ലഖ്‌നോ: കാശി വിശ്വനാഥ ക്ഷേത്രത്തിൽ പുരോഹിതരുടെ വേഷത്തിൽ പൊലീസുകാരെ വിന്യസിച്ചതിനെതിരെ രൂക്ഷ വിമർശനവുമായി സമാജ് വാദി പാർട്ടി. ഏത് പൊലീസ് മാനുവലിലാണ് ഉദ്യോഗസ്ഥർക്ക് ഇപ്രകാരം വസ്ത്രം ധരിക്കാണമെന്ന് പറഞ്ഞിട്ടുള്ളതെന്നും ഇത്തരം നിയമങ്ങൾ കൊണ്ടുവരുന്നവരെ സസ്‌പെൻഡ് ചെയ്യണമെന്നും പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ് രംഗത്തെത്തി. എക്‌സിൽ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.

"ഏത് 'പൊലീസ് മാനുവൽ' പ്രകാരമാണ് പൊലീസുകാർ പുരോഹിത വേഷം ധരിക്കുന്നത്? ഇത്തരം ഉത്തരവുകൾ നൽകുന്നവരെ സസ്‌പെൻഡ് ചെയ്യണം. നാളെ ഏതെങ്കിലും വ്യക്തികൾ ഇത് മുതലെടുത്ത് നിരപരാധികളായ പൊതുജനങ്ങളെ കൊള്ളയടിച്ചാൽ, യു.പി സർക്കാരും ഭരണകൂടവും എന്ത് മറുപടി പറയും? അപലപനീയം!', അഖിലേഷ് യാദവ് പറഞ്ഞു.

കാശി വിശ്വനാഥ ക്ഷേത്രത്തിലെ ക്ഷേത്ര പൂജാരിമാരെപ്പോലെ കുങ്കുമവും നെറ്റിയിൽ തിലകം ചാർത്താനും ധോത്തിയും കുർത്തയും ധരിക്കണം എന്നായിരുന്നു പുരുഷ ഉദ്യോഗസ്ഥർക്ക് നൽകിയ നിർദ്ദേശം. 15 ദിവസത്തെ ട്രയൽ പിരീഡിന് ശേഷം പുതിയ നിർദേശത്തെ വിലയിരുത്തുമെന്ന് വാരാണസി പൊലീസ് കമീഷണർ മോഹിത് അഗർവാൾ പറഞ്ഞു. 2018ലും സമാന രീതിയിൽ പരീക്ഷണം നടത്തിയിരുന്നുവെങ്കിലും കൂടുതൽ വിശകലനങ്ങൾത്ത് മുമ്പേ ഇത് നിർത്തിയിരുന്നു.