കങ്കണക്കെതിരെ കോൺഗ്രസ് സ്വഭാവഹത്യ നടത്തുന്നു; പരാതിയുമായി ബിജെപി
- Share
- Tweet
- Telegram
- LinkedIniiiii
ന്യൂഡൽഹി: നടിയും മണ്ഡിയിലെ ബിജെപി സ്ഥാനാർത്ഥിയുമായ കങ്കണ റണാവത്തിനെതിരെ സ്വഭാവഹത്യ നടത്തിയെന്നാരോപിച്ച് കോൺഗ്രസിനെതിരെ പരാതി. ഹിമാചൽ പ്രദേശ് ബിജെപി ഘടകമാണ് പരാതിയുമായി രംഗത്തെത്തിയത്. കോൺഗ്രസിന് പുറമെ ഹമീർപൂർ യൂത്ത് കോൺഗ്രസ് ക്ലബ്ബിനെതിരെയും തെരഞ്ഞെടുപ്പ് കമീഷന് പരാതി നൽകിയതായാണ് റിപ്പോർട്ട്.
തങ്ങളുടെ നേതാവിനെതിരെ അപകീർത്തി പരാമർശങ്ങൾ നടത്തിയതിന് പ്രതികൾക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നായിരുന്നു ബിജെപി തെരഞ്ഞെടുപ്പ് കമീഷനോട് ആവശ്യപ്പെട്ടത്. സമൂഹമാധ്യമങ്ങളിൽ കങ്കണയുടെ സ്വഭാവഹത്യ നടത്താൻ കോൺഗ്രസ് അവരുടെ വിവിധ ഘടകങ്ങൾ നിർദ്ദേശം നൽകിയിട്ടുണ്ട്. കങ്കണയെ നെഗറ്റീവ് കഥാപാത്രമായി ചിത്രീകരിക്കാൻ ഹമീർപൂർ യൂത്ത് കോൺഗ്രസ് ക്ലബ് സമൂഹമാധ്യമങ്ങളിൽ ചിത്രങ്ങൾ പങ്കുവെക്കുകയും ദ്വയാർത്ഥ തലക്കെട്ടുകൾ നൽകുകയും ചെയ്തുവെന്നും ബിജെപി ആരോപിച്ചു.
ഏതൊരു നടനും നടിയും അവർക്ക് ലഭിക്കുന്ന കഥാപാത്രങ്ങളെ കാണികൾക്ക് വിശ്വാസ്യമായ രീതിയിൽ അഭിനയിച്ച് ഫലിപ്പിക്കാനാണ് ശ്രമിക്കുക. എന്നാൽ ഇത്തരം കാര്യങ്ങളൊന്നും പരിഗണിക്കാതെ കങ്കണയുടെ കലാപരമായ ശ്രമങ്ങളെ അശ്ലീലമായ രീതിയിൽ പ്രചരിപ്പിക്കാനാണ് കോൺഗ്രസ് ശ്രമിക്കുന്നത്. ഇത് ഒരു സ്ത്രീയുടെ അന്തസിനെ ചോദ്യം ചെയ്യുക മാത്രമല്ല മറിച്ച് മാതൃകാ പെരുമാറ്റച്ചട്ടത്തിന്റെ നിർബന്ധിത മാർഗനിർദേശങ്ങളുടെ ലംഘനവുമാണെന്നും ബിജെപി പരാതിയിൽ കുറിച്ചു. കോൺഗ്രസിന്റെ നിരുത്തരവാദപരമായ പെരുമാറ്റം കണക്കിലെടുക്കണമെന്നും നിയമ വ്യവസ്ഥകൾ ലംഘിച്ച ചരിത്രമുള്ള 'പതിവ് കുറ്റവാളികൾ' ആണ് കോൺഗ്രസ് നേതാക്കളെന്നും പാർട്ടി ആരോപിച്ചു.