തൃശൂർ: നൊന്തുപെറ്റ് പിതാവിന്റെ അസാന്നിധ്യത്തിലും മക്കളെ നന്നായി വളർത്തിയ അമ്മയ്ക്ക് 59-ാം വയസ്സിൽ പുനർജീവിതം സമ്മാനിച്ചു മകൾ. മക്കൾ വിവാഹം കഴിച്ച് പോയതോടെ ഒറ്റപ്പെട്ടു പോയ അമ്മയുടെ കൈപിടിച്ച് വിവാഹപന്തലിൽ വരനു കൈമാറിയതും മകൾ തന്നെ. വളർത്തി വലുതാക്കി നല്ല നിലയിൽ എത്തിച്ചതിന് ചിങ്ങപ്പുലരിയിൽ മകൾ അമ്മയ്‌ക്കേകിയ സമ്മാനം.

ഭർത്താവ് മരിച്ച് ഒറ്റപ്പെട്ടു കഴിഞ്ഞിരുന്ന രതി മേനോന്റെയും ഭാര്യ മരിച്ച് ഏകാന്ത ജീവിതത്തിലായിരുന്ന ദിവാകരന്റെയും വിവാഹമാണ് മക്കൾ കെങ്കേമമായി നടത്തിയത്. ചിങ്ങം പിറന്ന ബുധനാഴ്ചയാണ് തിരുവമ്പാടി അമ്പലത്തിൽ ഇരുവരുടേയും വിവാഹം നടന്നത്. മകൾ അമ്മയെ കൈ പിടിച്ചേൽപ്പിച്ചപ്പോൾ കണ്ടു നിന്നവർക്കും അത് പുതിയ അനുഭവമായിമാറി. കോലഴി സ്വദേശിയാണു രതി മേനോൻ. 63 വയസ്സുകാരനായ ദിവാകരൻ കാർഷിക സർവകലാശാലയിൽ നിന്നു വിരമിച്ച ഉദ്യോഗസ്ഥനാണ്.

ഇരുവർക്കും രണ്ട് പെൺമക്കൾ. മക്കളുടെ വിവാഹം കഴിയുകയും പങ്കാളികൾ മരിക്കുകയും ചെയ്തതോടെ ജീവിതത്തിൽ ഒറ്റപ്പെട്ടുപോയവർ. വീട്ടിൽ ഒറ്റപ്പെട്ടുപോയ അമ്മയുടെ ബുദ്ധിമുട്ട് മനസ്സിലാക്കിയാണു വിവാഹത്തിനു മുൻകയ്യെടുത്തതെന്ന് മകൾ പ്രസീത പറയുന്നു. 'മക്കളായ ഞങ്ങൾ കുടുംബസമേതം കഴിയുമ്പോൾ അമ്മ അകലെ വീട്ടിൽ ഒറ്റയ്ക്കു കഴിയുന്ന സങ്കടം സഹിക്കാൻ വയ്യാതായി.

ജോലിയും കുടുംബവുമുള്ളതിനാൽ അമ്മയുടെ കൂടെ വന്നു താമസിക്കാൻ കഴിയാതായി. അമ്മയ്‌ക്കൊരു കൂട്ടുവേണമെന്നു മനസ്സ് പറഞ്ഞു.' ഭർത്താവ് വിനു നൽകിയ പിന്തുണയാണു പ്രസീതയ്ക്കു കരുത്തായത്. വീട്ടുകാരും ബന്ധുക്കളുമൊക്കെ ഒപ്പം ചേർന്നു. ദിവാകരന്റെ മക്കൾക്കും സമ്മതമായതോടെ വിവാഹത്തിനു വഴിതെളിഞ്ഞു. മക്കളെ വിവാഹം കഴിപ്പിച്ചയച്ചു കഴിഞ്ഞാൽ ഒറ്റപ്പെട്ടുപോകുന്ന ഏറെപ്പേരുണ്ട്. അവർക്കു പുതിയ ജീവിതത്തിനുള്ള പ്രചോദനമാവുകയാണു പ്രസീതയെപ്പോലുള്ള മക്കളുടെ ഇടപെടൽ.