പാരിസ്: പ്രശസ്ത ബോളിവുഡ് നടി മല്ലിക ഷെരാവത്തിനും സുഹൃത്തിനും നേരെ പാരിസിലെ താമസസ്ഥലത്ത് ആക്രമണം നടന്നതായി റിപ്പോർട്ട്. മുഖംമൂടിവച്ച മൂന്നുപേർ ഇരുവർക്കും നേരെ കണ്ണീർവാതകം പ്രയോഗിക്കുകയും തുടർന്ന് ആക്രമിക്കുകയുമായിരുന്നെന്ന് ഫ്രഞ്ച് പത്രം റിപ്പോർട്ട് ചെയ്തു. വെള്ളിയാഴ്ച രാത്രിയാണ് സംഭവം. സുഹൃത്ത് സിറിൾ ഓക്‌സെൻഫെൻസിനൊപ്പം താമസസ്ഥലത്ത് എത്തിയപ്പോഴാണ് അക്രമണമുണ്ടായത്.

ഒന്നും പറയാതെയാണ് ഇരുവരേയും സംഘം ആക്രമിച്ചത്. തുടർന്ന് സംഘം ഓടിരക്ഷപ്പെട്ടു. മോഷണശ്രമമാണെന്ന് പൊലീസ് സംശയിക്കുന്നു. എന്നാൽ സാധനങ്ങൾ ഒന്നും നഷ്ടപ്പെട്ടതുമില്ല. ഇരുവർക്കും നിസാര പരിക്കുകൾ ഉണ്ട്. ഷെരാവത്തിന്റെ സ്വകാര്യ താമസ സ്ഥലത്താണ് കവർച്ചാ ശ്രമമുണ്ടായത്. ഇതിന് തൊട്ടടുത്ത് താമസിക്കുകയായിരുന്ന മറ്റൊരു സെലിബ്രെട്ടിയായിരുന്ന കിം കാർദഷിയാനും ഒരു മാസം മുമ്പ് സമാന അനുഭവം ഉണ്ടായിട്ടുണ്ട്. അന്ന് കാർദഷിയാനെ തോക്കിൻ മുനയിൽ നിർത്തിയായിരുന്നു ആക്രമണം. അതിന് പിന്നിൽ മോഷണ ലക്ഷ്യമാണ് ഉണ്ടായിരുന്നത്.

ഷെരാവത്തും സുഹൃത്തും വ്യവസായിയുമായ സിറിൾ ഓക്‌സെൻഫെൻസിനൊപ്പം രാത്രി 9.30ഓടെയാണ് താമസ സ്ഥലത്ത് എത്തിയത്. ഈ സമയമാണ് അക്രമികൾ എത്തിയത്. ഒന്നും മിണ്ടാതെ ടിയർ ഗ്യാസ് അടിച്ച് ആക്രമിക്കുകയായിരുന്നു. അതിന് ശേഷം അവർ ഓടിപ്പോയി. തുടർന്ന് പൊലീസിനെ നടിയും കാമുകനും ഫോണിൽ സംഭവം അറിയിക്കുകയായിരുന്നു. മോഷ്ടാക്കളെ കണ്ടെത്താൻ പൊലീസ് ശ്രമം തുടരുകയാണ്.

സിറിൾ ഓക്‌സെൻഫെൻസ് അറിയപ്പെടുന്ന റിയിൽ എസ്റ്റേറ്റ് വ്യവസായിയാണ്. ഇദ്ദേഹത്തിന്റെ ഫ്‌ലാറ്റിലേക്ക് വരുമ്പോഴായിരുന്നു ആക്രമണം. ബോളിവുഡ് സിനിമയുമായും ഈ ഫ്രഞ്ചുകാരന് അടുത്ത ബന്ധമുണ്ട്. മുംബൈയിൽ ഷെരാവത്തും ഇദ്ദേഹവും പൊതു വേദിയിൽ പലപ്പോഴും പ്രത്യക്ഷപ്പെടാറുണ്ട്.