ലണ്ടൻ: അവസാനം യൂറോപ്യൻ മനുഷ്യാവകാശ കോടതിയും പറഞ്ഞത്, മസ്തിഷ്‌ക മരണം സംഭവിച്ച 12 കാരനെ മരണത്തിനു വിട്ടുകൊടുക്കാനായിരുന്നു. ആർച്ചി ബാറ്റേഴ്സ്ബീയുടെ മാതാപിതാക്കൾ അവസാന നിമിഷം സമർപ്പിച്ച ഹർജി മനുഷ്യാവകാശ കൊടതി നിരാകരിച്ചതോടെ ഇനിയുള്ളത് ആർച്ചിയെ യാത്ര അയയ്ക്കുക എന്നതുമാത്രമായിരിക്കുന്നു ആ മാതാപിതാക്കളുടെ മുൻപിൽ. ജീവൻ രക്ഷാ ഉപകരണങ്ങളുടെ സഹായത്തോടെ ജീവിക്കുന്ന ആർച്ചിയിൽ നിന്നും ഇന്ന് ആ ഉപകരണങ്ങൾ വേർപെടുത്തിയേക്കും.

കഴിഞ്ഞ നാലു മാസക്കാലമായി മകന്റെ ചികിത്സ തുടരാനുള്ള നിയമപോരാട്ടത്തിന് അന്ത്യമായി എന്നറിഞ്ഞ അമ്മ ഈസ്റ്റ് ലണ്ടനിലെ റോയൽ ലണ്ടൻ ഹോസ്പിറ്റലിനു മുൻപിൽ പൊട്ടിക്കരയുമ്പോൾ ആശ്വസിപ്പിക്കാൻ പോലുമാകാതെ ഉറ്റവർക്കും കൂടെ കണ്ണീരൊഴുക്കാൻ മാത്രമേ കഴിഞ്ഞുള്ളു. ഇനിയിപ്പോൾ തങ്ങൾ ശ്രമിക്കുന്നത് മകനെ ഹോസ്പീസിലേക്ക് മാറ്റനാണെന്ന് ആ അമ്മ പറയുന്നു. അതുവഴി അവന് കുറച്ചുകൂടി അന്തസ്സോടെയുള്ള മരണമെങ്കിലും ഉറപ്പാക്കണം എന്നും ആ അമ്മ പറഞ്ഞു. മാത്രമല്ല, അവന് വേണ്ടപ്പെട്ടവരോടൊപ്പം വേണ്ടപ്പെട്ടവരെല്ലാം ഒത്തൊരുമിച്ച് കൂടിയിരിക്കുമ്പോൾ വേണം അവൻ യാത്രയാകാൻ എന്നും അവർ അഗ്രഹിക്കുന്നു.

എന്നാൽ, നേരത്തേ അതിനുള്ള അനുമതി പോലും കോടതി നിഷേധിച്ചിരുന്നു. ചികിത്സ തുടരാൻ സമ്മതിക്കാത്ത നിയമം, അവന്റെ മരണം എവിടെ വച്ചായിരിക്കണം എന്ന് തീരുമാനിക്കാനുള്ള അവകാശം പോലും എടുത്തുകളന്നത് തീർത്തും കാട്ടാളത്തമാണെന്ന് അവരുടെ ഒരു ബന്ധു പറയുന്നു. ഹോസ്പീസുകൾ പാലിയേറ്റീവ് കെയറിനും റെസ്പൈറ്റ് കെയറിനും സജ്ജമായവയാണ്. ഇപ്പോൾ ആർച്ചി പാലിയേറ്റീവ് കെയറിലുമാണ്. ഹോസ്പിസ് അവനെ സ്വീകരിക്കാൻ തയ്യാറുമാണ്. പിന്നെ എന്തുകൊണ്ട് ഹോസ്പിസിലേക്ക് മാറ്റിക്കൂടാ എന്നും ബന്ധു ചോദിക്കുന്നു.

അതേസമയം ബാർട്സ് ഹെൽത്ത് എൻ എച്ച് എസ് ട്രസ്റ്റ് പറയുന്നത് ആർച്ചിയുടെ നില അതീവ ഗുരുതരമാണെന്നും ഒരു ആംബുലൻസിൽ അവനെ മറ്റൊരിടത്തേക്ക് കൊണ്ടു പോകുന്നത് പോലും മരണകാരണമായേക്കാം എന്നുമാണ്. മാത്രമല്ല, റോയൽ ലണ്ടൻ ഹോസ്പിറ്റലിൽ വെച്ചു തന്നെ ചികിത്സകൾ അവസാനിപ്പിച്ച് ജീവൻ രക്ഷാ ഉപകരണങ്ങൾ എടുത്തു മാറ്റണമെന്നാണ് ഹൈക്കോടതി നിർദ്ദേശവും.

എന്നാൽ, അവസാന പ്രതീക്ഷയായിരുന്നു യൂറോപ്യൻ മനുഷ്യാവകാശ കോടതി കൂടി കൈവിട്ടതോടെ ഇനിയിപ്പോൾ ആർച്ചിയെ ഹോസ്പീസിലേക്ക് മാറ്റാനുള്ള ശ്രമത്തിലാണ് മാതാപിതാക്കൾ ഇന്ന് (ഓഗസ്റ്റ് 4) രാവിലെ 9 മണിവരെ മാത്രമേ അവർക്ക് അതിനുള്ള സമയമുള്ളു. കഴിഞ്ഞ ഏപ്രിലിൽ ആയിരുന്നു ആർച്ചിയെ വീടിനു വെളിയിൽ ബോധരഹിതനായ അവസ്ഥയിൽ കണ്ടെത്തിയത്.

തലയിൽ ഒരു മുറിവുമുണ്ടായിരുന്നു. ഏതോ ഓൺലൈൻ ഗെയിമിലെ വെല്ലുവിളി ഏറ്റെടുത്ത് ഏതോ സാഹസ പ്രവർത്തിക്ക് ഈ കൗമാരക്കാരൻ തുനിഞ്ഞിറങ്ങിയിട്ടുണ്ടാകാം എന്നാണ് അനുമാനിക്കുന്നത്.