കൊല്ലം: കൊല്ലത്ത് വീണ്ടും പരസ്യമർദ്ദനം. വാട്‌സാപ്പ് ഗ്രൂപ്പിൽ മോശമായി സംസാരിച്ചു എന്നാരോപിച്ചാണ് പത്തൊൻപത് വയസ്സുകാരനെ വിളിച്ചുവരുത്തി ക്രൂരമായി മർദ്ദിച്ചത്. ആലപ്പുഴ ജില്ലയിലെ വള്ളിക്കുന്നത്തെ പത്തൊമ്പതുകാരനാണ് മർദ്ദനമേറ്റത്. സംഭവത്തിൽ പിടികിട്ടാപ്പുള്ളിയും കൊല്ലം പൂയപ്പള്ളി സ്വദേശിയുമായ രാഹുലിനെ പൊലീസ് അറസ്റ്റ് ചെയ്തു.

പത്തൊമ്പതുകാരനെ രാഹുൽ കാലുപിടിക്കാൻ നിർബന്ധിച്ച് കുനിച്ച് നിർത്തി കൂമ്പിനിടിച്ച് ചവിട്ടിക്കൂട്ടുന്ന ദൃശ്യങ്ങളും പുറത്തുവന്നു. ഇക്കഴിഞ്ഞ തിങ്കളാഴ്‌ച്ചയാണ് വള്ളിക്കുന്നം സ്വദേശിയായ അച്ചുവിന് ക്രൂര മർദനമേറ്റത്. രാഹുലിനെതിരെ 19-കാരൻ സമൂഹ മാധ്യമങ്ങളിൽ മോശമായി സംസാരിച്ചു എന്നായിരുന്നു ആരോപണം.

ഇതിന്റെ അടിസ്ഥാനത്തിൽ കൊറിയർ നൽകാൻ എന്ന വ്യാജേന യുവാവിനെ കരുനാഗപ്പള്ളിയിലേക്ക് വിളിച്ചു വരുത്തുകയായിരുന്നു. കരുനാഗപ്പള്ളിയിൽ ആളൊഴിഞ്ഞ സ്ഥലത്തേക്ക് വിളിച്ചു കൊണ്ടു പോകുകയും ക്രൂരമായി മർദ്ദിക്കുകയുമായിരുന്നു. ഇതിന്റെ ദൃശ്യങ്ങൾ പകർത്തി രാഹുൽ അടക്കമുള്ളവർ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്തു. ദൃശ്യങ്ങൾ പൊലീസിന്റെ ശ്രദ്ധയിൽ പെടുകയും കരുനാഗപ്പള്ളി സിഐ. ഗോപകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം അന്വേഷിക്കുകയുമായിരുന്നു.

പ്രതിയെക്കുറിച്ച് വ്യക്തമായ ധാരണയുണ്ടായിരുന്നില്ല. രണ്ടുപേരും രണ്ടു സ്ഥലത്ത് നിന്നുള്ളവരായിരുന്നു. സംഭവം നടന്നത് മാത്രമായിരുന്നു കരുനാഗപ്പള്ളിയിൽ. പിന്നീട് പൊലീസ് നടത്തിയ അന്വേഷണത്തിൽ രാഹുലിനെ തെന്മലയിൽ നിന്ന് പിടികൂടുകയായിരുന്നു. ബലാത്സംഗം, പിടിച്ചു പറി അടക്കം ഒട്ടേറെ ക്രിമിനൽ കേസിൽ പ്രതിയാണ് രാഹുൽ. പിടികിട്ടാപ്പുള്ളിയായി ഇയാളെ നേരത്തെ പൊലീസ് പ്രഖ്യാപിച്ചിരുന്നു.

സാമൂഹിക മാധ്യമങ്ങളിൽ പ്രതി തന്നെ ദൃശ്യങ്ങൾ പങ്ക് വയ്ക്കുകയായിരുന്നു. ഈ ദൃശ്യങ്ങൾ കേരള പൊലീസിന്റെ സോഷ്യൽ മീഡിയ മോണിറ്ററിങ് വിഭാഗത്തിന്റെ ശ്രദ്ധയിൽപ്പെട്ടു. വീഡിയോ അപ്ലോഡ് ചെയ്തത് എവിടെ നിന്നെന്ന് കണ്ടെത്തിയാണ് മർദനമേറ്റ അച്ചുവിലേക്കും പ്രതി രാഹുലിലേക്കും പൊലീസ് എത്തിയത്.

പ്രതിയെ കോടതിയിൽ ഹാജരാക്കിയ ശേഷം റിമാന്റ് ചെയ്തു. അതേസമയം ദിവസങ്ങൾക്ക് മുമ്പ് കൊല്ലത്ത് നിന്ന് മറ്റൊരു മർദന വാർത്തയും പുറത്തുവന്നിരുന്നു. ലെയിസ് നൽകാത്തതിന് ഇരവിപുരത്ത് യുവാക്കളെ മദ്യപസംഘം ആക്രമിക്കുകയായിരുന്നു. നാല് പേർ ചേർന്നാണ് രണ്ട് യുവാക്കളെ ക്രൂരമായി മർദിച്ചത്. തങ്ങളുടെ കൈവശമുണ്ടായിരുന്ന ലെയിസ് നൽകാത്തതിന്റെ പേരിലായിരുന്നു മദ്യപസംഘം  ക്രൂര മർദിച്ചതെന്നായിരുന്നു യുവാക്കൾ പറഞ്ഞത്.