തൊടുപുഴ: നിരോധിത ലഹരിമരുന്നായ എംഡിഎംഎയുമായി പൊലീസുകാരൻ പിടിയിൽ. ഇടുക്കി എആർ ക്യാംപിലെ സിവിൽ പൊലീസ് ഓഫിസർ എം.ജെ.ഷാനവാസിനെയാണ് എക്സൈസ് പിടികൂടിയത്. ഇയാൾക്കൊപ്പമുണ്ടായിരുന്ന മെഡിക്കൽ റെപ്രസന്റേറ്റീവായ സുഹൃത്ത് ഷംനാസ് ഷാജിയേയും (32) എക്സൈസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

3.6 ഗ്രാം എംഡിഎംഎയും 20 ഗ്രാം ഉണക്ക കഞ്ചാവും ഒരു കാറും ബൈക്കും ഇവരിൽ നിന്നും പിടിച്ചെടുത്തു. ഇന്നു രാവിലെ 11.30 ഓടെ തൊടുപുഴയ്ക്ക് സമീപം മുതലക്കോടത്ത് വച്ചാണ് ഇരുവരെയും പിടികൂടിയത്. ലഹരി ഇടപാടുകൾ നടക്കുന്നുവെന്ന രഹസ്യ വിവരത്തെ തുടർന്നായിരുന്നു പരിശോധന.

ഇടുക്കിയിലെ പൊലീസുകാർക്കിടയിൽ വ്യാപകമായി മയക്കുമരുന്നുകൾ വിതരണം ചെയ്യുന്ന വലിയ ശൃഖല പ്രവർത്തിക്കുന്നുവെന്ന് എക്‌സൈസിന് ലഭിച്ച വിവരത്തെ തുടർന്നായിരുന്നു പരിശോധന. ഈ വിവരത്തിന്റെ അടിസ്ഥാനത്തിൽ രണ്ട് ദിവസം മുമ്പ് എക്‌സൈസ് രഹസ്യമായി പരിശോധന തുടങ്ങിയിരുന്നു.

ഈ പരിശോധനയിൽ ശനിയാഴ്ച ഉച്ചയോടെയാണ് മുതലക്കോടത്തുവെച്ച് സിവിൽ പഭലീസ് ഓഫീസർ ഷാനവാസും  ഷംനാസ് ഷാജിയും പിടിയിലാകുന്നത്. ഇവരിൽനിന്ന് മയക്കുമരുന്ന് വാങ്ങാനെത്തിയ ആളെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

ഷാനവാസ് പൊലീസ് ക്യാമ്പുകളിലടക്കം വ്യാപകമായി മയക്കുമരുന്ന് വിതരണം ചെയ്തിട്ടുണ്ടെന്ന് എക്‌സൈസിന് വിവരം ലഭിച്ചിട്ടുണ്ട്. ഇതേക്കുറിച്ച് അന്വേഷണം തുടങ്ങികഴിഞ്ഞു. അന്വേഷണവുമായി പൊലീസുദ്യോഗസ്ഥർ സഹകരിച്ചില്ലെങ്കിൽ കോടതിയെ സമീപിക്കാനാണ് എക്‌സൈസ് ആലോചിക്കുന്നത്.

എറണാകുളം പെരുമ്പാവൂരിൽ അഞ്ച് ലക്ഷം രൂപ വില വരുന്ന ലഹരിമരുന്നുമായി ഇതര സംസ്ഥാന തൊഴിലാളിയെയും എക്‌സൈസ് പിടികൂടിയിരുന്നു. ഓണം സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി പെരുമ്പാവൂർ എക്‌സൈസ് നടത്തിയ പരിശോധനയിലാണ് അസം സ്വദേശി നജറുൾ ഇസ്ലാം ലഹരിമരുന്നുമായി പിടിയിലായത്. ഇയാളിൽ നിന്ന് 181 ചെറിയ കുപ്പികളിലായി നിറച്ച ഹെറോയിൻ കണ്ടെടുത്തു. ഇതരസംസ്ഥാന തൊഴിലാളികൾക്കിടയിലുള്ള വിൽപ്പനയ്ക്കായി അസമിൽ നിന്നാണ് ഹെറോയിൻ കൊണ്ടുവന്നിരുന്നതെന്ന് പ്രതി എക്‌സൈസിന് മൊഴി നൽകി.

പെരുമ്പാവൂർ അറയ്ക്കപ്പടി വാത്തിമറ്റത്ത് ഇതര സംസ്ഥാന തൊഴിലാളികൾക്കിടയിൽ വിൽപ്പന നടത്താൻ അതിതീവ്ര ലഹരിമരുന്നായ ഹെറോയിനുമായി നിൽക്കുന്നതിനിടയിലായിരുന്നു അറസ്റ്റ്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. ലഹരിമരുന്ന് കണ്ടെടുത്തിന് പിന്നാലെ പ്രതിയുടെ താമസ സ്ഥലത്തും എക്‌സൈസ് തെരച്ചിൽ നടത്തി.

തുടർന്നാണ് 181 ചെറിയ കുപ്പികളിലായി നിറച്ച ഹെറോയിൻ കണ്ടെടുത്തത്. ഓരോ കുപ്പി ഹെറോയിനും 2,000 മുതൽ 2,500 രൂപ വരെ വിലയ്ക്കാണ് പ്രതി വിറ്റിരുന്നത്. അസമിൽ നിന്ന് കുറഞ്ഞ വിലയ്ക്ക് കൊണ്ടുവരുന്ന ഹെറോയിൻ കൂടിയ വിലയ്ക്കാണ് പ്രതി ഇതര സംസ്ഥാന തൊഴിലാളികൾക്കിടയിൽ വിൽപ്പന നടത്തിയിരുന്നത്. പിടിച്ചെടുത്ത ഹെറോയിന് അഞ്ച് ലക്ഷം രൂപയോളം വില വരും. വിൽപ്പന സംഘത്തിൽ കൂടുതൽ പേർ ഉണ്ടോയെന്ന് അന്വേഷിച്ച് വരികയാണെന്ന് എക്‌സൈസ് അറിയിച്ചു. ഓണക്കാലം അടുത്തതോടെ എക്‌സൈസ് സംഘം പരിശോധന വ്യാപകമാക്കിയിട്ടുണ്ട്.