- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഡൽഹി മദ്യനയ അഴിമതിക്കേസ്: കെ. കവിതയെ 23 വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു
ന്യൂഡൽഹി: ഡൽഹി മദ്യനയ അഴിമതിക്കേസിൽ അറസ്റ്റിലായ ബി.ആർ.എസ് നേതാവ് കെ. കവിതയെ ഏപ്രിൽ 23 വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. മൂന്ന് ദിവസത്തെ പൊലീസ് കസ്റ്റഡി പൂർത്തിയായ ശേഷമാണ് ഡൽഹി റൗസ് അവന്യൂ കോടതിയുടെ നടപടി. ഏപ്രിൽ 15-ന് സിബിഐ. കസ്റ്റഡി കാലാവധി അവസാനിച്ച സാഹചര്യത്തിലാണ് കവിതയെ വീണ്ടും ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ട് ഉത്തരവായത്. അതേസമയം, ഇത് സിബിഐ. കസ്റ്റഡിയല്ല, മറിച്ച് ബിജെപി. കസ്റ്റഡിയാണെന്ന് കവിത പ്രതികരിച്ചു.
മദ്യനയക്കേസുമായി ബന്ധപ്പെട്ട് മാർച്ച് 15-നാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കവിതയെ കസ്റ്റഡിയിലെടുത്തത്. നിലവിൽ തിഹാർ ജയിലിലായിരുന്ന കവിതയെ ജയിലിനുള്ളിൽവെച്ച് സിബിഐ. ചോദ്യം ചെയ്യുകയും അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തിരുന്നു. പിന്നാലെ ഏപ്രിൽ 15 വരെ കവിതയെ സിബിഐ. കസ്റ്റഡിയിൽവിട്ടിരുന്നു.
ഇ.ഡി രജിസ്റ്റർ ചെയ്ത കള്ളപ്പണം വെളുപ്പിക്കൽ കേസിൽ കഴിഞ്ഞ ദിവസം സിബിഐ കവിതയെ അറസ്റ്റ് ചെയ്തിരുന്നു. തിഹാർ ജയിലിൽ കഴിഞ്ഞിരുന്ന കവിതക്കെതിരെ കൂടുതൽ ആരോപണങ്ങളുമായി സിബിഐ രംഗത്തുവരികയും ചെയ്തു. ആം ആദ്മി പാർട്ടിക്ക് 25 കോടി രൂപ നൽകണമെന്നാവശ്യപ്പെട്ട് അരബിന്ദോ ഫാർമ പ്രമോട്ടർ ശരത് ചന്ദ്ര റെഡ്ഡിയെ തെലങ്കാന മുൻ മുഖ്യമന്ത്രി ചന്ദ്രശേഖർ റാവുവിന്റെ മകൾ കൂടിയായ കവിത ഭീഷണിപ്പെടുത്തിയതായാണ് സിബിഐ കോടതിയെ അറിയിച്ചത്.
ഈ പണം നൽകിയില്ലെങ്കിൽ റെഡ്ഡിയുടെ തെലങ്കാനയിലെ ബിസിനസ് തകർക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നും സിബിഐ ആരോപിച്ചു. തനിക്ക് ഡൽഹി സർക്കാരിലെ ആളുകളുമായി ബന്ധമുണ്ടെന്നും ദേശീയ തലസ്ഥാനത്ത് മദ്യബിസിനസ് തുടങ്ങാൻ സഹായിക്കാമെന്നും കവിത റെഡ്ഡിക്ക് ഉറപ്പുൽകിയെന്നും സിബിഐ ആരോപിച്ചു.
ഡൽഹിയിലെ മദ്യക്കച്ചവടത്തിന്റെ മൊത്തവിപണനത്തിനായി 25 കോടിയും ഓരോ പ്രധാന റീടെയിൽ സോണുകൾക്കുമായി അഞ്ചുകോടി വീതവും എ.എ.പിക്ക് നൽകണം എന്നാണ് കവിത ആവശ്യപ്പെട്ടത്. തന്റെ അനുയായികളായ അരുൺ ആർ. പിള്ളയും അഭിഷേക് ബോയിൻപള്ളിയും മുഖേന അരവിന്ദ് കെജ്രിവാളിന്റെ പ്രതിനിധിയായ വിജയ് നായർക്ക് പണം നൽകാനാണ് കവിത ആവശ്യപ്പെട്ടതെന്നാണ് സിബിഐ കോടതിയിൽ വാദിച്ചത്. അരുൺ ആർ. പിള്ള, അഭിഷേക് ബോയിൻപള്ളി എന്നിവരെ ഉപയോഗിച്ചാണ് കവിത കരുക്കൾ നീക്കിയതെന്നും സിബിഐ കോടതിയെ അറിയിച്ചിരുന്നു.
മദ്യനയ കേസിൽ പ്രതിചേർക്കപ്പെട്ട ശരത് റെഡ്ഡി പിന്നീട് മാപ്പുസാക്ഷിയായി മാറിയിരുന്നു. അന്വേഷണത്തിന്റെ ആദ്യ ഘട്ടത്തിലാണ് ഇ.ഡി റെഡ്ഡിയെ അറസ്റ്റ് ചെയ്തത്. ഇയാൾക്കെതിരെ സിബിഐ കുറ്റപത്രം സമർപ്പിച്ചിട്ടില്ല.