തൃശ്ശൂർ: ഇരുപതുകൊല്ലം മുമ്പ് തൃശ്ശൂർ റെയിൽവേ പ്ലാറ്റ്ഫോമിൽ അനാഥയായ മൂന്നുവയസ്സുകാരിയായിരുന്നു ഗീത. ഇന്ന് ഗുവാഹാട്ടിയിലെ പ്ളാറ്റ്ഫോമിൽ അവളെ കാണാം. കായികതാരമായ റെയിൽവേ ജീവനക്കാരിയായി.

അച്ഛനും അമ്മയും ഉപേക്ഷിച്ച ഗീതയ്ക്ക് അവർ തമിഴ്‌നാട്ടിലുണ്ടെന്നറിയാം. മരുമകളായി അടുത്ത ആഴ്ച തമിഴ്‌നാട്ടിലെത്തുന്ന ഗീതയ്ക്ക് ഒരാഗ്രഹമുണ്ട്; ജന്മം നൽകിയവരെ കാണണം. ഭർത്താവുമൊത്ത് അവരുടെ അനുഗ്രഹം വാങ്ങണം.

ഗീതയുടെ ജീവിതം കഥകളെ വെല്ലും. തൃശ്ശൂരിലെ പ്ലാറ്റ്ഫോമിൽ കരഞ്ഞ് തളർന്ന് മയങ്ങുന്ന ഗീത ചാലക്കുടി ആശാദീപം മഠത്തിലെ സിസ്റ്റർമാരുടെ കണ്ണിൽപ്പെട്ടത് 1998-ലാണ്. അവർ അവളെ കൂട്ടിക്കൊണ്ടുപോയി. അഞ്ചാംവയസ്സിൽ മുളയം എസ്.ഒ.എസ്. എന്ന കുട്ടികളുടെ ഗ്രാമത്തിലെത്തി.

എപ്പോഴോ തോന്നിയ ഇഷ്ടം അവളെ ബാസ്‌കറ്റ്ബോൾ കളിക്കാരിയാക്കി. ഏഴാംക്ലാസിൽ പഠിക്കുമ്പോൾ മിനി ബാസ്‌കറ്റ്ബോൾ കേരള ടീമിൽ. ദേശീയ ക്യാമ്പിലും ഇടം നേടി. ഒരിക്കൽ ഉപേക്ഷിക്കപ്പെട്ട പാളങ്ങൾ അവളെ സ്വീകരിച്ചു. ബാസ്‌കറ്റ്ബോൾ കളിയിലെ മികവിന് റെയിൽവേയിൽ ജോലി.

ഒരുതവണമാത്രമേ കണ്ടിട്ടുള്ളൂവെങ്കിലും അമ്മയുടെ മുഖം ഇന്നും അവളിൽ മായാതെയുണ്ട്. അച്ഛനും മുത്തച്ഛനും തമ്മിലുണ്ടായ വഴക്കിനെത്തുടർന്നാണ് കേരളത്തിലേക്ക് അച്ഛനൊപ്പം തീവണ്ടികയറിയത്. തൃശ്ശൂരിലെത്തിയ അച്ഛൻ മകളെ കാത്തിരിപ്പുകേന്ദ്രത്തിൽ ഇരുത്തിയശേഷം ജോലിക്കു പോയതായി ചെറിയ ഓർമയുണ്ട്.

തുണയില്ലാത്ത കുട്ടിയെ ഒരു ദിവസം സിസ്റ്റർമാർ കണ്ടെത്തി. അച്ഛന്റെ അനുവാദത്തോടെ അവർ ഗീതയെ ഏറ്റെടുത്തു. ഒരു കൊല്ലം കഴിഞ്ഞ് അച്ഛൻ കാണാൻ വന്നു. പിന്നെ വന്നിട്ടുമില്ല.

എസ്.ഒ.എസ്.അമ്മ മേരി ജോസഫിന്റെയും സഹപാഠികളുടെയും സഹായത്തോടെ മലയാളം പഠിച്ചു. വി.എ. ജോർജ് എന്ന പരിശീലകൻ ബാസ്‌കറ്റ്ബോൾ കോർട്ടിലെത്തിച്ചു. എട്ടാംക്ലാസിൽ സായ് തൃശ്ശൂർ കേന്ദ്രത്തിലെത്തി. 2010-ൽ യൂത്ത് ചാമ്പ്യൻഷിപ്പിൽ മികച്ച കളിക്കാരി. 2011-ൽ ദേശീയ ജൂനിയർ ചാമ്പ്യൻഷിപ്പിൽ കിരീടം നേടിയ ടീമംഗം. എൻ.ബി.എ.ചാമ്പ്യൻഷിപ്പിൽ മികച്ച പ്രതിരോധതാരമായി.

2012-ദേശീയ സ്‌കൂൾ ഗെയിംസിൽ കേരളക്യാപ്റ്റൻ. മൂന്നുതവണ ദേശീയ ടീം അംഗം. കോഴിക്കോട് പ്രൊവിഡൻസ് കോളേജിൽനിന്ന് ചരിത്രത്തിൽ ബിരുദവും നേടി.

തമിഴ്‌നാട് തിരുവണ്ണാമലൈ സ്വദേശിയും ബാസ്‌കറ്റ്ബോൾ താരവുമായ ജയകുമാറുമായി ഗീതയുടെ വിവാഹം ഈമാസം 22-ന് നടക്കും. വിജയങ്ങൾക്ക് പിന്നിൽ ആരെന്ന ചോദ്യത്തിന് മറുപടി ഇങ്ങനെ: ''ആരുമില്ലെന്ന ചിന്ത നമുക്കുണ്ടാകരുത്. പ്രയത്നിച്ചാൽ വ്യക്തിത്വമുണ്ടാകും. കഴിവുകളെ പ്രോത്സാഹിപ്പിച്ചാൽ ജീവിതം തിരിച്ചു പിടിക്കാം.''

കടപ്പാട്: മാതൃഭൂമി