ജിദ്ദ: സ്ത്രീകൾക്ക് കാറോടിക്കാൻ അനുമതി നൽകിയപ്പോൾ ലോകം സൗദി അറേബ്യയെ കുറിച്ച് പറഞ്ഞത് ഒടുവിൽ 21-ാം നൂറ്റാണ്ടിൽ എത്തിയെന്നാണ്. കർശനമായി ഇസ്ലാമിക ജീവിത വ്യവസ്ത തുടരുന്ന സൗദിക്ക് എണ്ണയും സമ്പത്തും ധാരാളം ഉണ്ടെങ്കിലും മുന്നേറാൻ സാധിക്കാതെ പോയത് ഇതു തന്നെയാണ്. സൗദിയുടെ പുതിയ കിരാടവകാശി പക്ഷെ ചരിത്രം തന്നെ പൊളിച്ചെഴുതുകയാണ്. സൗദിയിലെ കർശനമായ മത നിയന്ത്രണങ്ങളിൽ ആയവ് വരുത്തുമെന്ന് പ്രഖ്യാപിച്ചതിന് തൊട്ടു പിന്നാലെ ലോകത്തിന് മുഴുവൻ മുൻപിൽ നടക്കാൻ ഒരു പദ്ധതിയും രാജകുമാരൻ പ്രഖ്യാപിച്ചു.

ഭാവിയെ മുന്നിൽക്കണ്ടുള്ള മെഗസ്സിറ്റിയാണ് സൗദി അറേബ്യ പ്രഖ്യാപിച്ച ലോകോത്തര പദ്ധതി. 500 ബില്യൺ ഡോളർ ചെലവ് പ്രതീക്ഷിക്കുന്ന ഈ മെഗസ്സിറ്റി പദ്ധതി സൗദിയിൽ മാത്രമൊതുങ്ങുന്നതല്ല. റെഡ്‌സീയുടെ തീരത്തായി, ഈജിപ്തിലേക്കും ജോർദാനിലേക്കും വ്യാപിച്ചുകിടക്കുന്നതാവും നീം എന്ന് പേരിട്ടിട്ടുള്ള ഈ സ്വപ്‌ന പദ്ധതി. കിരീടാവകാശിയായ മുഹമ്മദ് ബിൻ സൽമാനാണ് ഈ പദ്ധതി പ്രഖ്യാപിച്ചത്. ഡ്രോണുകളും റോബോട്ടുകളും ഡ്രൈവറില്ലാത്ത കാറുകളുമൊക്കെയാകും മെഗസ്സിറ്റിയിലുണ്ടാവുകയെന്നും സൂചിപ്പിച്ചു.

പൂർണമായും പ്രകൃതിജന്യമായ ഊർജത്തെ ആശ്രയിച്ചാകും മെഗസ്സിറ്റി നിലകൊള്ളുക. കാറ്റിൽനിന്നും സൗരോർജത്തിൽനിന്നുമുള്ള വൈദ്യതിയാകും ഇവിടെ ഉപയോഗിക്കുക. നിലവിൽ ഉപയോഗശൂന്യമായി കിടക്കുന്ന 25500 ചതുരശ്ര കിലോമീറ്റർ സ്ഥലമാണ് ഇതിനായി കണ്ടടെത്തിയിട്ടുള്ളത്. ഈജിപ്തിനെയും സൗദിയെയും ബന്ധിപ്പിക്കുന്ന നിർദിഷ്ട സൽമാൻ രാജാവ് പാലം ഇതിലൂടെയാകും കടന്നുപോവുക. ബയോടെക്‌നോളജി, ഡിജിറ്റൽ സയൻസ്, അഡ്വാൻസ്ഡ് മാനുഫാക്ചറിങ് ടെക്‌നോളജി എന്നിവയാകും ഇവിടുത്തെ പ്രധാന വ്യവസായ കേന്ദ്രങ്ങളെന്നും രാജകുമാരൻ പ്രഖ്യാപിച്ചു.

മൂന്നുരാജ്യങ്ങളിലായി പരന്നുകിടക്കുന്ന ആദ്യ സ്വകാര്യ സംരഭമായി ഇതുമാറുമെന്ന് പദ്ധതി പ്രഖ്യാപിച്ചുകൊണ്ട് മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ പറഞ്ഞു. സൗദി അറേബ്യയുടെ പൊതുഖജനാവായ പബ്ലിക് ഇൻവെസ്റ്റ്‌മെന്റ് ഫണ്ടിൽനിന്നാകും ഇതിന് തുക കണ്ടെത്തുക. ലോകത്തെ ഏറ്റവും തന്ത്രപ്രധാനമേഖലകളിലൊന്നിലാകും നീം സ്ഥ്ിതി ചെയ്യുകയെന്ന് പബ്ലിസ് ഇൻവെസ്റ്റ്‌മെന്റ് ഫണ്ട് പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറഞ്ഞു. ഏഷ്യ, യൂറോപ്പ്, ആഫ്രിക്ക എന്നീ ഭൂഖണ്ഡങ്ങളെ ബന്ധിപ്പിക്കുന്നുവെന്നതാണ് ഈ മേഖലയുടെ പ്രധാന്യം.

റിയാദിൽ നടന്ന നിക്ഷേപക സമ്മേളനത്തിലാണ് രാജകുമാരൻ ഈ പദ്ധതി പ്രഖ്യാപിച്ചത്. രാജ്യത്തിന്റെ വരുമാനത്തെ ഭാവിയെ മുന്നിൽക്കണ്ട് ഉപയോഗിക്കുന്നതിന്റെ തെളിവാണിതെന്ന് അദ്ദേഹം. വ്യവസായ ലോകത്തെ പ്രമുഖരെല്ലാം ഒത്തുകൂടിയ ഫ്യൂച്ചർ ഇൻവെസ്റ്റ്‌മെന്റ് ഇനിഷ്യേറ്റീവ് എന്ന സമ്മേളനത്തിലായിരുന്നു പ്രഖ്യാപനം. കോർപറേറ്റ് ഭീമന്മാരും ലോകത്തെ വൻകിട കമ്പനികളും സൗദി ഭരണകൂടത്തിലെ പ്രമുഖരും സമ്മേളനത്തിനെത്തിയിരുന്നു. പദ്ധതിയെക്കുറിച്ച് ഈജിപ്തിന്റെയും ജോർദാന്റെയും പ്രതികരണം അറിവായിട്ടില്ല.