- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'പ്രതികളുടെ ജാമ്യം റദ്ദാക്കിയാൽ പ്രത്യാഘാതം നേരിടേണ്ടിവരും; മേൽക്കോടതിയിൽ മറുപടി പറയേണ്ടി വരും; ജഡ്ജിയുടെ ഫോട്ടോ ചേർത്ത് വ്യാജ വാർത്തകൾ പ്രചരിക്കും'; അട്ടപ്പാടി മധു കേസിൽ പ്രതിഭാഗം അഭിഭാഷകൻ ഭീഷണിപ്പെടുത്തിയെന്ന് ജഡ്ജി
പാലക്കാട്: അട്ടപ്പാടി മധു വധക്കേസിൽ പ്രതികളുടെ ജാമ്യം റദ്ദാക്കരുതെന്ന ആവശ്യം ഉന്നയിച്ച് പ്രതിഭാഗം അഭിഭാഷകൻ ഭീഷണിപ്പെടുത്തിയെന്ന് ജഡ്ജി. കേസിൽ 12 പ്രതികൾക്കും ഹൈക്കോടതി നൽകിയ ജാമ്യം റദ്ദാക്കിക്കൊണ്ടുള്ള ഉത്തരവിൽ പ്രത്യേക ഖണ്ഡികയായി ആണ് ജഡ്ജി പരാമർശം നടത്തിയിരിക്കുന്നത്.
പ്രതികളുടെ ജാമ്യം റദ്ദാക്കിയാൽ പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന് പ്രതിഭാഗം അഭിഭാഷകൻ മുന്നറിയിപ്പ് നൽകിയതായി മണ്ണാർക്കാട് എസ്.സി/എസ്.ടി കോടതി പറഞ്ഞു. ജാമ്യവ്യവസ്ഥ ലംഘിച്ചതിനെ തുടർന്ന് മധു കേസിലെ പന്ത്രണ്ട് പ്രതികളുടെയും ജാമ്യം റദ്ദാക്കിക്കൊണ്ടുള്ള ഉത്തരവിലാണ് പ്രതിഭാഗം അഭിഭാഷകന്റെ പരാമർശങ്ങൾ കോടതി വെളിപ്പെടുത്തിയത്.
പ്രതികളുടെ ജാമ്യം റദ്ദാക്കിയാൽ വിചരണ ജഡ്ജി പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന് പ്രതികളുടെ അഭിഭാഷകൻ മുന്നറിയിപ്പ് നൽകിയതായി കോടതിയുടെ വിധിന്യായത്തിൽ പറയുന്നു. ജാമ്യം റദ്ദാക്കിയാൽ വിചാരണ കോടതി ജഡ്ജി ഹൈക്കോടതിയിൽ അതിന് മറുപടി പറയേണ്ടിവരും. മാധ്യമങ്ങളിൽ ജഡ്ജിയുടെ പടം ഉൾപ്പെടെയുള്ള മോശം വാർത്തകൾ വരുമെന്നും അഭിഭാഷകൻ പറഞ്ഞതായി ഉത്തരവിൽ പരാമർശമുണ്ട്. കേസിലെ 3,6,8,10,12 എന്നീ പ്രതികളുടെ അഭിഭാഷകൻ പറഞ്ഞ കാര്യങ്ങളാണ് വിചാരണ കോടതി ഉത്തരവിൽ ചൂണ്ടിക്കാണിച്ചത്.
ഇത്തരം കാര്യങ്ങളിൽ ഇനി നേരായ തീരുമാനമുണ്ടായില്ലെങ്കിൽ രൂക്ഷമായ ഭാഷയിൽ വിമർശനം വരുമെന്നും അഭിഭാഷകൻ മുന്നറിയിപ്പ് നൽകിയതായി ഉത്തരവിൽ പറയുന്നു. അതേസമയം കേസിന്റെ വിചാരണ വേളയിലാണോ അതോ മറ്റെവിടെയെങ്കിലും വച്ചാണോ പ്രതിഭാഗം അഭിഭാഷകൻ ഇക്കാര്യങ്ങൾ പറഞ്ഞതെന്ന് കോടതി ഉത്തരവിൽ പറയുന്നില്ല.
മണ്ണാർക്കാട് പട്ടിക ജാതി, പട്ടിക വർഗ പ്രത്യേക കോടതി ജഡ്ജി കെ.എം.രതീഷ് കുമാർ 12 പ്രതികളുടെയും ജാമ്യം ശനിയാഴ്ച റദ്ദാക്കിയിരുന്നു. മരക്കാർ, ഷംസുദ്ധീൻ,അനീഷ്, രാധാകൃഷ്ണൻ, അബൂബക്കർ, സിദ്ധീഖ്, നജീബ്, ജൈജുമോൻ, അബ്ദുൽ കരീം, സജീവ്, ബിജു, മുനീർ എന്നീ പ്രതികളുടെ ജാമ്യമാണ് റദ്ദാക്കിയത്. പ്രതികൾ നേരിട്ടും ഇടനിലക്കാർ മുഖേനെയും സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിച്ചു എന്നായിരുന്നു പ്രോസിക്യൂഷൻ വാദം. ഇത് തെളിയിക്കുന്ന രേഖകളും പ്രോസിക്യൂഷൻ അഭിഭാഷകൻ രാജേഷ് എം മേനോൻ ഇന്ന് കോടതിയിൽ ഹാജരാക്കി.
കേസ് അട്ടിമറിക്കുന്നതിന് പ്രതികൾ സാക്ഷികളെ സ്വാധീനിക്കുന്നെന്ന പ്രോസിക്യൂഷൻ ഹർജിയിലായിരുന്നു കോടതിയുടെ നടപടി. ഹൈക്കോടതി ജാമ്യം അനുവദിച്ച 12 പ്രതികളുടെ ജാമ്യം റദ്ദാക്കണമെന്നായിരുന്നു പ്രോസിക്യൂഷന്റെ ആവശ്യം. അടുത്തിടെ കേസിലെ 13 സാക്ഷികൾ കൂറുമാറിയിരുന്നു. കേസിലെ 16 പ്രതികളിൽ 12 പേരുടെ ജാമ്യമാണ് കോടതി റദ്ദാക്കിയത്.
കേസിലെ 12 പ്രതികളിൽ അനീഷ്, സിദീഖ്, ബിജു എന്നിവർ മാത്രമാണ് ഇന്ന് കോടതിയിൽ ഹാജരായത്. മറ്റു 9 പ്രതികൾക്കും എതിരെ കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു. വിധിയിൽ സന്തോഷവും ആശ്വാസവുമുണ്ടെന്ന് മധുവിന്റെ കുടുംബം മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. കേസിന്റെ വിചാരണയ്ക്കിടെ ഇതുവരെ വിസ്തരിച്ച 16 സാക്ഷികളിൽ 13 പേരും കുറൂമുറിയിരുന്നു. പ്രധാന പ്രതികളുടെ ജാമ്യം റദ്ദാക്കിയതോടെ വരും ദിവസഒളിൽ സാക്ഷികളുടെ കൂറുമാറ്റം വലിയൊരളവിൽ കുറയുമെന്ന പ്രതീക്ഷയിലാണ് പ്രോസിക്യൂഷൻ.
മറുനാടന് മലയാളി ബ്യൂറോ