- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
400-ൽ അധികം സീറ്റ് നേടുമെന്ന് ആദ്യം പറഞ്ഞത് ജനങ്ങൾ; മോദി
ന്യൂഡൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ 400-ൽ അധികം സീറ്റ് നേടുമെന്ന ബിജെപിയുടെ അവകാശവാദത്തിൽനിന്ന് പിന്നാക്കം പോയി പ്രധാനമന്ത്രി നരേന്ദ്ര മോദി. തിരഞ്ഞെടുപ്പിൽ ജയിക്കുമെന്നോ തോൽക്കുമെന്നോ താൻ ഒരിക്കലും അവകാശവാദം ഉന്നയിച്ചിട്ടില്ല. 400-ൽ അധികം സീറ്റ് നേടുമെന്ന് ആദ്യം പറഞ്ഞത് ജനങ്ങളാണെന്നും മോദി വിശദീകരിച്ചു. ഇന്ത്യ ടുഡേയ്ക്ക് നൽകിയ അഭിമുഖത്തിലാണ് പ്രധാനമന്ത്രിയുടെ വിശദീകരണം.
'ജയിക്കുമെന്നോ തോൽക്കുമെന്നോ ഞാൻ മുമ്പും അവകാശപ്പെട്ടിട്ടില്ല. ഇത്തവണയും അത്തരമൊരു അവകാശവാദം എന്റെ ഭാ?ഗത്ത് ഉണ്ടായിട്ടില്ല. 400-ൽ അധികം സീറ്റ് എന്ന് ആദ്യം പറഞ്ഞത് ജനങ്ങളാണ്. താനും പാർട്ടിയും ജനങ്ങളിലേക്ക് ഇറങ്ങി ചെന്നപ്പോൾ അവരുടെ കാഴ്ചപ്പാടുകളിൽനിന്നാണ് ഈ ആശയം ലഭിച്ചത്. ജനങ്ങൾ 400-ൽ അധികം എന്നു പറഞ്ഞപ്പോഴാണ് അവരുടെ കാഴ്ചപ്പാട് അറിയുന്നത്. 2019-ലെ തിരഞ്ഞെടുപ്പിൽ എൻഡിഎയും മുന്നണിയെ പുറത്തുനിന്ന് പിന്തുണയ്ക്കുന്നവരും ചേർന്ന് 400 സീറ്റ് നേടിയിട്ടുണ്ട്. അതിനാൽ നേതാവെന്ന നിലയിൽ ഇത്തവണ 400-ൽ അധികം സീറ്റ് നേടണമെന്ന് സഖ്യകക്ഷികളോട് പറയേണ്ടത് എന്റെ കടമയാണ്. അതുകൊണ്ടാണ് 400-ൽ അധികം എന്ന ലക്ഷ്യം മുന്നോട്ടുവെച്ചത്', മോദി പറയുന്നു.
രാജ്യത്തിന്റെ ഭരണഘടന മാറ്റാനും വിദ്യാഭ്യാസ-തൊഴിൽ സംവരണം എടുത്തുകളയാനുമുള്ള ആഗ്രഹം ഉള്ളതിനാലാണ് ബിജെപി 400 സീറ്റ് നേടുന്നതിനെ പ്രതിപക്ഷം ഭയക്കുന്നത് എന്നും അദ്ദേഹം വിമർശിച്ചു. ജവഹർലാൽ നെഹ്‌റുവിൽ തുടങ്ങി ഒരു കുടുംബത്തിലെ നാലുപേർ ഭരണഘടനയെ കീറിമുറിച്ചെന്നും മോദി ആരോപിച്ചു.