തിരുവനന്തപുരം: 'സ്വാമി ശരണം ഭക്തർക്കൊപ്പം എന്ന നിലപാട്'മലയാളം ടെലിവിഷൻ ചാനൽ റേറ്റിംഗിനെ മാറ്റിമറിച്ചിരിക്കുകയാണ്. റേറ്റിങ് ചിത്രത്തിൽ കാണാനില്ലായിരുന്ന ജനം ടിവി ഭക്തർക്കൊപ്പം നിന്ന് റേറ്റിംഗിൽ രണ്ടാം സ്ഥാനത്തേക്ക് കുതിച്ച കാഴ്ചയാണ് രണ്ടാഴ്ചയായി കാണുന്നത്. 'ജനസഭ'കളുടെ കാറ്റഗറിയിൽ ഒന്നാം സ്ഥാനവും അവർ സ്വന്തമാക്കിയിരിക്കുന്നു. ഏഷ്യാനെറ്റ് മാത്രമാണ് ജനം ടിവിക്ക് മുന്നിലുള്ളത്. മനോരമ ന്യൂസിനെയും, മാതൃഭൂമി ന്യൂസിനെയും ജനം പിന്നിലാക്കി ചരിത്രം കുറിച്ചിരിക്കുകയാണ്. ഇതോടെ ചാനൽ മുതലാളിമാരെല്ലാം റേറ്റിങ് ഉയർത്താനുള്ള നെട്ടോട്ടത്തിലാണ്.

പുരോഗമന ഇടത് നിലപാട് സ്വീകരിച്ചിട്ടുള്ള ഏഷ്യാനെറ്റ് പോലും നയം മയപ്പെടുത്തി. കാൽചോട്ടിലെ മണ്ണ് ഒലിച്ചുപോകാതിരിക്കാൻ മനോരമയും മാതൃഭൂമിയും അയ്യപ്പഭക്തരെ സന്തോഷിപ്പിക്കാൻ മത്സരിക്കുകയാണ്. അതേസമയം, റേറ്റിംഗിൽ മീഡിയ വണ്ണിനും പിന്നിൽ ആറാം സ്ഥാനത്താണ് അംബാനിയുടെ ചാനലായ ന്യൂസ് 18. മലയാളത്തിൽ ഏറെ പാരമ്പര്യമുള്ള ഏഷ്യാനെറ്റ് ന്യൂസിനെയോ, പ്ത്രമുത്തശ്ശിമാരുടെ പിന്തുണയുള്ള മനോരമ ന്യൂസിനെയോ മാതൃഭൂമി ന്യൂസിനെയോ മറികടക്കാൻ തങ്ങൾക്ക് കഴിയുമെന്ന ആത്മവിശ്വാസം ഇനിയും ന്യൂസ് 18 ചാനലിന് കൈവന്നിട്ടില്ല. വലതുപക്ഷരാഷ്ട്രീയത്തോട് ചേർന്നാണ് അംബാനിയുടെ നിൽപെങ്കിലും, കേരളത്തിൽ ഇടതുപക്ഷത്തോടും, എൽഡിഎഫ് സർക്കാരിനോടും ചേർന്നുനിൽക്കുന്ന സമീപനമാണ് ന്യൂസ് 18 ഇതുവരെ സ്വീകരിച്ചുവന്നത്. ഈ നിലപാടായിരിക്കും തങ്ങളുടെ പുരോഗതിക്ക് മെച്ചമെന്ന നയമാണ് ഇടതുപക്ഷചായ്‌വുള്ള എഡിറ്റോറിയലും സ്വീകരിച്ചുവരുന്നത്. എന്നാൽ, ശബരിമല സമരം എല്ലാം മാറ്റിമറിച്ചു. റേറ്റിങ് കൂട്ടാൻ ഭക്തർക്കൊപ്പം നിൽക്കുകയാണ് ബുദ്ധിയെന്ന് മാനേജ്‌മെന്റിനും എഡിറ്റോറിയലിനും ബോധ്യമായിരിക്കുകയാണ്. സന്നിധാനം റിപ്പോർട്ടർ സനോജ് സുരേന്ദ്രനെതിരായ അച്ചടക്ക നടപടിയാണ് ഏറ്റവും പുതിയ ഉദാഹരണം.

ഇടതുപക്ഷ ആശയങ്ങൾ പിന്തുടരുന്ന സനോജ് സുരേന്ദ്രൻ ഫേസബുക്കിലിട്ട ഒരുപോസ്റ്റാണ് കഴിഞ്ഞ ദിവസം വിവാദമായത്. റിപ്പോർട്ടറുടെ പോസ്റ്റ് ഇങ്ങനെ: ' സന്നിധാനത്ത് എത്തുന്നവർക്ക് അറിയാം പന്നികൾ എത്രത്തോളം ഉണ്ടെന്ന്. ഇപ്പോ പന്നികളെ പോലും നാണിപ്പിക്കുന്ന കലാപകാരികളായ ചില പന്നികൾ കൂടി എത്തി അവിടെ വലിയ തോതിൽ മലിനമാക്കുന്നുണ്ട്. എല്ലാ വർഷവും നടപ്പന്തലും പരിസരവും രാവിലെയും വൈകിട്ടും വൃത്തിയാക്കാൻ കരാർ നൽകാറുണ്ട്. ഈ വർഷവും നൽകിയിട്ടുണ്ട്. അവർ അവരുടെ ജോലി കൃത്യമായി ചെയ്യുന്നു. അതുരണ്ടാമത് പറഞ്ഞ പന്നികൾക്ക് പിടിക്കുന്നില്ല. അത്രയും ഉള്ളു പ്രശ്‌നം.' ശബരിമലയിൽ വൃത്തിഹീനമായ സാഹചര്യമാണ് നിലനിൽക്കുന്നതെന്ന രീതിയിൽ ചില ബിജെപി നേതാക്കൾ വിമർശനമുന്നയിച്ചിരുന്നു. ഇതിന് പുറമേ സോഷ്യൽ മീഡിയയിലും ഒരുവിഭാഗം ഇക്കാര്യം ഉയർത്തിക്കാട്ടി സർക്കാരിനും, ദേവസ്വം ബോർഡിനുമെതിരെ അധിക്ഷേപങ്ങൾ ചൊരിഞ്ഞു. ഇതുമായി ബന്ധപ്പെട്ടാണ് സനോജിന്റെ പോസ്റ്റ്.

പോസ്റ്റ് വന്നതോടെ സനോജിനെതിരെ സോഷ്യൽ മീഡിയയിൽ മുറവിളികളായി. അയ്യപ്പഭക്തരെ മുറിവേൽപ്പിക്കുന്ന നിലപാട് എടുത്താൽ ഇപ്പോൾ തന്നെ റേറ്റിംഗിൽ പിന്നിൽ നിൽക്കുന്ന തങ്ങൾക്ക് അത് വൻ തിരിച്ചടിയാകുമെന്ന് മാനേജ്‌മെന്റും എഡിറ്റോറിയലും തിരിച്ചറിഞ്ഞു. ഇതോടെ വിശദീകരണവുമായി ന്യൂസ് 18 മാനേജ്‌മെന്റ് രംഗത്തെത്തി. 'ന്യൂസ് 18 കേരളം അസിസ്റ്റന്റ് ബുള്ളറ്റിൻ പ്രൊഡ്യൂസർ സനോജ് സുരേന്ദ്രൻ ശബരിമലയിലെ പ്രതിഷേധങ്ങളെ കുറിച്ച് ഫേസ്‌ബുക്കിൽ ഇട്ട കമന്റ് തികച്ചും വ്യക്തിപരമായ അഭിപ്രായം മാത്രമാണ്. സ്ഥാപനമെന്ന നിലയിൽ ന്യൂസ് 18 കേരളത്തിന് അത്തരം പരാമർശങ്ങളുമായി ഒരുബന്ധവുമില്ല. വ്യക്തമായ സോഷ്യൽ മീഡിയ നയമുള്ള സ്ഥാപനമാണ് ന്യൂസ് 18. സനോജ് സുരേന്ദ്രന്റെ നടപടി ഞങ്ങളുടെ സോഷ്യൽ മീഡിയ നയത്തിന് എതിരാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് മാനേജ്‌മെന്റ് അച്ചടക്ക നടപടി സ്വീകരിച്ചിട്ടുണ്ട്'.

വാവിട്ട വാക്കും കൈവിട്ട ആയുധവും ഒരുപോലെയാണെന്ന തിരിച്ചറിവിലാണ് ന്യൂസ് 18 അപകടം മണത്ത് അച്ചടക്ക നടപടിയിലേക്ക് നീങ്ങിയത്. അയ്യപ്പഭക്തരെ പിണക്കിയാൽ തിരിച്ചടി ഉറപ്പെന്നും മാനേജ്‌മെന്റിനും എഡിറ്റോറിയലിനും ബോധ്യമായിട്ടുണ്ട്. റേറ്റിംഗിൽ ആറാം സ്ഥാനത്ത് നിൽക്കുമ്പോൾ, ഇനി കൈവിട്ട കളി ഗുണകരമാകില്ല. ഏതായാലും ശബരിമല സമരം കേരളത്തിലെ മാധ്യമങ്ങളുടെ നിലപാടുകളെ പോലും സ്വാധീനിക്കുന്ന തരത്തിലേക്ക് വളർന്നിരിക്കുന്നു. ചാനൽ നിലപാടുകൾ, റേറ്റിംഗിലെ ഉയർച്ച താഴ്്ചകൾ നിർണയിക്കുമെന്നത് തന്നെ കാരണം. ബിജെപിയുടെ വിശേഷ സംഭവങ്ങൾ വരുമ്പോൾ മാത്രം റേറ്റിങ് ഉയർന്നിരുന്ന ചാനലാണ് 'ജനം'. എന്നാൽ, ശബരിമലയിലെ യുവതീപ്രവേശന വിരുദ്ധസമരത്തിനൊപ്പം നിലകൊണ്ടതോടെ അത് ഭക്തർക്കൊപ്പമുള്ള നിലപാടായി. ആ നിലപാടിനുള്ള അംഗീകാരമെന്ന മട്ടിൽ റേറ്റിംഗിലും കുതിപ്പുണ്ടായി. ഈ പാഠമാണ് ന്യൂസ് 18 അടക്കമുള്ള ചാനലുകളും ഇപ്പോൾ പഠിച്ചുകൊണ്ടിരിക്കുന്നത്.