ചണ്ഡീഗഢ്: ഹരിയാനയിൽ സ്വതന്ത്ര എംഎൽഎമാർ പിന്തുണ പിൻവലിച്ചതോടെ പ്രതിസന്ധിയിലായ ബിജെപി. സർക്കാരിന് മുന്നറിയിപ്പുമായി മുൻസഖ്യകക്ഷിയായ ജെ.ജെ.പി(ജൻനായക് ജനതാ പാർട്ടി). പ്രതിപക്ഷം അവിശ്വാസ പ്രമേയം കൊണ്ടുവരുന്നപക്ഷം ബിജെപിക്കെതിരേ വോട്ട് ചെയ്യുമെന്ന് ജെ.ജെ.പി. നേതാവ് ദുഷ്യന്ത് ചൗട്ടാല പറഞ്ഞു. ബിജെപി. സർക്കാരിനെ പിന്തുണച്ചിരുന്ന ഏഴ് സ്വതന്ത്ര എംഎ‍ൽഎമാരിൽ മൂന്നുപേർ പിന്തുണ പിൻവലിച്ചതോടെയാണ് നയാബ് സിങ് സൈനി സർക്കാർ പ്രതിസന്ധിയിലായത്.

പ്രതിപക്ഷ നേതാവ് ഭൂപീന്ദർ ഹൂഡ അവിശ്വാസ പ്രമേയം കൊണ്ടുവന്നാൽ ഞങ്ങളുടെ മുഴുവൻ എംഎ‍ൽഎമാരും ബിജെപി. സർക്കാരിനെതിരേ വോട്ട് ചെയ്യും, ദുഷ്യന്ത് വാർത്താസമ്മേളനത്തിൽ പറഞ്ഞു. 90 അംഗ ഹരിയാണ നിയമസഭയിൽ 10 അംഗങ്ങളാണ് ജെ.ജെ.പിക്ക് ഉള്ളത്. 2019-ൽ ബിജെപിയുമായി ജെ.ജെ.പി. സഖ്യം ചേർന്ന് സർക്കാർ രൂപവത്കരിച്ചിരുന്നു. അങ്ങനെ നിലവിൽവന്ന
മനോഹർ ലാൽ ഘട്ടർ മന്ത്രിസഭയിലെ ഉപമുഖ്യമന്ത്രിയായിരുന്നു ദുഷ്യന്ത്. എന്നാൽ ഇക്കൊല്ലം മാർച്ചിൽ ഇരുകൂട്ടരും വഴി പിരിയുകയായിരുന്നു.

സൈനി സർക്കാരിനെ താഴെയിറക്കാൻ കോൺഗ്രസ് ആഗ്രഹിക്കുന്നുവെങ്കിൽ അതിനെ പിന്തുണയ്ക്കുമെന്നും ദുഷ്യന്ത് ചൗട്ടാല കൂട്ടിച്ചേർത്തു. മനോഹർ ലാൽ ഘട്ടറിന് പിൻഗാമിയായി എത്തിയ സൈനി, ദുർബലനായ മുഖ്യമന്ത്രിയാണെന്നും ദുഷ്യന്ത് വിമർശിച്ചു.

അതേസമയം ദുഷ്യന്തിന്റെ നിലപാടിനോട് പ്രതികരണവുമായി കോൺഗ്രസ് രംഗത്തെത്തി. ബിജെപിയുടെ ബി ടീം അല്ല ജെ.ജെ.പി. എന്ന് തെളിയിക്കാൻ മുതിർന്ന കോൺഗ്രസ് നേതാവും മുന്മുഖ്യമന്ത്രിയുമായ ഭൂപീന്ദർ ഹൂഡ ആവശ്യപ്പെട്ടു. അവർ ബി ടീം അല്ലെങ്കിൽ ഉടൻ തന്നെ ഗവർണർക്ക് കത്തയക്കണം. ഞങ്ങൾ ആവശ്യപ്പെടുന്നത് രാഷ്ട്രപതിഭരണമാണ്. തിരഞ്ഞെടുപ്പ് നടത്തുകയും വേണം, ഹൂഡ കൂട്ടിച്ചേർത്തു. ഇക്കൊല്ലം ഒക്ടോബർ വരെയാണ് ഹരിയാണയിലെ നിലവിലെ സർക്കാരിന്റെ കാലാവധി.