ന്യൂഡൽഹി: ഇറാൻ പിടിച്ചെടുത്ത ഇസ്രയേൽ ബന്ധമുള്ള ചരക്കുകപ്പലിലെ അഞ്ച് ഇന്ത്യക്കാരടക്കം ഏഴു ജീവനക്കാരെകൂടി മോചിപ്പിച്ചു. ഇറാനിലെ ഇന്ത്യൻ എംബസി മോചനം സ്ഥിരീകരിച്ചു. വ്യാഴാഴ്ച വൈകീട്ടോടെ ഇവർ ഇറാനിൽനിന്നും പുറപ്പെട്ടെന്നാണ് വിവരം. എന്നാൽ അഞ്ചുപേരുടെ പേരുവിവരം ഇറാനോ ഇന്ത്യൻ എംബസിയോ പുറത്തുവിട്ടിട്ടില്ല. ഇവർ നാട്ടിലേക്ക് പുറപ്പെട്ടതായി ഇറാനിലെ ഇന്ത്യൻ എംബസി അറിയിച്ചു. നയതന്ത്ര തലത്തിൽ കപ്പലിലുള്ള മുഴുവൻ ഇന്ത്യാക്കാരെയും മോചിപ്പിക്കാനുള്ള ശ്രമം തുടരുകയാണ്.

എം.എസ്.സി. ഏരീസ് എന്ന കപ്പിലിൽ ഉണ്ടായിരുന്ന 25 ജീവനക്കാരിൽ 17 പേർ ഇന്ത്യക്കാർ ആയിരുന്നു. ഇതിൽ നാലുപേർ മലയാളികളാണ്. കപ്പലിലെ ഏക വനിതാ ജീവനക്കാരിയായ തൃശ്ശൂർ സ്വദേശി ഡെക്ക് കേഡറ്റ് ആൻ ടെസ ജോസഫിനെ നേരത്തേ വിട്ടയച്ചിരുന്നു. ഇറാൻ-ഇസ്രയേൽ സംഘർഷം മൂർച്ഛിച്ചതിനു പിന്നാലെ കഴിഞ്ഞമാസം 13നാണ് ഹോർമൂർ കടലിടുക്കിൽ വച്ച് എംഎസ്‌സി ഏരീസ് എന്ന ഇസ്രയേൽ ബന്ധമുള്ള ചരക്കുകപ്പൽ ഇറാൻ പിടിച്ചെടുത്ത്.

മറ്റുള്ളവരെ വിട്ടയക്കുന്നതിൽ ഇറാന് എതിർപ്പ് ഉണ്ടായിരുന്നില്ല. എന്നാൽ എം.എസ്.സി. ഏരീസുമായിട്ടുള്ള കരാർ സംബന്ധമായ കാര്യങ്ങൾ പരി?ഗണിച്ചാവും ഇവർക്കുള്ള മോചനം എന്ന് ഇന്ത്യൻ എംബസി അറിയിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് അഞ്ചുപേരെ ഇപ്പോൾ മോചിപ്പിച്ചത്.

ബാക്കിയുള്ളവരെ വരും ദിവസങ്ങളിൽ മോചിപ്പിക്കും എന്നാണ് അറിയുന്നത്. അതിനായുള്ള ചർച്ചകൾ നയതന്ത്രതലത്തിൽ തുടരുകയാണ്. കോഴിക്കോട് വെള്ളിപറമ്പ് സ്വദേശി ശ്യാംനാഥ്, പാലക്കാട് കേരളശ്ശേരി സ്വദേശി സുമേഷ്, മാനന്തവാടി കാട്ടിക്കുളം സ്വദേശി പി.വി. ധനേഷ് എന്നിവരാണ് കപ്പലിലെ മറ്റു മലയാളികൾ.

ഏപ്രിൽ 13-ന് പുലർച്ചെ രണ്ടുമണിയോടെയാണ് ഒമാൻ ഉൾക്കടലിന് സമീപം ഹോർമൂസ് കടലിടുക്കിൽ ഇസ്രയേൽ ബന്ധമുള്ള കപ്പൽ ഇറാൻ പിടിച്ചെടുത്തത്. ഇസ്രയേൽ ശതകോടീശ്വരനായ ഇയാൽ ഓഫറിന്റെ ഉടമസ്ഥതയിലുള്ള സൊഡിയാക് മാരിടൈം കമ്പനിയുടെതേണ് കപ്പൽ. ഇറ്റാലിയൻ-സ്വീസ് കമ്പനിയായ എം.എസ്.സി.യാണ് കപ്പലിന്റെ നടത്തിപ്പ്.