- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബിജെപി. നേതാവിനായി വോട്ട് ചെയ്തത് പ്രായപൂർത്തിയാവാത്ത മകൻ; അന്വേഷണം
ഭോപാൽ: മധ്യപ്രദേശിലെ ബെരാസിയയിൽ പോളിങ് ബൂത്തിൽ ബിജെപി. നേതാവിന്റെ പ്രായപൂർത്തിയാവാത്ത മകൻ വോട്ടുചെയ്ത സംഭവത്തിൽ അന്വേഷണം തുടങ്ങി. ബിജെപിയുടെ പ്രാദേശിക നേതാവ് വിനയ് മെഹാറിന്റെ വോട്ട് മകൻ ഇലക്ട്രോണിക് വോട്ടിങ് മെഷീനിൽ രേഖപ്പെടുത്തുകയും ഇതിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെക്കുകയും ചെയ്തതാണ് വിവാദത്തിന് ആധാരം. ജില്ലാ കളക്ടർ സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ടു.
14 സെക്കൻഡുള്ള വീഡിയോ ബിജെപി. നേതാവിന്റെ ഫേസ്‌ബുക്ക് അക്കൗണ്ടിൽ തന്നെയാണ് പങ്കുവെച്ചത്. നേതാവും മകനും പോളിങ് ബൂത്തിൽ നിൽക്കുന്നതും താമരചിഹ്നത്തിൽ വോട്ടുചെയ്യുന്നതും ദൃശ്യത്തിലുണ്ട്. വി.വി. പാറ്റിൽ വോട്ട് ചെയ്ത സ്ഥാനാർത്ഥിയുടെ പേരും ചിഹ്നവും പ്രത്യക്ഷപ്പെട്ടതിന് പിന്നാലെ, 'ഓക്കെ, ഇത്രയും മതി', എന്ന് പിതാവ് മകനോട് പറയുന്നതും കേൾക്കാം.
ബൂത്തിൽ മൊബൈൽ ഫോൺ അനുവദിച്ചതും പ്രായപൂർത്തിയാകാത്ത മകനെ വോട്ട് ചെയ്യാൻ അനുവദിച്ചതിലും വലിയ ചോദ്യങ്ങളാണ് ഉയരുന്നത്. തിരഞ്ഞെടുപ്പ് കമ്മിഷനെ ബിജെപി. കുട്ടികളുടെ കളിപ്പാട്ടമാക്കിയെന്ന് കോൺഗ്രസ് കുറ്റപ്പെടുത്തി. കോൺഗ്രസ് നേതാവ് കമൽനാഥിന്റെ മാധ്യമ ഉപദേഷ്ടാവ് പിയൂഷ് ബബേലെ വീഡിയോ എക്സിൽ പങ്കുവെച്ചു. അതേസമയം, സംഭവത്തോട് തിരഞ്ഞെടുപ്പ് കമ്മിഷൻ ഇതുവരെ പ്രതികരിച്ചിട്ടില്ല. അതേ സമയം പ്രിസൈഡിങ് ഓഫീസർക്കും സംഭവത്തിന്റെ ഭാഗമായ മറ്റുള്ളവർക്കുമെതിരെ കടുത്ത നടപടിയുണ്ടാവുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.
മൂന്നാംഘട്ടവോട്ടെടുപ്പിനിടെ ഗുജറാത്തിലും സമാനസംഭവമുണ്ടായിരുന്നു. ബൂത്ത് കയ്യേറി കള്ളവോട്ട് ചെയ്തുവെന്ന ആരോപണത്തിൽ ദാഹോദ് ലോക്സഭാ മണ്ഡലത്തിലെ സ്ഥാനാർത്ഥിയും സിറ്റിങ് എംപിയുമായ ജസ്വന്ത് സിങ് ഭാഭോറിന്റെ മകനും ബിജെപി. പ്രവർത്തകനുമായ വിജയ് ഭാഭോറിനെതിരെ കഴിഞ്ഞദിവസം കേസെടുത്തിരുന്നു. ബൂത്ത് കൈയേറി വിജയ് ഭാഭോർ ഇൻസ്റ്റഗ്രാമിൽ ലൈവും ഇട്ടിരുന്നു. ഇത് പിന്നീട് ഡിലീറ്റ് ചെയ്തു.