ജക്കാർത്ത: ലോകത്തിനു മുന്നിൽ വേദനയാകുകയാണ് ഈ യുവതിയുടെ ചിത്രം. ചാട്ടവാർ കൊണ്ടുള്ള അടിയേറ്റു വേദന സഹിക്കാനാകാതെ പുളയുന്ന യുവതിയുടെ ചിത്രം പുറത്തുവന്നത് ഇന്തോനേഷ്യയിൽ നിന്നാണ്. ആൺ സുഹൃത്തിനൊപ്പം നിന്നു എന്ന കുറ്റം ആരോപിച്ചാണ് ഈ യുവതിയെ ക്രൂരശിക്ഷയ്ക്കു വിധേയയാക്കിയത്. സൗദി അറേബ്യയെപ്പോലും കടത്തിവെട്ടുന്ന സദാചാര പൊലീസിങ്ങാണ് ഇന്തോനേഷ്യയിൽ നടക്കുന്നതെന്നാണ് ഈ സംഭവം വെളിപ്പെടുത്തുന്നത്.

ആൺ സുഹൃത്തുമായി അടുത്തിടപഴകിയതു ഗുരുതര കുറ്റമെന്ന നിലയിൽ കടുത്ത ശിക്ഷ ഏറ്റുവാങ്ങിയത് ഇരുപതുകാരിയാണ്. പെൺകുട്ടി ശരിയാ നിയമം തെറ്റിച്ചുവെന്ന് ആരോപിച്ചാണ് ചമ്മട്ടികൊണ്ടു ക്രൂരമായി തല്ലിച്ചതച്ചത്. ഇസ്ലാമിക ശരിയാ നിയമം പറയുന്നതു വിവാഹം കഴിക്കാത്ത സ്ത്രീയും പുരുഷനും അടുത്തിടപഴകരുതെന്നാണ്. ഇതു തെറ്റിച്ചുവെന്നു ചൂണ്ടിക്കാട്ടിയാണു യുവതിയെ ശിക്ഷിച്ചത്. മുസ്ലിം പള്ളിക്കു മുന്നിൽ കൊണ്ടു വന്നു പരസ്യമായാണു ചാട്ടവാറു കൊണ്ട് ഇരുപതുകാരിയുടെ പുറം തല്ലിപ്പൊളിച്ചത്.

ബാൻഡ അകേ പ്രവിശ്യയിൽ ഇത്തരം ശിക്ഷാരീതികൾ പതിവാണെന്നും ഇതിന്റെ ഒടുവിലത്തെ ഇരയാണ് ഈ ഇരുപതുകാരിയെന്നും അന്താരാഷ്ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ടു ചെയ്യുന്നു. കഴിഞ്ഞയാഴ്ചയും ഇത്തരത്തിൽ സംഭവം ഇവിടെ നിന്നു പുറത്തുവന്നിരുന്നു. 23 തവണയാണു യുവതിയുടെ പുറത്തു ചാട്ടവാർ പതിച്ചത്.