ന്യൂഡൽഹി: മദ്യനയ അഴിമതിക്കേസിൽ തിഹാർ ജയിലിൽ തടവിൽ കഴിയുന്ന ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്, ജയിലിൽ ഓഫീസ് സൗകര്യം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് പൊതുതാത്പര്യ ഹർജി നൽകിയ അഭിഭാഷകന് ഒരുലക്ഷം രൂപ പിഴ ചുമത്തി ഡൽഹി ഹൈക്കോടതി.

ഡൽഹി നിയമസഭാംഗങ്ങളുമായും മന്ത്രിമാരുമായും ചർച്ച നടത്താൻ വിഡിയോ കോൺഫറൻസ് സൗകര്യമുൾപ്പെടെ അനുവദിക്കണമെന്ന് അഭിഭാഷകനായ ശ്രീകാന്ത് പ്രസാദ് ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു. കെജ്രിവാൾ രാജിവെക്കാൻ സാധ്യതയുണ്ടെന്ന തരത്തിൽ വാർത്തകൾ നൽകുന്നതിൽനിന്ന് മാധ്യമങ്ങളെ വിലക്കണമെന്നും ഇയാൾ ആവശ്യപ്പെട്ടു.

ആക്ടിങ് ചീഫ് ജസ്റ്റിസ് മന്മോഹൻ, ജസ്റ്റിസ് മൻപ്രീത് അറോറ എന്നിവരുൾപ്പെട്ട ബെഞ്ചാണ് ഹരജി പരിഗണിച്ചത്. ഇ.ഡിയുടെ അറസ്റ്റിനെതിരെ കെജ്രിവാൾ സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ടെന്നും ജുഡിഷ്യൽ കസ്റ്റഡിയിലിരിക്കെ എന്തെങ്കിലും അധിക സൗകര്യം നൽകാൻ ആവശ്യമുന്നയിച്ചിട്ടില്ലെന്നും കോടതി വ്യക്തമാക്കി.

മാധ്യമങ്ങൾക്കു വിലക്കിടാനോ രാഷ്ട്രീയ പ്രതിയോഗികളുടെ വായടക്കാനോ തങ്ങൾക്ക് കഴിയില്ലെന്നും കോടതി ചൂണ്ടിക്കാണിച്ചു. ദുരുദ്ദേശ്യത്തോടെയാണ് ഹരജിക്കാരൻ കോടതിയെ സമീപിച്ചതെന്ന് അഡിഷനൽ സോളിസിറ്റർ ജനറൽ ചേതൻ ശർമ വാദിച്ചു. പിന്നാലെ ശ്രീകാന്ത് പ്രസാദിനോട് ഒരുലക്ഷം രൂപ പിഴയൊടുക്കാൻ കോടതി ആവശ്യപ്പെടുകയും ചെയ്തു.

മാർച്ച് 21നാണ് കെജ്രിവാളിനെ ഇ.ഡി അറസ്റ്റു ചെയ്തത്. ഇതിനു പിന്നാലെ നിരവധി ഹരജികളാണ് ഹൈക്കോടതിയിൽ എത്തിയത്. അറസ്റ്റിലായ എ.എ.പി നേതാക്കളെ വിഡിയോ കോൺഫറൻസിലൂടെ തെരഞ്ഞെടുപ്പ് പ്രചാരണം നടത്താൻ അനുവദിക്കണമെന്ന ഹർജി കഴിഞ്ഞയാഴ്ച തള്ളിയിരുന്നു. കെജ്രിവാളിനെ മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് നീക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ച മുൻ എ.എ.പി എംഎ‍ൽഎ സന്ദീപ് കുമാറിന്റെ ഹരജി തള്ളിയ കോടതി, 50,000 രൂപ പിഴ ചുമത്തുകയും ചെയ്തു.