കൊച്ചി: തല്ലുമാല പ്രദർശിപ്പിക്കുന്ന തിയേറ്ററിന് സമീപം മോഹൻലാൽ ആരാധകരും ടൊവിനോ തോമസ് ആരാധകരും തമ്മിൽ കൂട്ടത്തല്ല് എന്ന തരത്തിൽ ഒരു വീഡിയോ പ്രചരിച്ചിരുന്നു. എന്നാൽ ഈ വീഡിയോ വ്യാജമാണ് എന്ന് അറിയിച്ചിരിക്കുകയാണ് മോഹൻലാൽ ആരാധകർ.

ബാലുശ്ശേരിയിൽ തിയേറ്ററിന് പുറത്ത് നടന്മാരുടെ ആരാധകർ തമ്മിൽ കൂട്ടത്തല്ലെന്ന രീതിയിലായിരുന്നു വീഡിയോ പ്രചരിച്ചത്. മോഹൻലാൽ ആരാധകരും 'തല്ലുമാല'യിലെ നായകൻ ടൊവിനോ തോമസിന്റെ ആരാധകരും തമ്മിൽ പൊരിഞ്ഞ അടി നടന്നെന്ന രീതിയിലായിരുന്നു പ്രചരണം. തല്ലുമാല പ്രദർശിപ്പിക്കുന്ന ബാലുശ്ശേരിയിലെ സന്ധ്യ തിയേറ്ററിന് പുറത്തുണ്ടായ സംഘർഷം എന്നായിരുന്നു വാർത്തകൾ പ്രചരിച്ചത്. 'തല്ലുമാല' സിനിമ മോശമാണെന്ന പരാമർശത്തെ തുടർന്നാണ് അടി തുടങ്ങി. വാക്കുതർക്കം കയ്യാങ്കളിയിലേക്കും പിന്നീട് കൂട്ടത്തല്ലിലും കലാശിക്കുകയായിരുന്നു എന്നായിരുന്നു പ്രചരണം.


എന്നാൽ ദിവസങ്ങൾക്ക് മുന്നേ സ്‌കൂൾ വിദ്യാർത്ഥികൾ തമ്മിലുണ്ടായ തല്ല് ആണിതെന്നും മോഹൻലാൽ ഫാൻസ് യൂണിറ്റിന് ഈ വീഡിയോയിലുള്ളവരെ അറിയില്ലെന്നും മോഹൻലാൽ ഫാൻസ് ക്ലബ് എന്ന ഫേസ്‌ബുക്ക് പേജിലൂടെ ആരാധകർ വ്യക്തമാക്കി.

അതേസമയം തല്ലുമാലയ്ക്ക് മികച്ച പ്രതികരണമാണ് തിയേറ്ററുകളിൽ നിന്നും ലഭിക്കുന്നത്. സിനിമയിലെ ആക്ഷൻ രംഗങ്ങളും അഭിനേതാക്കളുടെ പ്രകടനവും മികച്ച അഭിപ്രായമാണ് നേടുന്നത്. ടൊവിനോ തോമസ്, ലുക്മാൻ, ഷൈൻ ടോം ചാക്കോ തുടങ്ങിയവർ വലിയ കയ്യടി തന്നെ നേടുന്നുണ്ട്. ചടുലമായ രണ്ടാം പകുതിയാണ് സിനിമയുടെ ഏറ്റവും വലിയ പ്ലസ് എന്നാണ് പ്രേക്ഷക അഭിപ്രായം.

ആഷിക് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആഷിഖ് ഉസ്മാൻ ആണ് ചിത്രം നിർമ്മിക്കുന്നത്. ഷൈൻ ടോം ചാക്കോ, ലുക്ക്മാൻ, ചെമ്പൻ വിനോദ്,ജോണി ആന്റണി, ഓസ്റ്റിൻ, അസീം ജമാൽ തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങൾ. മണവാളൻ വസീം എന്ന കഥാപാത്രത്തെയാണ് ടൊവിനോ അവതരിപ്പിക്കിക്കുന്നത്.

ബീപാത്തുവായി കല്യാണി പ്രിയദർശനും എത്തുന്നു.മുഹ്സിൻ പരാരി, അഷ്റഫ് ഹംസ എന്നിവരാണ് ചിത്രത്തിന്റെ രചന. ക്യാമറ ജിംഷി ഖാലിദ്, സംഗീതം വിഷ്ണു വിജയ്, ഗാനരചന മുഹ്സിൻ പരാരി, പ്രൊഡക്ഷൻ കൺട്രോളർ സുധർമൻ വള്ളിക്കുന്ന്, എഡിറ്റർ നിഷാദ് യൂസഫ്, ആർട്ട് ഗോകുൽദാസ്, മേക്കപ്പ് റോണക്സ് സേവ്യർ, ചീഫ് അസോസിയേറ്റ് റഫീഖ് ഇബ്രാഹിം, ഡിസൈൻ ഓൾഡ്മോങ്ക്, സ്റ്റിൽസ് വിഷ്ണു തണ്ടാശ്ശേരി.