ലണ്ടൻ: ക്രിപ്‌റ്റോകറൻസി അതിന്റെ ഏറ്റവും മോശമായ ആഴ്ചയിലൂടെ കടന്നു പോയിട്ടും വെള്ളിയാഴ്ച താഴോട്ട് പോയ ബിറ്റ്‌കോയിന്റെ വില ചൊവ്വാഴ്ചയോടെ തിരികെ കയറി. വൻ തകർച്ചയിൽ നിന്നും ബിറ്റ്‌കോയിന്റെ മൂല്യം 16,000 ഡോളറായാണ് തിരികെ കയറിയത്.

ലോകത്തിലെ ഏറ്റവും വലുതും ഏറ്റവും അറിയപ്പെടുന്നതുമായ ക്രിപ്‌റ്റോ കറൻസിയായ ബിറ്റ്‌കോയിന്റെ മൂല്യം വെള്ളിയാഴ്ച 30 ശതമാനം വരെ വിലയിടിഞ്ഞിരുന്നു. അതായത് 19,843 ഡോളറിൽ നിന്ന് 11,159.93 ആയി മൂല്യം ഇടിഞ്ഞു.ബിറ്റ്‌കോയിന്റെ ചരിത്രത്തിലെ എക്കാലത്തെയും വലിയ ഇടിവാണ് രേഖപ്പെടുത്തിയത്. ഒറ്റ ദിവസം കൊണ്ട് കാൽ ഭാഗത്തോളം ഇടിവാണ് ബിറ്റ്‌കോയിന്റെ വിലയിൽ രേഖപ്പെടുത്തിയത്.

എന്നാൽ ചൊവ്വാഴ്ച രാവിലെ ആയതോടെ ഈ ഡിജിറ്റൽ കറൻസിയുടെ മൂല്യം കുതിച്ചു കയറി. 16,000 ഡോളറിലേക്കാണ് മൂല്യം ഉയർന്നത്. ഈ വർഷം പത്ത് മടങ്ങ് വർദ്ധനവാണ് രേഖപ്പെടുത്തിയത്. ഏഴാഴ്‌ച്ച കൊണ്ട് ഇരട്ടി വർദ്ധനവും ബിറ്റ് കോയിന്റെ മൂല്യത്തിൽ രേഖപ്പെടുത്തിയിരുന്നു.

അതേസമയം ബിറ്റ്‌കോയിൻ വ്യാപാരം നടത്തുന്നതിൽ ഇനിമുതൽ പൂർണ്ണ ശ്രദ്ധ ചെലുത്തണമെന്ന് സാമ്പത്തിക വിദഗ്ദൻ ക്രിസ്റ്റഫർ ഹാർവേ അഭിപ്രായപ്പെട്ടു. ബിറ്റ്‌കോയിനു പുറമേ മറ്റ് ക്രിപ്‌റ്റോ കറൻസികളുടെ മൂല്യത്തിലും കഴിഞ്ഞ ആഴ്‌ച്ചകളിൽ ചാഞ്ചാട്ടം ഉണ്ടായി. കൂടുതൽ ജനങ്ങളെ ഡിജിറ്റൽ കറൻസികളിലേക്ക് ആകർഷിച്ചതും പെട്ടെന്നുള്ള വിലയിടിവിന് കാരണമായി വിലയിരുത്തപ്പെടുന്നു.

എന്നാൽ വലിയ ഒരു കുതിപ്പിന് ശേഷമുള്ള തകർച്ച സ്വാഭാവികമാണെന്നാണ് ബിറ്റ്‌കോയിൻ നിക്ഷേപകരും നിരീക്ഷകരും വിലയിരുത്തുന്നത്. ഇനിയും വിലത്തകർച്ച നേരിട്ടേക്കാമെന്ന് വിപണി നിയന്ത്രകരും സെൻട്രൽ ബാങ്കും വിലയിരുത്തുന്നു. പല രാജ്യങ്ങളിലേയും ബാങ്കുകൾ ഇത് സംബന്ധിച്ച മുന്നറിയിപ്പുകൾ നൽകി കഴിഞ്ഞു. അതേസമയം ഇസ്രയേൽ ക്രിപ്‌റ്റോ കറൻസികൾ നിരോധിക്കാനും നീക്കം നടത്തുന്നുണ്ട്.