എൽടിടിഇ നിരോധനം അഞ്ചുവർഷത്തേക്ക് കൂടി നീട്ടി
- Share
- Tweet
- Telegram
- LinkedIniiiii
ന്യൂഡൽഹി: എൽടിടിഇക്കുള്ള നിരോധനം കേന്ദ്രസർക്കാർ നീട്ടി. അഞ്ചുവർഷത്തേക്ക് കൂടിയാണ് നിരോധനം ദീർഘിപ്പിച്ചത്. ഇതുസംബന്ധിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രാലയം ഉത്തരവ് പുറപ്പെടുവിച്ചു. യുഎപിഎ നിയമപ്രകാരമാണ് നിരോധനം. എൽടിടിഇ സംഘടന രാജ്യത്ത് പ്രവർത്തനം പുനരുജ്ജീവിപ്പിക്കാൻ ശ്രമിക്കുന്നു എന്ന റിപ്പോർട്ടുകളുടെ കൂടി അടിസ്ഥാനത്തിലാണ് നടപടി.
എൽടിടിഇയുടെ തുടർച്ചയായ അക്രമവും വിനാശകരമായ പ്രവർത്തനങ്ങളും ഇന്ത്യയുടെ അഖണ്ഡതയ്ക്കും പരമാധികാരത്തിനും വിരുദ്ധമാണെന്ന് ആഭ്യന്തരമന്ത്രാലയത്തിന്റെ വിജ്ഞാപനത്തിൽ പറയുന്നു. എൽടിടിഇ ശക്തമായ ഇന്ത്യാ വിരുദ്ധ നിലപാട് സ്വീകരിക്കുന്നത് തുടരുന്നു. കൂടാതെ ഇന്ത്യൻ പൗരന്മാരുടെ സുരക്ഷയ്ക്ക് ഗുരുതരമായ ഭീഷണി ഉയർത്തുകയും ചെയ്യുന്നുവെന്ന് വിജ്ഞാപനത്തിൽ വ്യക്തമാക്കുന്നു.
തമിഴ് ഈഴം എന്ന ലക്ഷ്യത്തോടെ ശ്രീലങ്കയിൽ സായുധ അക്രമങ്ങൾക്ക് നേതൃത്വം നൽകിയ എൽടിടിഇയെ 1992 മെയ് 14 നാണ് ഇന്ത്യയിൽ കേന്ദ്രസർക്കാർ ആദ്യം നിരോധിക്കുന്നത്. ഇന്ത്യൻ സുരക്ഷയ്ക്ക് കൂടി ഭീഷണിയാകുന്നു എന്നതിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി. തുടർന്ന് അഞ്ചുവർഷം കൂടുമ്പോൾ നിരോധനം നീട്ടി വരികയായിരുന്നു.