നോയിഡ: സ്ത്രീധനത്തിന്റെ പേരിൽ ഭാര്യയെ പീഡിപ്പിക്കുകയും സ്വകാര്യ ചിത്രങ്ങളും വിഡിയോകളും പങ്കുവക്കുകയും ചെയ്ത യുവാവിനും കുടുംബത്തിനുമെതിരെ കേസെടുത്തു. ഉത്തർപ്രദേശിലെ നോയിഡയിലാണ് സംഭവം. യുവതിയെ നിർബന്ധിച്ച് വീടിന് പുറത്താക്കിയ ശേഷം എസ്‌യുവി ഫോർച്ച്യൂണർ കാറുമായി തിരികെ വന്നാൽ മതിയെന്ന് പറയുകയായിരുന്നു.

യുവതി പരാതി നൽകിയതിന് പിന്നാലെ സ്ത്രീധനപീഡന നിയമം ചുമത്തി യുവാവിനും കുടുംബത്തിനുമെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. കഴിഞ്ഞ വർഷം ഡിസംബറിലാണ് ഇരുവരുടെയും വിവാഹം കഴിഞ്ഞിരുന്നത്. ഇതിന് ശേഷം യുവാവും കുടുംബവും വലിയ കാർ വേണമെന്ന് പറഞ്ഞ് തന്നെ നിരന്തരം പീഡിപ്പിക്കുകയായിരുന്നുവെന്ന് യുവതി പരാതിയിൽ പറയുന്നു.

40 ലക്ഷത്തിലധികം മുടക്കി യുവതിയുടെ കുടുംബം ടാറ്റാ നെക്‌സൺ കാർ സ്ത്രീധനമായി നൽകിരുന്നു, എന്നാൽ യുവാവിനും കുടുംബത്തിനും ഫോർച്ച്യൂണർ വേണമെന്ന് ആവശ്യപ്പെടുകയായിരുന്നു. എന്നാൽ ഇനി ഒരു എസ്‌യുവി കൂടി വാങ്ങാനുള്ള ശേഷി തങ്ങൾക്കില്ലെന്ന് യുവതിയുടെ കുടുംബം അറിയിച്ചു.

പിന്നാലെയാണ് പീഡനം ആരംഭിച്ചത്. യുവതിയെ മദ്യം കുടിക്കാനും മാംസഭക്ഷണം കഴിക്കാനും നിർബന്ധിച്ചു. അതിന് വിസമ്മതിച്ചപ്പോൾ മർദിച്ചു. സ്വകാര്യ ചിത്രങ്ങൾ ഭർത്താവ് സഹോദരിക്കും തന്റെ സുഹൃത്തുക്കൾക്കും അയച്ചുകൊടുത്തെന്നും യുവതി പരാതിയിൽ പറയുന്നു.