- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തലയിലും കഴുത്തിലും ആഴത്തിലുള്ള മുറിവുകൾ; ശരീരമാസകലം പരിക്ക്; മൃതദേഹം തുണി കൊണ്ട് വരിഞ്ഞ് ചുറ്റിയ നിലയിൽ; കൊച്ചിയിലെ ഫ്‌ളാറ്റിൽ കൊല്ലപ്പെട്ടത് മലപ്പുറം സ്വദേശി സജീവ്; ഒപ്പമുണ്ടായിരുന്ന അർഷാദിനായി അന്വേഷണം തുടരുന്നു
കൊച്ചി: കാക്കനാട് ഇൻഫോ പാർക്ക് പരിസരത്തുള്ള ഫ്ലാറ്റിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ മലപ്പുറം സ്വദേശിയായ യുവാവിന്റെ ശരീരമാസകലം മുറിവുകൾ. മൃതദേഹം തുണി കൊണ്ട് വരിഞ്ഞ് ചുറ്റിയ നിലയിലാണ് കണ്ടെത്തിയത്. കൊലപാതകമെന്ന പ്രാഥമിക നിഗമനത്തിൽ പൊലീസ് സ്ഥലത്ത് പരിശോധന നടത്തി. കൂടെ താമസിച്ചിരുന്ന കോഴിക്കോട് സ്വദേശി അർഷാദിനായി പൊലീസ് അന്വേഷണം ആരംഭിച്ചു.
ഇൻഫോപാർക്കിലെ ഓക് സോണിയ ഫ്‌ളാറ്റിലെ 16-ാം നിലയിലാണ് സംഭവം. മലപ്പുറം വണ്ടൂർ സ്വദേശി സജീവ് കൃഷ്ണയാണ് കൊല്ലപ്പെട്ടത്. 23 വയസായിരുന്നു. ഫ്‌ളാറ്റിലെ ഡക്ടിനുള്ളിൽ ഒളിപ്പിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. സജീവ് ഹോട്ടൽ ജീവനക്കാരനാണ്. മരണം സംഭവിച്ചിട്ട് രണ്ടു ദിവസമായെന്നാണ് സൂചന.
ആഴത്തിലുള്ള മുറിവാണ് സജീവിന്റെ തലയിലേറ്റിട്ടുള്ളത്. ശരീരമാസകലം പരിക്കുകളുമുണ്ട്. മൂന്ന് നാല് ദിവസമായി സജീവിനൊപ്പം അർഷാദാണ് ഉണ്ടായിരുന്നത്. എന്നാൽ സംഭവ ശേഷം ഇയാൾ ഒളിവിലാണ്. അതിനാൽ അർഷാദാണ് സജീവിനെ കൊലപ്പെടുത്തിയത് എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സജീവിന്റെ ഫോണുമായാണ് അർഷാദ് രക്ഷപ്പെട്ടിരിക്കുന്നത്.
സജീവിന്റെ മൃതദേഹം ആദ്യം തുണിയിലും പിന്നീട് കിടക്കയിലും പൊതിഞ്ഞാണ് സൂക്ഷിച്ചിരുന്നത്. ആരും കാണാതെ മൃതദേഹം ഇവിടെ നിന്നും മാറ്റാനായിരുന്നു അർഷാദിന്റെ ശ്രമം. എന്നാൽ ഇതിന് കഴിയാതെ വന്നതോടെ ഇയാൾ ഫ്ളാറ്റ് പൂട്ടി പോയതാകാമെന്നാണ് പൊലീസ് സംശയിക്കുന്നത്.
പൈപ്പ് ഡെക്റ്റിനുള്ളിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്.സമീപ ഫ്ലാറ്റുകളിലുള്ളവരാണ് മൃതദേഹം കണ്ടെത്തി പൊലീസിൽ വിവരം അറിയിച്ചത്. സജീവ് കൃഷ്ണയ്ക്ക് ഒപ്പം മറ്റു നാലു പേർ കൂടി ഈ ഫ്‌ളാറ്റിൽ താമസിച്ചിരുന്നു. ഇവരാരും സ്ഥലത്തുണ്ടായിരുന്നില്ല.
ഫോണിൽ വിളിച്ച് കിട്ടാതിരുന്നതോടെ മറ്റു സുഹൃത്തുക്കൾ ഫ്‌ളാറ്റിലെ കെയർടേക്കറെ ബന്ധപ്പെട്ട് ഫ്‌ളാറ്റ് തുറന്നു പരിശോധിച്ചപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. ഇൻഫോപാർക്ക് പൊലീസ് സ്ഥലത്തെത്തി. സജീവിന്റെ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയായി. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് കൈമാറും. സജീവിന്റെ ബന്ധുക്കൾ കൊച്ചിയിൽ എത്തിയിട്ടുണ്ട്.
ഇതേ സമുച്ചയത്തിലെ മറ്റൊരു ഫ്‌ളാറ്റിലുണ്ടായിരുന്ന സുഹൃത്ത് അർഷാദ് സജീവ് കൃഷ്ണയ്‌ക്കൊപ്പം ഫ്‌ളാറ്റിലുണ്ടായിരുന്നുവെന്ന് പറയുന്നു. കോഴിക്കോട് പയ്യോളി സ്വദേശിയായ ഇയാളെ ഇപ്പോൾ കാണാനില്ലെന്നാണ് വിവരം.
അതേസമയം, ഈ ഫ്‌ളാറ്റിൽ താമസിച്ചിരുന്നവർ സ്ഥിരം പ്രശ്‌നക്കാരായിരുന്നുവെന്ന് അയൽവാസികൾ മാധ്യമങ്ങളോടു വെളിപ്പെടുത്തി. മദ്യപിച്ച് പ്രശ്‌നമുണ്ടാക്കരുതെന്ന് ഇവർക്കു പലതവണ മുന്നറിയിപ്പു നൽകിയിരുന്നു. പ്രശ്‌നം രൂക്ഷമായതോടെ ഫ്‌ളാറ്റിൽനിന്ന് മാറുന്ന കാര്യവും സംസാരിച്ചിരുന്നതായാണ് ഇവർ പറയുന്നത്. രണ്ടു ദിവസം മുൻപ് സജീവിനെയും അർഷാദിനെയും ഒരുമിച്ചു കണ്ടിരുന്നതായും അയൽക്കാർ വെളിപ്പെടുത്തി.
മറുനാടന് മലയാളി ബ്യൂറോ