നിജ്ജർ വധക്കേസിൽ മൂന്നുപേർ കാനഡയിൽ പിടിയിൽ
- Share
- Tweet
- Telegram
- LinkedIniiiii
ഒട്ടാവ: ഖലിസ്ഥാനി ഭീകരൻ ഹർദീപ് സിങ് നിജ്ജറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഹിറ്റ് സ്വാഡിലെ മൂന്നുപേരെ കാനഡയിൽ അറസ്റ്റ് ചെയ്തതായി റിപ്പോർട്ട്. കഴിഞ്ഞ വർഷം ജൂൺ 18 ന് ബ്രിട്ടീഷ് കൊളംബിയയിലാണ് നിജ്ജറിനെ വകവരുത്തിയത്. പ്രതികളെ ഏതാനും മാസങ്ങൾക്ക് മുമ്പ് തന്നെ അന്വേഷണ സംഘം തിരിച്ചറിഞ്ഞുവെന്നും, അവരെ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയായിരുന്നു എന്നും കനേഡിയൻ ബ്രോഡ്കാസ്റ്റിങ് കോർപറേഷൻ അറിയിച്ചു.
കരൻപ്രീത് സിങ്, കമൽപ്രീത് സിങ്, കരൻ ബ്രാർ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. നിജ്ജറിനെ വെടിവച്ചയാൾ, ഡ്രൈവർ, നിജ്ജറിന്റെ നീക്കങ്ങൾ നിരീക്ഷിച്ചയാൾ എന്നിവരാണ് അറസ്റ്റിലായതെന്നു സിടിവി ചാനൽ റിപ്പോർട്ട് ചെയ്തു. കാനഡയിൽ നടന്ന മറ്റു 3 കൊലപാതകങ്ങൾക്കു പ്രതികളുമായി ബന്ധമുണ്ടോ എന്നും പരിശോധിക്കുന്നുണ്ട്.
കാനഡ യുഎസ് അതിർത്തിയിലെ സറെയിൽ സിഖ് ഗുരുദ്വാരയ്ക്കു പുറത്തു നിർത്തിയിട്ടിരുന്ന വാഹനത്തിലാണു ഖലിസ്ഥാൻ ടൈഗർ ഫോഴ്സിന്റെ (കെടിഎഫ്) കാനഡയിലെ തലവനായ നിജ്ജാറിന്റെ മൃതദേഹം കണ്ടെത്തിയത്. തലയ്ക്കു വെടിയേറ്റിരുന്നു. ഇന്ത്യ 10 ലക്ഷം രൂപ വിലയിടുകയും പിടികിട്ടാപ്പുള്ളികളുടെ പട്ടികയിൽ ഉൾപ്പെടുത്തുകയും ചെയ്ത ഭീകരനാണു നിജ്ജാർ. കനേഡിയൻ പൗരത്വം കിട്ടിയിരുന്ന നിജ്ജറിന്റെ കൊലപാതകത്തിന് പിന്നിൽ ഇന്ത്യൻ ഏജന്റുമാരെന്ന കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെ വെളിപ്പെടുത്തൽ രാജ്യാന്തരതലത്തിൽ വലിയ ഒച്ചപ്പാടുണ്ടാക്കിയിരുന്നു. കാനഡയുടെ ആരോപണങ്ങൾ ഇന്ത്യ നിഷേധിക്കുകയും തെളിവുകൾ തരാൻ ആവശ്യപ്പെടുകയും ചെയ്തിരുന്നു.
അന്വേഷണത്തിൽ സഹകരിക്കാൻ കാനഡ ഇന്ത്യയുടെ മേൽ സമ്മർദ്ദം ചെലുത്തുകയും ചെയ്തു. എന്തായാലും നിജ്ജറിന്റെ കൊലപാതകത്തെ തുടർന്ന് ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്രബന്ധം വല്ലാതെ വഷളായി. കാനഡയിൽ ഖലിസ്ഥാൻ ഭീകരരുടെ സാന്നിധ്യത്തെ ഇന്ത്യ പലതവണയായി അപലപിക്കുകയും നിജ്ജറിനെ തീവ്രവാദിയെന്ന് മുദ്ര കുത്തുകയും ചെയ്തിരുന്നു.
ജസ്റ്റിൻ ട്രൂഡോ വെളുപ്പിച്ച നിജ്ജർ കൊടുംഭീകരൻ
കാനഡയിൽ കഴിഞ്ഞ ജൂൺ 18 ന് കൊല്ലപ്പെട്ട ഖലിസ്ഥാനി വിഘടനവാദി നേതാവ് ഹർദീപ് സിങ് നിജ്ജർ ഇന്ത്യയെ ലാക്കാക്കി നിരവധി ആക്രമണങ്ങൾക്ക് പദ്ധതിയിട്ടിരുന്നതായി ഇന്റലിജൻസ് രേഖകളുണ്ട്.
1980 കൾ മുതൽ തന്നെ നിജ്ജർ കുറ്റകൃത്യങ്ങളിലേക്ക് തിരിഞ്ഞു. നന്നേ ചെറുപ്പത്തിലേ പഞ്ചാബിലെ പ്രാദേശിക ഗൂണ്ടകളുമായി ബന്ധമുണ്ടായിരുന്നു. 1996 ൽ കള്ള പാസ്പോർട്ടിലാണ് കാനഡയിലേക്ക് മുങ്ങിയത്. അവിടെ ഒരു ട്രക്ക് ഡ്രൈവറായി ഒതുങ്ങി കഴിഞ്ഞു. പിന്നീട് പാക്കിസ്ഥാനിലേക്ക് ആയുധ-സ്ഫോടക വസ്തു ഉപയോഗ പരിശീലനത്തിനായി പോയി. കാനഡയിൽ അഭയാർഥിയായി ഇരുന്നുകൊണ്ട് പഞ്ചാബിലെ കൊലപാതക പരമ്പരകൾക്കും, ആക്രമണങ്ങൾക്കും ചുക്കാൻ പിടിച്ചു.
ജലന്ധറിൽ, ഭർസിങ് പുര ഗ്രാമവാസിയായിരുന്ന നിജ്ജർ, നെക എന്നറിയപ്പെടുന്ന ഗൂണ്ട ഗുർനെക് സിങ് വഴിയാണ് കുറ്റകൃത്യങ്ങളുടെ ലോകത്തേക്ക് ചുവട് വച്ചത്. 80 കളിലും, 90 കളും, ഖലിസ്ഥാൻ കമാൻഡോ ഫോഴ്സുമായി സഹകരിച്ച് പ്രവർത്തിച്ചിരുന്നു. 2012 വരെ ഖലിസ്ഥാൻ ടൈഗർ ഫോഴ്സ് തലവൻ ജഗ്തർ സിങ് താരയുടെ അടുപ്പക്കാരനായിരുന്നു. നിരവധി തീവ്രവാദ കേസുകളിൽ പേരുവന്നതോടെ, 1996 ൽ കാനഡയിലേക്ക് രക്ഷപ്പെടുകയായിരുന്നു നിജ്ജർ.
പിന്നട്, പാക് കേന്ദ്രമായി പ്രവർത്തിക്കുന്ന കെടിഎഫ് മേധാവി ജഗ്തർ സിങ് താരയുമായി ഒത്തുപ്രവർത്തിച്ചു. ബൈശാഖി ജാഥ അംഗമായി 2012 ഏപ്രിലിൽ പാക്കിസ്ഥാനിലെത്തി. അവിടെ രണ്ടാഴ്ചയോളം ആയുധ-സ്ഫോടക വസ്തു പരീശീലനം നടത്തിയതായും ഇന്റലിജൻസ് രേഖയിൽ പറയുന്നു.
കാനഡയിൽ മയക്കുമരുന്ന് വ്യാപാരവും ആയുധ കടത്തും
കാനഡയിൽ, മടങ്ങി എത്തിയതിന് പിന്നാലെ, തീവ്രവാദ പ്രവർത്തനങ്ങൾക്ക്
ഫണ്ട് സ്വരൂപിക്കലായി മുഖ്യപണി. അതിന് വേണ്ടി തന്റെ കൂട്ടാളികളെ ഉപയോഗിച്ച് മയക്കുമരുന്ന് കടത്തും, ആയുധ കടത്തും നടത്തി.
ഇന്ത്യയിൽ ഭീകരാക്രമണങ്ങൾക്ക് പദ്ധതി
പാക് കേന്ദ്രമായ കെടിഎഫ് മേധാവി ജഗ്തർ സിങ് താരയുമായി ചേർന്ന് പഞ്ചാബിൽ ഭീകരാക്രമണം നടത്താൻ ആസൂത്രണം ചെയ്തു. ഈ ലക്ഷ്യം വച്ച് കാനഡയിൽ ഒരുകൊലയാളി സംഘത്തെയും പരിശീലിപ്പിച്ചെടുത്തു. മൻദീപ് സിങ് ധാലിവാൾ, സർഭിത് സിങ്, അനുപ് വീർ സിഭ്, ദർശൻ സിങ് അഥവാ ഫൗജി എന്നിവരാണ് സംഘത്തിൽ ഉണ്ടായിരുന്നത്. 2015 ഡിസംബറിൽ കാനഡയിലെ ബ്രിട്ടീഷ് കൊളംബിയയിലാണ് ഇവർക്ക് ആയുധ പരിശീലനം കിട്ടിയത്.
ഹരിയാനയിലെ സിർസയിലുള്ള ദേര സച്ച സൗദ ആസ്ഥാനത്ത് ഭീകരാക്രമണം നടത്താൻ 2014 ൽ നിജ്ജർ പദ്ധതിയിട്ടു. എന്നാൽ, ഇന്ത്യയിൽ എത്താൻ കഴിഞ്ഞില്ല. അതോടെ, മുൻ ഡിജിപി മൊഹ്ദ ഇഷർ ആലം, പഞ്ചാബ് കേന്ദ്രമായുള്ള ശിവസേന നേതാവ് നിഷാന്ത് ശർമ്മ, ബാബ മാൻ സിങ് പെഹോന വാലെ എന്നിവരെ ലക്ഷ്യമിടാൻ തന്റെ മൊഡ്യൂളിന് നിർദ്ദേശം നൽകി.
പഞ്ചാബ് കേന്ദ്രമായി പ്രവർത്തിച്ചിരുന്ന ഗൂണ്ടാത്തലവൻ മോഗയിൽ നിന്നുള്ള അർഷ ദാല എന്നറിയപ്പെടുന്ന അർഷദീപ് ഗില്ലിനൊപ്പം പഞ്ചാബിൽ ഭീകരപ്രവർത്തനങ്ങൾക്കും ഒത്താശ ചെയ്തു. പാന്തിക് വിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്ന മനോഹർലാൽ അറോറ, ജതീന്ദർബിർ സിങ് അറോറ എന്നിവരുടെ കൊലപാതകം നടത്താൻ അർഷദീപിനോട് 2020 ൽ ആവശ്യപ്പെട്ടതായും രേഖയിൽ പറയുന്നു. 2020 നവംബർ 20 ന് ഭട്ടിൻഡയിലെ വസതിയിൽ മനോഹർലാൽ വെടിയേറ്റ് കൊല്ലപ്പെട്ടെങ്കിലും, മകൻ ജതിന്ദർബിർ സിങ് രക്ഷപ്പെട്ടു. ഈ കൊലയ്ക്ക് വേണ്ട പണം കാനഡയിൽ നിന്ന് നിജ്ജർ അയയ്ക്കുകയായിരുന്നു.
2021 ൽ നിജ്ജറിന്റെ ജന്മസ്ഥലമായ ഭാർ സിങ് പുര ഗ്രാമത്തിലെ പുരോഹിതനെ വകവരുത്താനും നിജ്ജർ അർഷദീപിനോട് ആവശ്യപ്പെട്ടു. ആക്രമണം ഉണ്ടായെങ്കിലും പുരോഹിതൻ രക്ഷപ്പെട്ടു. അങ്ങനെ കാനഡയിൽ ഇരുന്നു കൊണ്ട് പഞ്ചാബിലെ ഭീകരപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുകയായിരുന്നു നിജ്ജർ.
ജൂൺ 18 ന് ബ്രിട്ടീഷ് കൊളംബിയയിൽ ഗുരുദ്വാരയ്ക്ക് പുറത്തെ പാർക്കിങ് സ്ഥലത്ത് വെടിയേറ്റ് മരിക്കുകയായിരുന്നു നിജ്ജർ. ഇന്ത്യയുടെ ഏജന്റുമാരാണ് നിജ്ജറിന്റെ കൊലയ്ക്ക് പിന്നിലെന്ന ആരോപണം ഉന്നയിക്കുന്ന കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ മനഃപൂർവം മറക്കുന്നതും നിജ്ജർ കൊടുംഭീകരൻ ആയിരുന്നുവെന്ന സത്യമാണ്.