ന്യൂഡൽഹി: ഡൽഹിയിൽ വിമാനത്താവളം ഉൾപ്പെടെ 10 ആശുപത്രികളിൽ ബോംബ് ഭീഷണി. ഇന്ന് ഉച്ചയോടെ ഡൽഹിയിലെ ബുരാരി, സഞ്ജയ് ഗാന്ധി മെമോറിയൽ ആശുപത്രികളിലാണ് ആദ്യം ഭീഷണി സന്ദേശം ലഭിച്ചത്. ഇ-മെയിൽ വഴിയാണ് ഭീഷണി സന്ദേശം ലഭിച്ചത്.

സംഭവത്തിൽ ബോംബ് സ്‌ക്വാഡും അഗ്നിശമനസേനയും ഉൾപ്പെടെയുള്ള സംഘങ്ങൾ എത്തി തിരച്ചിൽ നടത്തിയിട്ടും ഒരു ഉപകരണവും കണ്ടെത്താനായില്ലെന്ന് മംഗോൾപുരി പൊലീസ് വ്യക്തമാക്കി. പരിശോധ തുടരുകയാണെന്നും സംശയാസ്പദമായ വസ്തുക്കളോ ഉപകരണങ്ങളോ ഇതുവരെ കണ്ടെത്താനായില്ലെന്നും പൊലീസ് അറിയിച്ചു.

ഹിന്ദു റാവു ആശുപത്രി ഉൾപ്പെടെ എട്ട് മുതൽ 10 വരെ മറ്റ് ആശുപത്രികൾക്കും സമാനമായ ഭീഷണി ഇമെയിലുകൾ ലഭിച്ചതായി പൊലീസ് പിന്നീട് വെളിപ്പെടുത്തി. വൈകിട്ട് 6.15ഓടെയാണ് ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ബോംബ് ഭീഷണിയുമായി ബന്ധപ്പെട്ട കോൾ ലഭിച്ചതെന്ന് ഡൽഹി അഗ്നിശമനസേനാ മേധാവി അറിയിച്ചു. കഴിഞ്ഞയാഴ്ച ഡൽഹിയിലെയും ഗുജറാത്തിലെ അഹമ്മദാബാദിലെയും സ്‌കൂളുകൾക്ക് ബോംബ് ഭീഷണിയുണ്ടായിരുന്നെങ്കിലും വ്യാജ സന്ദേശമായിരുന്നുവെന്ന് കണ്ടെത്തിയിരുന്നു.

ദിവസങ്ങൾക്ക് മുമ്പ് രാജ്യതലസ്ഥാനത്തുടനീളം 100ലധികം സ്‌കൂളുകൾക്ക് ബോംബ് ഭീഷണി ഉണ്ടായിരുന്നു. ഇ-മെയിൽ വഴിയാണ് ഭീഷണി സന്ദേശങ്ങൾ ലഭിച്ചത്. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ സമഗ്രമായ പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായിരുന്നില്ല. ഇ-മെയിലുകളുടെ കൃത്യമായ ഉറവിടം കണ്ടെത്താൻ ഡൽഹി പൊലീസ് റഷ്യൻ മെയിലിങ് സേവന കമ്പനിയായ മെയിൽ.റുവിനെ ഇന്റർപോൾ വഴി സമീപിച്ചിരുന്നു.