തിരുവനന്തപുരം: ഏഷ്യാനെറ്റിന് പിന്നാലെ ന്യൂസ് കേരള 18ന്റെ എഡിറ്റോറിയൽ നിയന്ത്രണത്തിനും സംഘപരിവാർ മുഖമെത്തുമെന്ന് സൂചന. ഏഷ്യാനെറ്റിലേക്ക് ഹരി എസ് കർത്തയെയാണ് പരിഗണിക്കുന്നതെങ്കിൽ ന്യൂസ് കേരള 18ലേക്ക് കെ വി എസ് ഹരിദാസിനെയാണ് പ്രധാനമായും പരിഗണിക്കുന്നത്. ബിജെപി നേതൃത്വവുമായി അടുത്ത് നിൽക്കുന്ന ഹരിദാസ് ചാനൽ ചർച്ചകളിലെ സംഘപരിവാർ മുഖമാണ്. ജന്മഭൂമിയുടെ മുൻ എഡിറ്ററായ കെവി എസ് ബിജെപി, യുവമോർച്ചാ നേതൃത്വങ്ങളിലും സജീവ സാന്നിധ്യമായിരുന്നു.

നവമാദ്ധ്യമങ്ങളിൽ സജീവമായ ഹരിദാസിനെ പക്വതയോടെ കാര്യങ്ങൾ അവതരിപ്പിക്കുന്ന മാദ്ധ്യമ പ്രവർത്തകനായാണ് വിശേഷിപ്പിക്കുന്നത്. ചാനൽ ചർച്ചകളിൽ സംഘപരിവാർ നിലപാടുകൾ വിശദീകരിക്കുന്ന ഹരിദാസിന് നിലവിൽ ബിജെപിയിൽ ഔദ്യോഗിക പദവികളൊന്നുമില്ല. മാദ്ധ്യമ പ്രവർത്തകനായി തുടരാൻ ആഗ്രഹിക്കുന്നതിനാലാണ് ഇത്. ആർഎസ്എസ് സംസ്ഥാന നേതൃത്വവുമായി ഏറെ അടുത്ത നിൽക്കുന്ന മാദ്ധ്യമ പ്രവർത്തകനുമാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി അടുത്ത നിൽക്കുന്ന അംബാനിയാണ് ന്യൂസ് കേരള 18ന്റെ മാനേജ്‌മെന്റിന് പിന്നിൽ. ബിജെപി രാഷ്ട്രീയത്തിന് തന്റെ ചാനലുകളിൽ വേണ്ടത്ര പരിഗണന നൽകണമെന്നാണ് അംബാനിയുടെ നിലപാട്. എന്നാൽ കേരളത്തിലെ ചാനലിൽ കയറിക്കൂടിയവരെല്ലാം ഇടത് ആഭിമുഖ്യമുള്ളവരും.

ഈ സാഹചര്യത്തിലാണ് സംഘ പരിവാർ നയങ്ങളോട് താൽപ്പര്യമുള്ള മാദ്ധ്യമ പ്രവർത്തകനും ചാനലിന്റെ തലപ്പത്ത് വേണമെന്ന ചിന്ത സജീവമാകുന്നത്. അല്ലാത്ത പക്ഷം ബിജെപിയുമായി അകലാൻ കാരണമാകുമെന്നും അംബാനി ഗ്രൂപ്പ് വിലയിരുത്തുന്നു. ഈ സാഹചര്യത്തിലാണ് കെവി എസ് ഹരിദാസിനെ ചാനലിന്റെ തലപ്പത്തേക്ക് പരിഗണിക്കുന്നത്. ന്യൂസ് കേരള 18ലെ വാർത്തകൾ തീർത്തും ഇടത് അനുകൂലമാകാതിക്കാനുള്ള മുൻകരുതൽ മാത്രമാണ് ഇത്. പ്രത്യക്ഷത്തിൽ ബിജെപി ചായ് വുള്ള വാർത്തകളൊന്നും നൽകില്ല. എന്നാൽ ബിജെപിയെ കടന്നാക്രമിക്കുന്നതൊന്നും വരില്ലെന്ന് ഉറപ്പാക്കാനാണ് അംബാനിയുടെ നീക്കം.

ഇതുമായി ബന്ധപ്പെട്ട അന്വേഷണമാണ് കെവി എസ് ഹരിദാസിലേക്ക് കാര്യങ്ങളെത്തിക്കുന്നത്. എന്നാൽ അന്തിമ തീരുമാനം എടുത്തിട്ടില്ല. മാദ്ധ്യമ പ്രവർത്തകനായി തുടരണമെന്നാണ് ആഗ്രഹിക്കുന്നതെങ്കിലും ഒരു ചാനലിലേക്ക് മാത്രമായി മാറണമോ എന്നത് ഹരിദാസും പരിഗണിക്കുന്നുണ്ട്. നിലവിൽ എല്ലാ ചാനലിലും ചർച്ചകൾക്കായി ഹരിദാസിനെ വിളിക്കുന്നുണ്ട്. അതുകൊണ്ട് എല്ലാ വശങ്ങളും പരിഗണിച്ച് മാത്രമേ ഹരിദാസ് തീരുമാനം എടുക്കാൻ ഇടയുള്ളൂ. ബിജെപി-ആർഎസ്എസ് നേതൃത്വങ്ങളോട് സമ്മതം ഉണ്ടെങ്കിൽ മാത്രമേ ന്യൂസ് കേരള 18ലേക്ക് ഹരിദാസ് പോവുകയുമുള്ളൂ. ചാനലിൽ ഒന്നാമനെന്ന പദവി ഹരിദാസിന് ലഭിക്കുമെന്നാണ് സൂചന.

നേരത്തെ ഏഷ്യനെറ്റിൽ നിന്ന് രാജിവച്ച് ന്യൂസ് കേരള 18ലെത്തിയ കെ പി ജയ്ദീപ് നിലവിൽ സീനിയർ എഡിറ്റർ മാത്രമാണ്. കെവിഹരിദാസ് എഡിറ്റർ ഇൻ ചീഫാകുന്നതോടെ കെപി ജയ്ദീപ് ചാനലിൽ രാണ്ടാം സ്ഥാനക്കാരനായി മാറും. കെപി ജയ്ദീപിനുള്ള ഇടതുപക്ഷ മുഖം ചാനലിനെ ബാധിക്കുമെന്ന സംഘപരിവാര ആശങ്കയാണ് ജയ്ദീപിനു മുകളിൽ കെവിഎസിനെ എത്തിക്കാൻ കാരണം. എഡിറ്റോറിയൽ ഇടപെടലുകൾ കേരളത്തിൽ ഇടതുപക്ഷ അനുകൂലമാകുന്നുവെന്ന അധികൃതരുടെ ആശങ്കളും ഇതോടെ അവസാനിക്കും. കെവിഎസിന്റെ നിയമനത്തോടെ പൂർണ്ണമായി ഇടതുവിരുദ്ധ ചാനലെന്ന ലേബലിലേക്കും ന്യൂസ് 18 മാറും.

റിപ്പോർട്ടറിൽ നിന്നും ഏഷ്യനെറ്റിൽ നിന്നുമൊക്കെയിത്തിയ മാദ്ധ്യമ പ്രവർത്തകർക്ക് വൻ ശമ്പളം നൽകിയാണ് കേരളത്തിൽ റിലയൻസ് കേരളത്തിൽ തങ്ങളുട മാദ്ധ്യമ മേഖല ശക്തിപ്പെടുത്തിയത്. എഡിറ്റർ ഇൻ ചീഫാകുന്നതിനെ കുറിച്ച് കെവിഎസുമായി എൺപത് ശതമാനത്തോളം ചർച്ചകൾ പൂർത്തിയായി കഴിഞ്ഞതായാണ് സൂചന.