠികൾ മാത്രമല്ല ഒരു നാട് ഒന്നാകെ മഴയെ അവഗണിച്ചും ഇന്നലെ നടന്ന അന്ത്യ ദർശന ചടങ്ങുകളിൽ പങ്കെടുത്തിരുന്നു.

കൂടാതെ അനേകം യു ട്യൂബ് ചാനലുകൾ വഴി ലോകമെങ്ങും പതിനായിരങ്ങളാണ് മൂവർക്കും അന്ത്യാഞ്ജലി അർപ്പിച്ചത്. ഇന്ന് രാവിലെ 11 മണിക്ക് സംസ്‌കാര ചടങ്ങുകൾ നടക്കുന്ന അണക്കരയിലെ പള്ളിയിലും അനേകായിരങ്ങൾ എത്തിച്ചേരും.