കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് ട്രെയിൻ അട്ടിമറിക്കാൻ ശ്രമം. കോട്ടിക്കുളത്ത് റെയിൽപാളത്തിൽ കോൺക്രീറ്റിൽ ഉറപ്പിച്ച ഇരുമ്പുപാളി വച്ച നിലയിൽ കണ്ടെത്തി. ട്രെയിനെത്തും മുന്നേ സംഭവം കണ്ടെത്തിയതിനാൽ വൻ ദുരന്തം ഒഴിവായി. കഴിഞ്ഞമാസം പാളത്തിൽ കല്ലുകൾ നിരത്തിവച്ചതായി കണ്ടെത്തിയതിനു സമീപമാണ് ഇരുമ്പുപാളി വച്ചതും. റെയിൽവേ അതീവ ഗൗരവത്തോടെയാണു സംഭവത്തെ കാണുന്നത്.

കണ്ണൂർ, കാസർകോട് ജില്ലകളിൽ പല സ്ഥലത്തും ട്രാക്കിൽ ബോധപൂർവം കല്ലുകൾ നിരത്തിയ പല സംഭവങ്ങളും അടുത്തിടെ ഉണ്ടായിരുന്നതായി റെയിൽവേ അധികൃതർ വ്യക്തമാക്കി. കാസർകോട് റെയിൽവേ പ്രൊട്ടക്ഷൻ പൊലീസ് സ്ഥലത്തെത്തി തടസ്സം നീക്കി പരിശോധന നടത്തി.ഇരുമ്പുപാളി സ്ഥാപിച്ചവരെ കണ്ടെത്താൻ റെയിൽവേ പൊലീസ് അന്വേഷണം തുടങ്ങി. അതീവ ഗൗരവത്തോടെയാണ് ഈ സംഭവം കാണുന്നത്.

ബേക്കൽ-കോട്ടിക്കുളം പാതയിൽ കാസർകോട് ഭാഗത്തേക്കുള്ള ട്രാക്കിലാണു തടസ്സം സ്ഥാപിച്ചിരുന്നത്. റെയിൽവേ അറ്റകുറ്റപ്പണികളുടെ ഭാഗമായി നീക്കിയ ഭാഗമാണു തിരികെ ട്രാക്കിലെത്തിച്ച് തടസ്സമായി വെച്ചത്. ഭാരമുള്ള വസ്തുവായതിനാൽ ഒന്നിലധികം പേർ സംഭവത്തിൽ ഇടപെട്ടിട്ടുണ്ടെന്നാണു കരുതുന്നത്. അതിനാൽ തന്നെ ബോധപൂർവം അട്ടിമറിക്കുള്ള ശ്രമമായി കണക്കാക്കി അന്വേഷണം നടത്തുമെന്നാണു സൂചന.

മംഗളൂരു-ചെന്നൈ സൂപ്പർഫാസ്റ്റ് ട്രെയിനിലെ ലോക്കോ പൈലറ്റാണ് ട്രാക്കിലെ തടസ്സം കണ്ടത്. ഉടൻ തന്നെ ഇക്കാര്യം ആർപിഎഫിനെ അറിയിക്കുകയായിരുന്നു. ഉടൻ തന്നെ സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. തടസ്സമുണ്ടായിരുന്ന ട്രാക്കിലൂടെ മറ്റു ട്രെയിനുകൾ വരാതിരുന്നതും വലിയ ദുരന്തം ഒഴിവാക്കി.

ഇതിനിടെ ചിത്താരിയിൽ ട്രെയിനിനു നേരെ കല്ലേറുണ്ടായി. കോയമ്പത്തൂർ മംഗളൂരു ട്രെയിനിനു നേരെയാണു ചിത്താരി ഗ്രാൻഡ് ഓഡിറ്റോറിയത്തിനു പടിഞ്ഞാറു ഭാഗത്തായി ഇന്നലെ വൈകിട്ട് 5.22നു കല്ലേറുണ്ടായത്. സംഭവത്തിൽ ആർക്കും പരുക്കില്ല.