അമേഠിയിൽ സ്ഥാനാർത്ഥിത്വം മോഹിക്കുന്ന 'മിസ്റ്റർ മരുമകൻ' വാദ്രയുടെ കഥ
- Share
- Tweet
- Telegram
- LinkedIniiiii
ന്യൂഡൽഹി: ലജ്ജാശീലയായ ഒരു സ്ത്രീ പതിയെപ്പതിയെ അധികാരപ്രമത്തതയ്യാർന്ന അത്യാഗ്രഹിയായി മാറിയതിന്റെ കഥയാണ്, കോൺഗ്രസ് മുൻ അധ്യക്ഷ സോണിയാഗാന്ധിയുടെത് എന്ന് പറയുന്നത് മറ്റാരുമല്ല, ഒരുകാലത്ത് അവരുടെ സന്തത സഹചാരിയായ, മന:സാക്ഷി സൂക്ഷിപ്പുകാരനായ, സാക്ഷാൽ നട് വർസിങ് ആണ്. ക്ലിന്റണും മോണിക്കാ ലെവിൻസ്ക്കിയും തമ്മിലുള്ള ബന്ധത്തിന്റെ വിശദാംശങ്ങൾ വരെ ചർച്ച ചെയ്യാൻ കഴിയുന്നത്ര സ്വാതന്ത്യമുണ്ടായിരുന്നു, തനിക്ക് സോണിയാ ഗാന്ധിയുമായി എന്നാണ് നട്വർ എഴുതിയിട്ടുള്ളത്.
ഇദ്ദേഹം പിന്നീട് കോൺഗ്രസുമായി തെറ്റുകയും, പുറത്താക്കപ്പെടുകയുമൊക്കെ ചെയ്തത് ചരിത്രം. പക്ഷേ 'വൺ ലൈഫ് ഈസ് നോട്ട് ഇനഫ്' എന്ന നട്വർസിങിന്റെ ആത്മകഥയുണ്ട്. 'ഒരു ഇന്ത്യക്കാരിക്ക് ചെയ്യാൻ കഴിയാത്തതു ചെയ്തയാൾ എന്നും', 'ഭയമുയർത്തുന്ന വ്യക്തിത്വമെന്നും', 'കുത്സിതത്വം നിറഞ്ഞ പെരുമാറ്റത്തിന്റെ ഉടമ' എന്നുമൊക്കെയാണ് ആ പുസ്തകം സോണിയാഗാന്ധിയെ വിശേഷിപ്പിക്കുന്നത്.
സഞ്ജയ് ബാരു 'ദ ആക്സിഡന്റൽ പ്രൈം മിനിസ്റ്റർ' എന്ന കൃതിയിൽ പറയുന്ന കാര്യങ്ങൾ നട്വർ അതേപടി ശരിവച്ചിട്ടുണ്ട്. ഇന്ത്യയുടെ പ്രധാനമന്ത്രിയെ പാവയാക്കിയിരുത്തി രാജ്യഭരണം സോണിയാഗാന്ധി നടത്തിയെന്ന് നട്വർ സിങ്ങും സ്ഥിരീകരിക്കുന്നു. "രാജ്യത്തിന് ഒരു പ്രധാനമന്ത്രിയിരിക്കേ, എല്ലാ നിർണായക ഫയലുകളിലും അന്തിമ തീർപ്പ് സോണിയയുടേതായിരുന്നു. ഫയലുകൾ അവരുടെ വസതിയിലേക്ക് ഒഴുകുമായിരുന്നു. എല്ലാ മന്ത്രാലയങ്ങളിലും അവർ രഹസ്യവിവരം തരുന്നവരെ വച്ചിരുന്നു. വിദേശത്തലവന്മാർ വരുമ്പോൾ അവരുടെ ഇന്ത്യൻ യാത്രകളിൽ തന്റെ വീട് സന്ദർശിക്കൽ നിർബന്ധപൂർവം ഉൾപ്പെടുത്തുമായിരുന്നു. അങ്ങനെ പലതും."- നട്വർ എഴുതി.
കോൺഗ്രസ് ഭരണകാലത്ത് കൃത്യമായ ഒരു അധികാരത്തിന്റെ ഇടനാഴി ഉണ്ടായിരുന്നു. ഇന്ദിരാ ഭരണകാലത്ത് സഞ്ജയ്ഗാന്ധി എന്ന പോലെ സോണിയാ ഗാന്ധിയുടെ കാലത്ത് മുളച്ച ഒരു അധികാര ഇത്തിൾക്കണ്ണിയായിരുന്നു, അവരുടെ മരുമകൻ റോബർട്ട് വാദ്ര. പ്രിയങ്കാ ഗാന്ധിയുടെ ഭർത്താവ്. ഇന്ന് രാഹുൽ ഗാന്ധി മത്സരിച്ചു തോറ്റ അമേഠിയിൽ കണ്ണുവെച്ച് സജീവ രാഷ്ട്രീയത്തിന് ഒരുങ്ങുന്നു എന്ന സന്ദേശം നൽകുകയാണ് അദ്ദേഹം. യുപിഎ സർക്കാറിൽ നടത്തിയ ക്രമക്കേടുകളുടെ പേരിൽ അടക്കം ഇഡി ചോദ്യം ചെയ്തിരുന്ന വ്യക്തിയാണ് വാദ്ര. ഇലക്ടറൽ ബോണ്ട് വിഷയത്തിലെ സംഭാവനകളുടെ വിവരങ്ങൾ പുറത്തുവന്നപ്പോൾ വാദ്രയ്ക്ക് പങ്കാളിത്തമുള്ള കമ്പനി ബിജെപിക്ക് കോടികൾ സംഭാവന നൽകിയതും വിവാദമായി.
ഇപ്പോൾ നിരവധി അഴിമതിക്കേസുകളിൽ ആരോപിതനായ 'മിസ്റ്റർ മരുമകൻ ' വീണ്ടും സജീവമായി രംഗത്തുവന്നിരിക്കയാണ്. രാഹുൽ അമേഠിയിൽ മത്സരിക്കാതെ പിന്മാറുമ്പോഴാണ് വാദ്ര കളത്തിലിറങ്ങുന്നത്. ഡൽഹിയിലെ വെറുമൊരു പിച്ചളക്കച്ചവടക്കാരനിൽനിന്ന്, ഇന്ന് ശതകോടികളുടെ ആസ്തിയുള്ള ബിസിനസ് സാമ്രാജ്യത്തിന് ഉടമയാണ് വാദ്ര. രാഷ്ട്രീയത്തിൽ ഇറങ്ങിയാൽ ബിസിനസും വളർത്താമെന്ന തിയറിയിലാണ് വാദ്രയുടെ മുന്നോട്ടുപോക്ക്.
പ്രിയങ്കയുടെ മനസ്സിൽ കുടിയേറുന്നു
1969 ഏപ്രിൽ 18ന് രാജേന്ദ്ര വാദ്രയുടെയും, മൗറീനിന്റെയും മകനായാണ് റോബർട്ട് വാദ്ര ജനിച്ചത്. ഉത്തർപ്രദേശിലെ മൊറാദാബാദ് ജില്ലയിൽ സ്ഥിരതാമസമാക്കിയ പഞ്ചാബി വംശജരാണ് പിതാവിന്റെ കുടുംബം. ഇന്നത്തെ പാക്കിസ്ഥാനിലെ സിയാൽകോട്ടിൽ നിന്നുള്ളവരാണ് അവർ. വിഭജന സമയത്ത് രാജേന്ദ്രയുടെ പിതാവ് ഇന്ത്യയിലേക്ക് മാറി. അമ്മ മൗറീൻ സ്കോട്ടിഷ് വംശജയാണ്. രാജേന്ദ്ര മൊറാദാബാദിലെ പിച്ചള, മരം കരകൗശല വ്യവസായിയായിരുന്നു. പിന്നീട് അവർ മക്കളുടെ വിദ്യാഭ്യാസ ആവശ്യാർത്ഥം ഡൽഹിയിലേക്ക് മാറി.
പ്രിയങ്കാഗാന്ധിയെ പ്രണയിച്ച് വിവാഹം കഴിച്ചതോടെയാണ് റോബർട്ട് വധേരയുടെ ജീവിതം മറി മറിയുന്നത്. 1997 ഫെബ്രുവരി 18-നായിരുന്നു വിവാഹം. പത്താം നമ്പർ ജനപഥ് എന്ന വിഐപി ഗാന്ധി കുടുംബ വീട്ടിൽ വച്ച് ഹിന്ദു ആചാരപ്രകാരമായിരുന്നു വിവാഹം. വെറും 150 അതിഥികൾ മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്. വെറും ഹൈസ്ക്കുൾ വിദ്യാഭ്യാസം മാത്രമുള്ള, ഒരു പിച്ചളയും ഓടും കച്ചവടം ചെയ്യുന്ന വ്യാപരിയെ പ്രിയങ്ക പ്രണയിച്ചത് ഇന്നും പലർക്കും അത്ഭുദമാണ്.
ഡൽഹിയിലെ ജീസസ് ആന്റ മേരി മോഡേൺ കോൺവെന്റ് സ്കൂളിൽ പ്രിയങ്കയുടെ ക്ളാസിലായിരുന്നു റോബർട്ടിന്റെ അനുജത്തി മിഷേൽ. മിഷേലും പ്രിയങ്കയും ക്രമേണെ അടുത്ത സുഹൃത്തുക്കളായി. 12ാം വയസ്സിൽ മുത്തശ്ശി ഇന്ദിരാഗാന്ധിയുടെ കൊലപാതകവും, 18ാം വയസ്സിൽ പിതാവ് രാജീവ്ഗാന്ധിയുടെ കൊലപാതകവും കണ്ട് അത്യന്തം സംഘർഷഭരിതമായ ജീവിതത്തിലൂടെയാണ് പ്രിയങ്കയുടെ ബാല്യകൗമാരങ്ങൾ. ആ പ്രായത്തിൽ അവൾക്ക് ഒരു താങ്ങും തണലും ആയിരുന്നു മിഷേൽ. പ്രിയങ്ക ആദ്യമായി റോബർട്ട് വാദ്രയെ കാണുന്നത് രാജീവ്ഗാന്ധി കൊല്ലപ്പെട്ടപ്പോൾ ആയിരുന്നു. അന്ന് സഹോദരിക്കൊപ്പം റോബർട്ട് നമ്പർ ടെൻ ജൻപഥിലെത്തി പ്രിയങ്കയെ ആശ്വസിപ്പിച്ചു. ആ അടുപ്പം വളർന്നു. മിഷേലിന്റെ കൂട്ടുകാരിയെ കാണാനെത്തുമ്പോൾ റോബർട്ട് അവൾക്കായി ചെറിയ കൗതുകവസ്തുക്കൾ കൈയിൽ രഹസ്യമായി കരുതി.
സ്കൂൾ വിദ്യാഭ്യാസത്തിന്ശേഷം, ജീസസ് ആൻഡ് മേരി കോളേജിൽ നിന്ന് മനഃശ്ശാസ്ത്രത്തിൽ ബിരുദം നേടിയ പ്രിയങ്ക, പിന്നീട് ബുദ്ധമത പഠനത്തിൽ ബിരുദാനന്തര ബിരുദവും കരസ്ഥമാക്കി. ബുദ്ധമത തത്വങ്ങൾ ആഴത്തിൽ പഠിച്ച പ്രിയങ്ക അതിൽ ആകൃഷ്ടയായി. വിപാസന എന്ന ബുദ്ധമത രീതി അവൾ പിന്തുടർന്നു. ആ സമയത്തും റോബർട്ട് കുടെയുണ്ടായിരുന്നു. ആ അടുപ്പം പ്രണയമായി. അങ്ങനെ പ്രിയങ്കയുടെ 24ാമത്തെ വയസിൽ അവർ വിവാഹിതരായി.
പക്ഷേ പിന്നീട് അങ്ങോട്ട് വാദ്രക്ക് വെച്ചടി വെച്ചടി കയറ്റമായിരുന്നു. വിവാഹ സമയത്ത് ആകെ 30 ലക്ഷം രൂപ ആസ്തിയുള്ള ആ പിച്ചള-ഓട് വ്യാപരി ശതകോടികൾ ആസ്തിയുള്ള ബിസിനസ് മാഗ്നറ്റായി മാറിയിരിക്കുന്നു. ക്രിസ്ത്യൻ ആയിരുന്ന റോബർട്ട് വാദ്ര അതിനിടെ ഹിന്ദുമതം സ്വീകരിച്ചു. പക്ഷേ അതിനിടെ വിവാദങ്ങളും ഒട്ടേറെയുണ്ടായി.
ദുരന്തം വേട്ടയാടുന്നു
പ്രിയങ്കഗാന്ധിയെപ്പോലെ തന്നെ ദുരന്തം വേട്ടയാടുന്ന കുടുംബമാണ് റോബർട്ട് വാദ്രയുടേതും. 2001 ഏപ്രിൽ 16 ന് റോബർട്ട് വാദ്രയുടെ സഹോദരി മിഷേൽ വാഹനാപകടത്തിൽ മരിച്ചതായിരുന്നു ആദ്യ ആഘാതം. രാജസ്ഥാനിലെ അൽവാർ ജില്ലയിലെ ബെഹ്റോറിന് സമീപം കാർ മറിഞ്ഞുണ്ടായ അപകടത്തിൽ മിഷേൽ വാദ്രയും മറ്റൊരു സ്ത്രീയും കൊല്ലപ്പെട്ടു. മരണത്തിൽ ദരൂഹതകൾ ഉണ്ടെന്ന് അന്നുതന്നെ ആരോപണം ഉയർന്നിരുന്നു. മിഷേൽ വഴിയാണ് വാദ്ര, പ്രിയങ്കയെ പരിചയപ്പെട്ടതും. ഈ അപകടത്തിന് രണ്ട് വർഷത്തിന് ശേഷം, സഹോദരൻ റിച്ചാർഡ് വാദ്രയെ മൊറാദാബാദിലെ ഒരു ഹോട്ടൽ മുറിയിൽ 2003 സെപ്റ്റംബർ 20 ന് മരിച്ച നിലയിൽ കണ്ടെത്തി. ഇത് ആത്മഹത്യയാണെന്നാണ് പറയുന്നത്. പക്ഷേ എന്തുകൊണ്ടാണ് ആത്മഹത്യ ചെയ്തത് എന്നതിനെക്കുറിച്ചുള്ള വിശദാംശങ്ങൾ ഇപ്പോഴും ലഭ്യമല്ല.
2009ൽ റോബർട്ട് വാദ്രയുടെ പിതാവ് രാജേന്ദ്ര വധേരയെ ന്യൂഡൽഹിയിലെ യൂസഫ് സരായ് ഏരിയയിലെ ഗസ്റ്റ് ഹൗസിൽ ഫാനിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയതും വാർത്തയായിരുന്നു. അന്നത്തെ ടൈംസ് ഓഫ് ഇന്ത്യ വാർത്ത ഇങ്ങനെ ആയിരുന്നു. "വെള്ളിയാഴ്ച രാവിലെ 9.30തോടെയായിരുന്നു, ഗസ്റ്റ്ഹൗസ് ജീവനക്കാർ ഫാനിൽ തൂങ്ങിക്കിടക്കുന്ന നിലയിൽ രാജേന്ദ്രയെ കണ്ടത്. ജീവനുണ്ടെന്ന് കരുതി ഉടൻതന്നെ അദ്ദേഹത്തെ ആശുപത്രിയിലെത്തിയെങ്കിലും മരണം നേരത്തേ സംഭവിച്ചതായി ഡോക്ടർമാർ അറിയിച്ചു. മൃതദേഹം സഫ്ദർജംഗ് ആശുപത്രിയിൽ പോസ്റ്റ് മോർട്ടം നടത്തി. അറുപത് വയസ്സ് കഴിഞ്ഞ രജീന്ദ്ര വാദ്ര, ഗുരുതരമായ കരൾ രോഗത്തെത്തുർന്ന് സൂപ്പർ സ്പെഷ്യാലിറ്റി മാക്സ് ആശുപത്രിയിൽ ചികിത്സയിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. പോസ്റ്റ് മോർട്ടത്തിന് ശേഷം മൃതദേഹം കുടുംബത്തിന് വിട്ടുകൊടുത്തു. വൈകീട്ട് ലോധി ശ്മശാനത്തിൽ സംസ്കാരം നടത്തി.".
ഉത്തർപ്രദേശിലെ മൊറാദാബാദിൽ കരകൗശല സംബന്ധമായ ബിസിനസ് ചെയ്തുവരുകയായിരുന്നു രാജേന്ദ്ര. കഴിഞ്ഞ ഏതാനും വർഷങ്ങളായി മകനുമായി ഇദ്ദേഹം നല്ല ബന്ധത്തിലായിരുന്നില്ലെന്നും മാധ്യമങ്ങൾ എഴുതി. പ്രിയങ്കയുമായുള്ള റോബർട്ടിന്റെ വിവാഹം പിതാവിന്് ഇഷ്ടമായിരുന്നില്ലെന്നും സൂചനയുണ്ട്. അതിനിടെ റോബർട്ട് ഹിന്ദുമതം സ്വീകരിച്ചതിലും അദ്ദേഹത്തിന് എതിർപ്പുണ്ടായിരുന്നു. രോഗവും സാമ്പത്തിക ബുദ്ധിമുട്ടുകളും മൂലമാണ് ആത്മഹത്യ എന്നാണ് വിലയിരുത്തൽ.ഇപ്പോൾ വാദ്ര കുടുംബത്തിൽ ആകെ ബാക്കി ഉള്ളത് അമ്മ മൗറീൻ വാദ്ര മാത്രം. അവർ റോബർട്ട് വാദ്രയുടെ കമ്പനിയുടെ സൈലന്റ് പാർട്ണറുമാണത്രേ.
2002 ജനുവരിയിൽ റോബർട്ട് വാദ്ര തന്റെ പിതാവ് രജീന്ദർ വാദ്രയുമായും സഹോദരൻ റിച്ചാർഡ് വാദ്രയുമായും ഉള്ള ബന്ധം വിച്ചേദിച്ചു കൊണ്ട് പത്രങ്ങളിൽ പരസ്യം ചെയ്തിരുന്നു. അവർ പ്രിയങ്കയുമായുള്ള ബന്ധം ദുരുപയോഗം ചെയ്തുകൊണ്ട് തിരഞ്ഞെടുപ്പ് ടിക്കറ്റും, ഫ്ളാറ്റുകളും, ജോലിയും, എന്തിന് സ്കൂൾ അഡ്മിഷനുവരെ പണം വാങ്ങുന്നു എന്ന് ആരോപിച്ച് കൊണ്ടായിരുന്നു ഇത്. ഇതേത്തുടർന്ന് എഐസിസി അധ്യക്ഷ സോണിയാ ഗാന്ധി, വാദ്ര ഫാമിലിയിൽനിന്ന് മാറിനിൽക്കണമെന്ന് പറഞ്ഞ് എല്ലാ കോൺഗ്രസ് മുഖ്യമന്ത്രിമാർക്കും പാർട്ടി സംസ്ഥാന അധ്യക്ഷന്മാർക്കും കത്തെഴുതിയതും വാർത്തയായിരുന്നു.
കണ്ണടച്ച് തുറക്കും മുമ്പ് കോടീശ്വരൻ
പ്രിയങ്കയുമായി വിവാഹം നടന്ന 1997-ൽ തന്നെ വാദ്ര തന്റെ ആർടെക്സ് എന്ന പിച്ചള കരകൗശലവസ്തുക്കളും ഫാഷൻ ആക്സസറികളും കൈകാര്യം ചെയ്യുന്ന കമ്പനി എക്പോർട്ട് ലൈസൻസ് ഒക്കെ സംഘടിപ്പിച്ച് വിപുലമാക്കി. പിന്നീട്, ഹോസ്പിറ്റാലിറ്റിയിലും റിയൽ എസ്റ്റേറ്റിലും എല്ലാം അദ്ദേഹം കടന്നു. ഇതെല്ലാം ഭരണത്തിന്റെയും നെഹ്റു കൂടുംബത്തിന്റെയും തണലിലാണെന്നാണ് ആക്ഷേപം.
2007-ൽ റോബർട്ട് വാദ്ര സ്കൈ ലൈറ്റ് റിയാലിറ്റി, നോർത്ത് ഇന്ത്യ ഐടി പാർക്സ് , സ്കൈ ലൈറ്റ് ഹോസ്പിറ്റാലിറ്റി, റിയൽ എർത്ത് എസ്റ്റേറ്റ്സ്, എയർക്രാഫ്റ്റ് ചാർട്ടർ സ്ഥാപനമായ ബ്ലൂ ബ്രീസ് ട്രേഡിങ് എന്നിവയുൾപ്പെടെ നിരവധി സ്ഥാപനങ്ങൾ സ്ഥാപിച്ചു. 2010-ഓടെ, 29 ഉയർന്ന മൂല്യമുള്ള വസ്തുക്കൾ സ്വന്തമാക്കുന്നതിൽ അദ്ദേഹത്തിന്റെ സ്ഥാപനങ്ങൾ വിജയിച്ചു. ഒരു ഈടും ഇല്ലാതെ, ഡിഎൽഎഫിൽനിന്ന് 80 കോടി രൂപ വായ്പ പലിശയില്ലാതെ വാങ്ങിയായിരുന്നു ഇത്. ഇവിടെയാണ് ഗാന്ധികുടുംബത്തിന്റെ സ്വാധീനം പ്രകടമാവുന്നത്. ഏത് ബിസിനസ്മാനാണ് ഇവിടെ ഈടില്ലാതെ വായ്പ്പ ലഭിക്കുക.ഇതിന് പുറമെ ബെഡാർവാൾസ് ഇൻഫ്രാസ്ട്രക്ചർ, വിആർഎസ് ഇൻഫ്രാസ്ട്രക്ചർ, നിഖിൽ ഇന്റർനാഷണൽ എന്നിവയിൽ നിന്നും ഉയർന്ന മൂല്യമുള്ള വസ്തുക്കൾ അദ്ദേഹത്തിന്റെ കമ്പനികൾ നേടിയെടുത്തു.
അടിസ്ഥാന വിദ്യാഭ്യാസം മാത്രമുള്ള റോബർട്ടിന് ഇത് എങ്ങനെ കഴിയുന്ന എന്ന ചോദ്യം ഉയരുമ്പോഴാണ്, നട്വർസിങ്് പറഞ്ഞ അധികാരത്തിന്റെ ഇടനാഴികളെക്കുറിച്ച് നാം ബോധവാന്മാർ ആവുക. ഇന്ന് രാഹുൽ ഗാന്ധിയുടെ അളിയന്റെ ആസ്തികളുടെ പേര് വിവരങ്ങൾ എഴുതാൻ തുടങ്ങിയാൽ ഒന്ന് രണ്ട് പേപ്പറുകൾ വേണ്ടിവരും.
ഇവയിൽ ചിലത് ഇങ്ങനെയാണ്. ന്യൂഡൽഹിയിലെ 114 സ്യൂട്ട് റൂമുകൾ ഉള്ള ഹിൽട്ടൺ ഗാർഡൻ ഹോട്ടലിന്റെ ഉടമസ്ഥതയുള്ള സാകേത് കോർട്ട്യാർഡ് ഹോസ്പിറ്റാലിറ്റിയുടെ 50 ശതമാനം ഓഹരികൾ. ഇത് വാങ്ങിയത് 31.7 കോടി രൂപയ്ക്കാണ്. 89.41 ലക്ഷം രൂപയ്ക്ക് ഡിഎൽഎഫ് അരാലിയാസ് കോംപ്ലക്സിൽ 10,000 ചതുരശ്ര അടി പെന്റ്ഹൗസ്. ഡിഎൽഎഫ് മഗ്നോളിയയിൽ ഏഴ് അപ്പാർട്ട്മെന്റുകൾ 5.2 കോടിക്ക്. ഡിഎൽഎഫ് ക്യാപിറ്റൽ ഗ്രീൻസിൽ 5.06 കോടിയുടെ അപ്പാർട്ടുമെന്റുകൾ. 1.21 കോടി രൂപയ്ക്ക് ഡൽഹിയിലെ ഗ്രേറ്റർ കൈലാഷ്-ഏരിയയിൽ ഡിഎൽഎഫിന്റെ ഉടമസ്ഥതയിലുള്ള പ്ലോട്ട്. ഇതിനൊക്കെ പുറമേ ബിക്കാനീർ, മനേസർ, പൽവാൽ, ഹസൻപൂർ, മേവാത്ത് എന്നിവിടങ്ങളിൽ നൂറുകണക്കിന് ഏക്കർ കൃഷിഭൂമിയും വാദ്രയുടെ സ്ഥാപനങ്ങൾ വാങ്ങിക്കൂട്ടി. ചുരുക്കിപ്പറഞ്ഞാൽ, ആറാം തമ്പുരാനിലെ ജഗന്നാഥനെപ്പോലെ ദൃഷ്ടിപതിയുന്നിടമെല്ലാം റോബർട്ടിന് സ്വന്തം!
റോബർട്ട് വാദ്രയുടെ വാഹന ശേഖരവും ഞെട്ടിപ്പിക്കുന്നതാണ്. സുസുക്കി ഇൻട്രൂഡർ, സുസുക്കി ബൊളിവാർഡ്, ഹാർലി-ഡേവിഡ്സൺ, ഡ്യുക്കാറ്റി തുടങ്ങിയ ആഡംബര ബൈക്കുകൾ. ബ്ലാക്ക് 500 മെഴ്സിഡസ് ബെൻസ് , ബിഎംഡബ്ല്യു 7 സീരീസ്, ജാഗ്വാർ, പോർഷെ പനാമേര, ടൊയോട്ട ലാൻഡ് ക്രൂയിസർ, റേഞ്ച് റോവർ തുടങ്ങിയ ആഡംബര കാറുകൾ.... അങ്ങനെ പോകുന്നു.
അഴിമതി ആരോപണങ്ങൾ അനവധി
ഒന്നും രണ്ടുമല്ല, കെട്ടുകണക്കിന് അഴിമതി ആരോപണങ്ങളും, റോബർട്ട് വാദ്രക്കെതിരെ ഉണ്ടായി. 2011 ഒക്ടോബറിൽ അരവിന്ദ് കെജ്രിവാൾ, റോബർട്ട് വാദ്ര രാഷ്ട്രീയ ആനുകൂല്യങ്ങൾക്ക് പകരമായി ഡിഎൽഎഫ് ലിമിറ്റഡിൽ നിന്ന് ഈടില്ലാതെ 65 കോടി രൂപ പലിശരഹിത വായ്പയും, ഭൂമി ഇടപാടുകളിൽ നിന്ന് വൻ തുക കമ്മീഷനും വാങ്ങി എന്ന് ആരോപിച്ചു. റോബർട്ട് വാദ്ര, ഹരിയാന മുൻ മുഖ്യമന്ത്രി ഭൂപീന്ദർ സിങ് ഹൂഡ, ഡിഎൽഎഫ് എന്നിവർക്കെതിരെ ഭൂമി ഇടപാടുകളിലെ ക്രമക്കേടുകളിൽ സിബിഐ അന്വേഷണം നടക്കുന്നുണ്ട്. കോൺഗ്രസിന്റെ ഭൂപീന്ദർ സിങ് ഹൂഡ സർക്കാരിന്റെ കാലത്ത് ഹരിയാനയിലെ അമിപൂർ ഗ്രാമത്തിൽ 2013ൽ നടന്ന 50 ഏക്കർ ഭൂമി കൈയേറ്റവുമായി ബന്ധപ്പെട്ടാണിത്. 2008ൽ ഏതാനും മാസങ്ങൾക്കുള്ളിൽ ഈ ഭൂമി ഇടപാടിൽ നിന്ന് 50 കോടിയിലധികം രൂപയുടെ അനധികൃത സമ്പാദ്യം വാദ്ര നടത്തിയെന്നാണ് ആരോപണം.
ഹരിയാനയിലെ ഭൂമി ഇടപാടിൽ വാദ്ര കുറ്റക്കാരനാണെന്ന് അന്വേഷണ കമ്മീഷൻ കണ്ടെത്തിയിരുന്നു. വാദ്ര അനധികൃതമായി 50 കോടി രൂപ തട്ടിയെടുത്തന്ന് ജസ്റ്റീസ് ദിൻഗ്ര കമ്മീഷൻ കണ്ടെത്തി. ഗുരുഗ്രാമിൽ റോബർട്ട് വാദ്ര നടത്തിയ 4 ഭൂമി ഇടപാടുകളെപ്പറ്റി അന്വേഷിക്കാൻ 2015 ലാണ് ഈ കമ്മീഷൻ രൂപീകരിച്ചത്. 2008 ൽ നടന്ന ഇടപാടിൽ ഒരുരൂപ പോലും ചിലവഴിക്കാതെ 50 കോടി രൂപ റോബർട്ട് വാദ്ര തട്ടിയെടുത്തുവെന്നാണ് കമ്മീഷന്റെ കണ്ടെത്തൽ. വാദ്രയുടെ ഉടമസ്ഥതയിലുള്ള സ്കൈലൈറ്റ് ഹോസ്പിറ്റാലിറ്റി എന്ന കമ്പനിക്ക് അനധികൃത ലാഭമുണ്ടാക്കാനായി ഗൂഢാലോചന നടത്തിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. ഓംകാരേശ്വർ പ്രോപ്പർട്ടീസും വാദ്രയുടെ കമ്പനിയും തമ്മിൽ നടന്ന ഇടപാടിലാണ് ക്രമക്കേട് കണ്ടെത്തിയത്. റോബർട്ട് വാദ്രയുടെ സ്കൈ ലൈറ്റ് ഹോസ്പിറ്റാലിറ്റി, ബിക്കാനീറിലെ കോളയാട്ടിൽ പാവപ്പെട്ട ഗ്രാമീണരുടെ പുനരധിവാസത്തിനായുള്ള ഭൂമി കൈക്കലാക്കിയെന്നാരോപിച്ച് 2015 സെപ്റ്റംബറിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കള്ളപ്പണം വെളുപ്പിക്കൽ പ്രകാരം കേസ് രജിസ്റ്റർ ചെയ്തു.
രാജസ്ഥാൻ സർക്കാർ ഉദ്യോഗസ്ഥരുടെ ഒത്താശയോടെ വാദ്ര 69.55 ഹെക്ടർ ഭൂമി കുറഞ്ഞ വിലയ്ക്ക് സ്വന്തമാക്കുകയും, വ്യാജ ഇടപാടുകളിലൂടെ അമിത വിലയ്ക്ക് വിൽക്കുകയും ചെയ്തു എന്നാണ് കേസ്. കോൺഗ്രസ് നേതൃത്വത്തിലുള്ള യുപിഎ സർക്കാരിന്റെ കാലത്ത് പെട്രോളിയം ഇടപാടിൽ വാദ്രക്കും കൂട്ടാളികൾക്കും കിക്ക്ബാക്ക് ലഭിച്ചതായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ആരോപിച്ചിരുന്നു. ഇഡി പറയുന്നതനുസരിച്ച്, വാദ്ര ലണ്ടനിൽ 1.9 ദശലക്ഷം പൗണ്ട് വിലമതിക്കുന്ന സ്വത്ത് വാങ്ങിയിരുന്നു. കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമത്തിലെ വകുപ്പുകൾ പ്രകാരമാണ് ഈ കേസ് അന്വേഷിക്കുന്നത്.
ഇ ഡി പിറകെയുണ്ട്
മൊത്തത്തിൽ മോദി സർക്കാർ വന്നതിനുശേഷം വാദ്രക്ക് കഷ്ടകാലമാണ്. ഇഡി വാദ്രയെ സമർഥമായി വരിഞ്ഞു മുറുകി. വാദ്രയുടെ ബിസിനസ് ബന്ധങ്ങളെല്ലാം ഇപ്പോൾ തകർക്കപ്പെട്ട അവസ്ഥയിലാമ്. 2019ൽ, റഫാൽ ഇടപാടിന്റെ ബഹളം നടക്കുമ്പോൾ തുടർച്ചയായി മൂന്നാം ദിവസവും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് റോബർട്ടിനെ ചോദ്യം ചെയ്യുകയായിരുന്നു. ലണ്ടനിലെ സ്വത്തുക്കളുടെ ഇടപാടുമായി ബന്ധപ്പെട്ടാണ് വാദ്രയെ ഇ ഡി പിടിച്ചത്. വാദ്രക്കായി ആയുധ ഇടപാടുകാരനായ സഞ്ജയ് ഭണ്ഡാരി ലണ്ടനിൽ ഫ്ളാറ്റ് ഉൾപ്പടെ വാങ്ങിയിട്ടുണ്ടെന്നാണ് ഇ ഡിയുടെ കണ്ടെത്തൽ. യു.പി.എ ഭരണകാലത്ത് പെട്രോളിയം, കൽക്കരി ഇടപാടുകളിലൂടെ ലഭിച്ച പണമാണ് വാദ്ര ലണ്ടനിൽ നിക്ഷേപിച്ചതെന്നായിരുന്നു ആരോപണങ്ങൾ. യു.പി.എ ഭരണകാലത്ത് 2005ലും 2009ലുമാണ് വാദ്രയുടെ കൈകളിലേക്ക് കോടികൾ ഒഴുകിയെത്തിയ ഇടപാടുകൾ നടന്നത്.
ആയുധ ഇടപാടുകാരനായ ഭണ്ഡാരിയുടെ ഉടമസ്ഥതയിലുള്ള വോർടെക്സ് എന്ന സ്ഥാപനം ലണ്ടനിൽ 1.9 ബില്യൺ യൂറോക്ക് ആഡംബര ഫ്ളാറ്റ് വാങ്ങിയതോടെയാണ് ഇടപാടുകൾക്ക് തുടക്കമായത്. തൊട്ടടുത്ത വർഷം തന്നെ ദുബൈ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന വ്യവസായിയും മലയാളിയുമായ സി.സി തമ്പിക്ക് ഫ്ളാറ്റ് മറിച്ചു വിറ്റു. തമ്പി ഒരു വർഷത്തിന് ശേഷം വിലയിൽ മാറ്റം വരുത്താതെ ഫ്ളാറ്റ് സിന്റാക്ക് എന്ന കമ്പനിക്ക് വിറ്റു. അറ്റകൂറ്റപണി നടത്തിയതിന് ശേഷമാണ് മറിച്ചുവിറ്റത്. ഭണ്ഡാരിയുമായി ബന്ധമുള്ള കമ്പനിയായിരുന്നു അന്ന് ആഡംബര ഫ്ളാറ്റ് വാങ്ങിയത്. ഇതോടെയാണ് ഇടപാടിനെ ഇ ഡി സംശയിച്ചത്.
ലണ്ടനിലെ അനധികൃത സ്വത്ത് സമ്പാദനം മാത്രമല്ല വാദ്രക്ക് കുരുക്കാകുക. രാജസ്ഥാനിലും ഹരിയാനയിലും നടത്തിയിട്ടുള്ള ഭൂമി ഇടപാടുകളും വാദ്രയെ പ്രതിരോധത്തിലാക്കി. ഇനി അടുത്ത ഒരാൾ ഗാന്ധി കുടുംബത്തിൽനിന്ന് വീഴുകയാണെങ്കിൽ അത് റോബർട്ട് വാദ്രയായിരിക്കുമെന്നാണ് ഉറപ്പ്. കേസ് കെട്ടിച്ചമച്ചതാണെന്നാണ് ഇവർ ഇപ്പോഴും പറയുക. വാദ്രയുടെ ബിസിനസുമായി തങ്ങൾക്ക് യാതൊരു ബന്ധവും ഇല്ലെന്ന് പറഞ്ഞ് ഒഴിയുകയാണ് പ്രിയങ്ക ഗാന്ധിയും രാഹുലും അടക്കമുള്ളവർ ചെയ്യാറുള്ളത്.
ഊഷ്മള ദാമ്പത്യം
ഇടക്കാലം കൊണ്ടുള്ള രാഷ്ട്രീയ മോഹമാണ് വാദ്ര വീണ്ടും പൊടിതട്ടിയെടുക്കാൻ ശ്രമിക്കുന്നത്. വാദ്ര ഇടക്ക് സജീവ രാഷ്ട്രീയത്തിൽ ഇറങ്ങാൻ ശ്രമിച്ചിരുന്നു. രാഹുലിനും, പ്രിയങ്കക്കും, സോണിയക്കും വേണ്ടി അയാൾ തെരഞ്ഞെുടപ്പ്് കാമ്പയിനുകളിൽ പങ്കെടുത്തിരുന്നു. അനൗദ്യോഗികമായി പറഞ്ഞാൽ പാർട്ടിയുടെ ഫണ്ട് റെയ്സർ കൂടിയായിരുന്നു അദ്ദേഹം. വിവാദങ്ങൾ ഉണ്ടെങ്കിലും റോബർട്ട് വാദ്രയും പ്രിയങ്കയും തമ്മിൽ വളരെയധികം ഊഷ്മളമായ ബദ്ധമാണ് നിലനിൽക്കുന്നത്. ഇരുവർക്കും രണ്ടു മക്കളാണുള്ളത്. മകൻ റൈഹാനും, മകൾ മിറായയും. ഒരോ വിവാഹ വാർഷികത്തിലും, വിശേഷ അവസരങ്ങളിലുമൊക്കെ അവർ ആ സ്നേഹം പരസ്യമായി സാമൂഹിക മാധ്യമങ്ങളിലൂടെ പങ്കുവെക്കും. എഐസിസി ജനറൽ സെക്രട്ടറിയായപ്പോൾ പ്രിയങ്ക ഗാന്ധിക്ക് 'ജീവിതത്തിന്റെ ഏത് ഘട്ടത്തിലും ഞാൻ നിന്നോടൊപ്പമുണ്ട്. നിന്റെ മികച്ച പ്രകടനം കാഴ്ച വെക്കൂ' എന്ന വാദ്ര നടത്തിയ ആശംസ മാധ്യമങ്ങൾ ചർച്ചയാക്കിയിരുന്നു.
അമേഠിയിൽ വാദ്ര മത്സരിക്കുമോ?
ലോക്സഭാ തിരഞ്ഞെടുപ്പിൽ അമേഠി മണ്ഡലത്തിൽ മത്സരിക്കുമെന്ന് വീണ്ടും സൂചന നൽകി റോബർട്ട് വാദ്ര ഇക്കുറി സജീവമായി രംഗത്തുണ്ട്. അമേഠിയിൽ നിന്നുൾപ്പെടെ രാജ്യത്തുടനീളമുള്ള പാർട്ടി പ്രവർത്തകർ പിന്തുണ അറിയിച്ചുകൊണ്ട് വിളിക്കുന്നുണ്ടെന്ന് വാദ്ര പറഞ്ഞു. വർഷങ്ങളായി പാർട്ടി നടത്തുന്ന പ്രവർത്തനങ്ങളെ ജനങ്ങൾ തിരിച്ചറിയുകയും അഭിനന്ദിക്കുകയും ചെയ്യുന്നുണ്ട്. തനിക്കായി വിവിധ സംസ്ഥാനങ്ങളിൽ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടു തുടങ്ങിയെന്നും അദ്ദേഹം ഐ.എ.എൻ.എസ്. വാർത്ത ഏജൻസിക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
രാഷ്ട്രീയ പ്രവേശനവും തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നത് സംബന്ധിച്ചും ഇതിനുമുമ്പും വാദ്ര സൂചനകൾ നൽകിയിരുന്നു. സ്മൃതി ഇറാനിക്കെതിരെ അമേഠിയിൽ താൻ മത്സരിക്കണമെന്ന് ജനങ്ങൾ ആഗ്രഹിക്കുന്നുവെന്ന് വാദ്ര പറഞ്ഞിരുന്നു. പതിറ്റാണ്ടുകളായി കോൺഗ്രസിന്റെ കോട്ടയായിരുന്ന അമേഠിയിൽ സ്മൃതി ഇറാനി രാഹുൽ ഗാന്ധിയെ പരാജയപ്പെടുത്തിയതോടെയാണ് മണ്ഡലം ശ്രദ്ധാകേന്ദ്രമാകുന്നത്. 2004, 2009, 2014 ലോക്സഭാ തിരഞ്ഞെടുപ്പുകളിൽ രാഹുൽ ഗാന്ധി അമേഠിയിൽ വിജയിച്ചെങ്കിലും 2019 ൽ മണ്ഡലം കൈവിട്ടുപോയി. വയനാട്ടിൽ നിന്ന് വൻ ഭൂരിപക്ഷത്തിൽ വിജയിച്ചെങ്കിലും അമേഠിയിലെ പരാജയം രാഹുൽ ഗാന്ധിക്കും കോൺ?ഗ്രസിനും വലിയ തിരിച്ചടിയായിരുന്നു.
രാഹുൽ ഗാന്ധി ഇത്തവണയും വയനാട്ടിൽ നാമനിർദേശ പത്രിക സമർപ്പിച്ചിട്ടുണ്ട്. അമേഠിയിലും റായ്ബറേലിയിലും കോൺഗ്രസ് ഇതുവരെ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചിട്ടില്ല. സിറ്റിങ് എംപിയായ സോണിയ ഗാന്ധി രാജ്യസഭയിലേക്ക് മാറിയതോടെ അമേഠിക്ക് പുറമെ റായ്ബറേലിയും ശ്രദ്ധാകേന്ദ്രമായിട്ടുണ്ട്. 2019 ലേതുപോലെ രാഹുൽ ഗാന്ധി അമേഠിയിൽ നിന്നും വയനാട്ടിൽ നിന്നും മത്സരിക്കുമെന്നും പ്രിയങ്ക ഗാന്ധി വാദ്ര റായ്ബറേലിയിൽ നിന്ന് തെരഞ്ഞെടുപ്പിൽ അരങ്ങേറ്റം കുറിക്കുമെന്നും അഭ്യൂഹങ്ങളുണ്ടായിരുന്നു. വാദ്ര മത്സര രംഗത്തേക്ക് ഇറങ്ങിയാൽ കോൺഗ്രസിനെതിരെ ബിജെപി ആക്രമണം ശക്തമാക്കുമെന്ന് ഉറപ്പാണ്. പിന്നെ രാഹുൽ ഗാന്ധിയുടെ രാഷ്ട്രീയ ഭാവിയും എന്താകുമെന്ന ചോദ്യങ്ങളും ഉയരുന്നു. രാഷ്ട്രീയം എപ്പോഴും അനിശ്ചിതത്വത്തിന്റെ കലയാണ്. കേന്ദ്രം ഭരിക്കുന്ന ബിജെപിയെ നേരിടാൻ പണവും പ്രതാപവുമുള്ള നേതാവ് വേണം എന്ന ആവശ്യവും കുറക്കേലമായി ശക്തമാണ്. രാഹുലിന് സാധിക്കാത്ത കാര്യം പ്രിയങ്കയുടെ ഭർത്താവിന് സാധിക്കുമോ? കാത്തിരുന്ന് അറിയാം..